കുരുവട്ടൂരിൽ 99 ലക്ഷം ചെലവിട്ട് 8 റോഡുകളുടെ വികസനപ്രവൃത്തികൾ നടത്തി: മന്ത്രി എ കെ ശശീന്ദ്രൻ
കോഴിക്കോട്: 2024-25 സാമ്പത്തിക വർഷം കുരുവട്ടൂർ ഗ്രാമപഞ്ചായത്തിൽ 99 ലക്ഷം രൂപ ചെലവിട്ട് എട്ടു റോഡുകളുടെ വികസനപ്രവൃത്തികൾ നടത്തിയതായി വനം- വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു. ഗ്രാമപഞ്ചായത്ത് പതിനൊന്നാം വാർഡിൽ നവീകരിച്ച ചെറുവറ്റ- വെളുത്തേടത്ത് താഴം റോഡിന്റെ ഉദ്ഘാടനം കോട്ടോൽ പരിസരത്ത് നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. എംഎൽഎയുടെ ആസ്തിവികസന ഫണ്ടിൽനിന്ന് 30 ലക്ഷം രൂപ ചെലവഴിച്ചാണ് റോഡിന്റെ നവീകരണ പ്രവൃത്തി പൂർത്തീകരിച്ചത്.
വികസന കാര്യങ്ങളിൽ സർക്കാർ കക്ഷിരാഷ്ട്രീയം നോക്കാറില്ലെന്ന് മന്ത്രി വ്യക്തമാക്കി. കഴിഞ്ഞ സാമ്പത്തികവർഷം കുരുവട്ടൂർ ഗ്രാമപഞ്ചായത്തിൽ 93 കോടി രൂപയാണ് ചെലവഴിച്ചത്. ഒരു വർഷം ഒരു ഗ്രാമപഞ്ചായത്തിൽ ശരാശരി ഒരു കോടി രൂപയുടെ വികസനപ്രവൃത്തികൾ സർക്കാരിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്നുണ്ട്.
നവകേരള സദസ്സിന്റെ ഭാഗമായി സംസ്ഥാനത്തെ എല്ലാ നിയോജക മണ്ഡലങ്ങളിലും ശരാശരി 7 കോടി രൂപയുടെ വികസന പ്രവൃത്തികളാണ് നടക്കുന്നത്. ഇതിൽ കക്ഷി രാഷ്ട്രീയ വ്യത്യാസമില്ല.
സർക്കാരിനെതിരെ രൂക്ഷ വിമർശനം നടത്തുന്ന പ്രതിപക്ഷ മുന്നണിയുടെ നേതാക്കളുടെ മണ്ഡലത്തിലും വികസനകാര്യങ്ങളിൽ സർക്കാർ യാതൊരു വീഴ്ചയും വരുത്താറില്ല.
പരിപാടിയിൽ കുരുവട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എ സരിത അധ്യക്ഷത വഹിച്ചു.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ടി ശശിധരൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ സിന്ധു പ്രദോഷ്, യു പി സോമനാഥൻ, എം കെ ലിനി, കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് അംഗം എം ജയപ്രകാശൻ, വാർഡ് അംഗം എ കെ സുർജിത്ത്, വാർഡ് വികസന സമിതി കൺവീനർ ഇ സജി, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ സംസാരിച്ചു.