കൊയിലാണ്ടി ഗവ. ഐടിഐ 4 കോടി 40 ലക്ഷം രൂപ ചെലവഴിച്ചു പൂര്‍ത്തീകരിച്ച വികസന പ്രവര്‍ത്തനങ്ങള്‍ ഏപ്രില്‍ 28 ന് മന്ത്രി വി ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്യും.
കൊയിലാണ്ടി ഗവ. ഐ ടി ഐ യെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിനായി കിഫ്ബി ഫണ്ടില്‍ നിന്നും 4 കോടി 40 ലക്ഷം രൂപ ചെലവഴിച്ചു പൂര്‍ത്തീകരിച്ച വികസന പ്രവര്‍ത്തനങ്ങള്‍, സംസ്ഥാന സര്‍ക്കാരിന്റ 100 ദിന കര്‍മ്മ പരിപാടികളുടെ ഭാഗമായി 2023 ഏപ്രില്‍ 28 ന് പൊതു വിദ്യാഭ്യാസവും, തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്യും. എം. എല്‍. എ. കാനത്തില്‍ ജമീല അദ്ധ്യക്ഷത വഹിക്കും.
പരിപാടിയില്‍ മുഖ്യാതിഥികളായി വടകര ലോകസഭ എം.പി. കെ. മുരളീധരന്‍, കൊയിലാണ്ടി നഗരസഭ ചെയര്‍പേഴ്‌സണ്‍ സുധ കിഴക്കേപ്പാട്ട്, കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീജ ശശി, പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി. ബാബുരാജ്, ചെങ്ങോട്ട്കാവ് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഷീബ മലയില്‍, കൊയിലാണ്ടി നഗരസഭ വൈസ് ചെയര്‍മാന്‍ കെ. സത്യന്‍ തുടങ്ങിയ പ്രമുഖരും, വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും ചടങ്ങില്‍ പങ്കെടുക്കും.
1986 ല്‍ ഇലക്ട്രോണിക്‌സ് മെക്കാനിക്ക്, ഫിറ്റര്‍ എന്നീ 2 ട്രേഡുകളോട് കൂടി 3.41 ഏക്കര്‍ സ്ഥലത്ത് പ്രവര്‍ത്തനമാരംഭിച്ചതാണ് ഗവ: ഐ ടി ഐ കൊയിലാണ്ടി. ഡി ജി റ്റി യുടെ ന്യൂ ഏജ് ട്രേഡ് ആയ മള്‍ട്ടി മീഡിയ ആനിമേഷന്‍ ആന്‍ഡ് സ്‌പെഷ്യല്‍ ഇഫക്ട്‌സ് ട്രേഡ് ഉള്‍പ്പെട്ട ആകെ 10 ട്രേഡുകളാണ് നിലവിലുള്ളത്. പത്ത് ട്രേഡുകളില്‍ ഇരുപത് യൂണിറ്റുകളിലായി 460 ല്‍ പരം ട്രെയിനികളും 37 ജീവനക്കാരുമായി പ്രവര്‍ത്തനം തുടര്‍ന്നു വരികയാണ്. നിലവില്‍ 9001-2015 അംഗീകാരത്തോടുകൂടിയാണ് ഈ സ്ഥാപനം ISO പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്.


