വാർഡുതല ജാഗ്രത സമിതികൾ കാര്യക്ഷമമാക്കണം- വനിത കമ്മീഷൻ

 

കോഴിക്കോട്: അയല്‍വാസികള്‍ തമ്മിലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനും തമ്മില്‍ സൗഹൃദാന്തരീക്ഷം സൃഷ്ടിക്കാനും വാര്‍ഡുതല ജാഗ്രത സമിതികള്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കണമെന്ന് സംസ്ഥാന വനിത കമ്മീഷന്‍ അധ്യക്ഷ അഡ്വ. പി സതീദേവി പറഞ്ഞു. കോഴിക്കോട് ജില്ല പഞ്ചായത്ത് ഹാളില്‍ നടത്തിയ ജില്ലാതല അദാലത്തിനു ശേഷം സംസാരിക്കുകയായിരുന്നു അവര്‍. നഗരപ്രദേശങ്ങളില്‍ അയല്‍വാസികള്‍ തമ്മിലുള്ള പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട പരാതികള്‍ കൂടി വരുകയാണ്. ഇതില്‍ സ്ത്രീകളെ അസഭ്യം പറയുന്നതും മാലിന്യം വലിച്ചെറിയുന്നതുമായുള്ള പരാതികള്‍ കമ്മീഷന് മുമ്പാകെ വന്നിട്ടുണ്ട്. ഇത്തരം പ്രശ്‌നങ്ങളില്‍ പരിഹാരത്തിനും അയല്‍വാസികള്‍ തമ്മില്‍ സൗഹൃദാന്തരീക്ഷം സൃഷ്ടിക്കാനും വാര്‍ഡുതല ജാഗ്രത സമിതികള്‍ നിരന്തരമായ ഇടപെടലുകള്‍ നടത്തേണ്ടതാണ്. റെസിഡന്‍സ് അസോസിയേഷ്യന്‍ ഇടപെടലും ഇക്കാര്യത്തില്‍ ആവശ്യമാണെന്നും കമ്മീഷന്‍ അഭിപ്രായപ്പെട്ടു.

തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട പരാതികള്‍ കോഴിക്കോട് ജില്ലയില്‍ കൂടി വരികയാണെന്ന് കമ്മീഷന്‍ പറഞ്ഞു. എയ്ഡഡ്, അണ്‍ എയ്ഡഡ് മേഖലകളിലെ സ്‌കൂള്‍ അധ്യാപികമാരുടെ പരാതികള്‍ കമ്മീഷനു മുന്‍പാകെ വന്നിട്ടുണ്ട്. അധ്യാപികമാര്‍ക്ക് മാനേജ്‌മെന്റിന്റെ ഭാഗത്തുനിന്നുള്ള സമ്മര്‍ദ്ദവും പീഡനവുമായി ബന്ധപ്പെട്ട പരാതികളാണ് ഏറെയും. കാരണം കാണിക്കാതെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതായുള്ള പരാതികളും ലഭിച്ചിട്ടുണ്ട്. അണ്‍ എയ്ഡഡ് വിദ്യാഭ്യാസ മേഖലയില്‍ സ്ത്രീകളാണ് കൂടുതലുായും ജോലിചെയ്യുന്നത്. തുച്ഛമായ ശമ്പളത്തില്‍ യാതൊരുവിധ തൊഴില്‍ സുരക്ഷയും ഇല്ലാതെയാണ് ഇവര്‍ ജോലി ചെയ്യുന്നത്. ഇത്തരം മേഖലകളെ നിയന്ത്രിക്കുന്നതിന് സംവിധാനം നിലവില്‍ വന്നാല്‍ മാത്രമേ തൊഴിലിടങ്ങളിലെ സ്ത്രീ സുരക്ഷ ഉറപ്പാക്കാനാകൂവെന്നും ഒറ്റപ്പെട്ടു കഴിയുന്ന സ്ത്രീകള്‍ കടുത്ത അരക്ഷിത ബോധത്തിലൂടെയാണ് കടന്നു പോകുന്നതെന്ന് കമ്മീഷന്‍ നിരീക്ഷിച്ചു. വീട്ടുകാരുടെയും അയല്‍ക്കാരുടെയും പിന്തുണ പലപ്പോഴും ഇവര്‍ക്ക് ലഭിക്കുന്നില്ല. മുതിര്‍ന്ന പൗരരുടെയും അവസ്ഥ വ്യത്യസ്ഥമല്ല. ഒറ്റപ്പെട്ടു കഴിയുന്ന സ്ത്രീകള്‍ക്കും മുതിര്‍ന്ന പൗരര്‍ക്കും തണലേകാന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ കൂടുതല്‍ പകല്‍വീടുകള്‍ ഒരുക്കണമെന്നും നിലവിലുള്ളവ കൂടുതല്‍ കാര്യക്ഷമമാക്കണമെന്നും കമ്മീഷന്‍ അധ്യക്ഷ പറഞ്ഞു.

കോഴിക്കോട് ജില്ലാതല അദാലത്തില്‍ 18 പരാതികള്‍ തീര്‍പ്പാക്കി. രണ്ടെണ്ണം നിയമ സഹായത്തിനായി ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിക്ക് കൈമാറി. എഴ് പരാതികളില്‍ പോലീസ് റിപ്പോര്‍ട്ട് തേടി. 57 പരാതികള്‍ അടുത്ത അദാലത്തിലേക്ക് മാറ്റിവച്ചു. ആകെ 86 പരാതികളാണ് അദാലത്തില്‍ പരിഗണിച്ചത്.വനിത കമ്മിഷന്‍ ഡയറക്ടര്‍ ഷാജി സുഗുണന്‍, അഭിഭാഷകരായ ലിസി, ജിഷ, അബിജ കൗണ്‍സലര്‍മാരായ സുധിന സനുഷ്, സുനിഷ റിനു, സബിന രണ്‍ദീപ്, സി അവിന, കോഴിക്കോട് വനിത സെല്‍ എഎസ്ഐ മിനി എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!