വന്യമൃഗ ശല്യം: കർഷകർ കാർഷികവൃത്തിയിൽ നിന്ന് പിന്നോക്കം പോകുന്നതായി ജില്ലാ കാർഷിക വികസന സമിതി യോഗം
കോഴിക്കോട്: വന്യമൃഗ ശല്യം മൂലം കർഷകർ കാർഷികവൃത്തിയിൽ നിന്ന് പിന്നോക്കം പോകുന്നതായും ഇത് കാർഷിക മേഖലയെ തളർത്തുന്നതായും ജില്ലാ കാർഷിക വികസന സമിതി യോഗം വിലയിരുത്തി.
വന്യമൃഗശല്യം മലയോര മേഖലയിൽ നിന്നും നഗരാതിർത്തികളിലേക്ക് വ്യാപിച്ചിട്ടുണ്ട്. ഇതിന് പരിഹാരമായി നിലവിൽ ലൈസൻസുള്ള ഷൂട്ടർമാരുടെ പ്രവർത്തനം കാര്യക്ഷമമാക്കാൻ ഗ്രാമപഞ്ചായത്തുകൾ നടപടി സ്വീകരിക്കണം. നിയമപ്രകാരം വെടിവെച്ചു കൊന്ന വന്യമൃഗങ്ങളെ മറവ് ചെയ്യാൻ അനുവദിക്കുന്ന 1000 രൂപ അപര്യാപ്തമാണെന്നും യോഗം അഭിപ്രായപ്പെട്ടു.
ജില്ലാ പഞ്ചായത്ത് ഹാളിൽ നടന്ന യോഗത്തിൽ കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി അധ്യക്ഷത വഹിച്ചു.
ഈ വർഷം സംസ്ഥാനതല കർഷക അവാർഡുകൾ നേടിയ കെ നിഷ (മികച്ച കൃഷി അസിസ്റ്റന്റ് ഡയറക്ടർ), ജയ്സൽ (മികച്ച കൃഷി അസിസ്റ്റന്റ്), ജസൽ (മികച്ച കൂൺ കർഷകൻ) എന്നിവരെ യോഗത്തിൽ ആദരിച്ചു.
ജില്ലയിൽ കാർഷിക വികസന, കർഷക ക്ഷേമവകുപ്പ് നടപ്പിലാക്കുന്ന വിവിധ പദ്ധതികളുടെ പുരോഗതി റിപ്പോർട്ട് യോഗത്തിൽ അവതരിപ്പിച്ചു. ജില്ലാ മൃഗസംരക്ഷണ ഓഫീസ്, ഫിഷറീസ് ഓഫീസ്, ക്ഷീരവികസന ഓഫീസ്, മൈനർ ഇറിഗേഷൻ ഓഫീസ് എന്നിടങ്ങളിൽ നിന്നുള്ള ഉദ്യോഗസ്ഥർ വകുപ്പുകൾ നടപ്പാക്കുന്ന പദ്ധതികൾ വിശദീകരിച്ചു.
ജില്ലയിലെ കർഷകർ നേരിടുന്ന പ്രശ്നങ്ങൾ പഠിക്കുന്നതിനും പരിഹാരം നിർദേശിച്ചു പദ്ധതികൾ രൂപീകരിച്ചു സർക്കാരിലേക്ക് നൽകുന്നതിനുമായി അടുത്ത മാസം കർഷകരും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുക്കുന്ന മുഖാമുഖം സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി ഗവാസ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ വി പി ജമീല, നാളികേര വികസന കോർപ്പറേഷൻ ചെയർമാൻ ടി കെ രാജൻ, പ്രിൻസിപ്പൽ കൃഷി ഓഫീസർ രജനി മുരളീധരൻ, ആത്മ പ്രൊജക്റ്റ് ഡയറക്ടർ സപ്ന എസ്, ടെക്നിക്കൽ അസിസ്റ്റന്റ് പി കെ സ്വപ്ന തുടങ്ങിയവർ സംസാരിച്ചു.