പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ കേരള സന്ദർശനത്തിനായി ഇന്റലിജൻസ് മേധാവി തയ്യാറാക്കിയ സുരക്ഷാ സ്കീം ചോർന്നതിൽ പോലീസ് കേസെടുത്തത് എസ്.പി.ജി, ഐ.ബി അടക്കം കേന്ദ്രഏജൻസികൾ നിലപാട് കടുപ്പിച്ചതോടെ.

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ കേരള സന്ദർശനത്തിനായി ഇന്റലിജൻസ് മേധാവി തയ്യാറാക്കിയ സുരക്ഷാ സ്കീം ചോർന്നതിൽ പോലീസ് കേസെടുത്തത് എസ്.പി.ജി, ഐ.ബി അടക്കം കേന്ദ്രഏജൻസികൾ നിലപാട് കടുപ്പിച്ചതോടെ. പ്രധാനമന്ത്രി മടങ്ങിയ ശേഷം എസ്.പി.ജിയും ഐ.ബിയും ഡിജിപിയുമായി ചർച്ച നടത്തിയിരുന്നു. ഇതിൽ കർശന നി‌ർദേശം നൽകിയതിനു പിന്നാലെയാണ് സുരക്ഷാ സ്കീം ചോർന്നതിന് കന്റോൺമെന്റ് പോലീസ് കേസെടുത്തത്.

പ്രധാനമന്ത്രിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് കൈക്കൊള്ളേണ്ട സുരക്ഷാ ക്രമീകരണങ്ങളെ സംബന്ധിച്ച് ഇന്റലിജൻസ് വിഭാഗം എ.ഡി.ജി.പി ടി.കെ വിനോദ് കുമാർ കൈമാറിയ അതീവ രഹസ്യസ്വഭാവമുള്ള റിപ്പോർട്ടാണ് ചോർന്നത്.

പ്രധാനമന്ത്രിക്ക് കടുത്ത സുരക്ഷാ വെല്ലുവിളികൾ നിലനിൽക്കുന്ന സാഹചര്യത്തിൽ ഇന്റലിജൻസ് മേധാവി സമർപ്പിച്ച സുരക്ഷാപ്ളാൻ ചോർന്നത് കേന്ദ്ര സർക്കാരും കേന്ദ്രസുരക്ഷാ ഏജൻസികളും അതീവ ഗൗരവത്തോടെയാണ് എടുത്തിട്ടുള്ളത്. സ്പെഷ്യൽ ആക്ട് പ്രകാരം വി.വി.ഐ.പികളുടെ സുരക്ഷയുമായി ബന്ധപ്പെട്ട രഹസ്യങ്ങൾ ചോർത്തുന്നത് മൂന്നുവർഷം തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണ്.

റിപ്പോർട്ട് ച‌ോർന്നതോടെ പ്രധാനമന്ത്രിയുടെ സുരക്ഷാ ചുമതല പൂർണമായും എസ്.പി.ജിയുടെയും കേന്ദ്ര ഇന്റലിജൻസ് ബ്യൂറോയുടെയും നിയന്ത്രണത്തിലാക്കിയിരുന്നു. എസ്.പി.ജി ഐജിയും ഉന്നത ഉദ്യോഗസ്ഥരും നേരിട്ട് കേരളത്തിലെത്തിയാണ് പ്രധാനമന്ത്രി പങ്കെടുത്ത വേദികളിൽ സുരക്ഷാ നടപടികൾക്ക് നേതൃത്വം നൽകിയത്.

പൊലീസ് നിര, ജനക്കൂട്ട നിയന്ത്രണം, വാഹന നിയന്ത്രണം തുടങ്ങി കായികാദ്ധ്വാനം വേണ്ടിവരുന്ന ജോലികൾ മാത്രമായിരുന്നു സംസ്ഥാന പൊലീസിനെ ഏൽപിച്ചത്. സുരക്ഷാ പ്ലാൻ ചോർന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ പ്രാഥമിക റിപ്പോർട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കൈമാറിയിട്ടുണ്ട്. ഐ.ബിയുടെ കേരളത്തിന്റെ ചുമതലയുള്ള ഡെപ്യൂട്ടി ഡയറക്ടറോട് വിശദ റിപ്പോർട്ട് ആവശ്യപ്പെട്ടിരിക്കുകയാണ്.

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കേരളത്തിൽ ഗുരുതര സുരക്ഷാ ഭീഷണിയുണ്ടെന്ന് ചോർന്ന സുരക്ഷാ പദ്ധതിയിൽ ഇന്റലിജൻസ് വ്യക്തമാക്കിയിരുന്നത്. പോപ്പുലർ ഫ്രണ്ട്, പി.ഡി.പി, വെൽഫയർ പാർട്ടി, മാവോയിസ്റ്റുകൾ തുടങ്ങിയ സംഘടനകളിൽ നിന്നാണ് പ്രധാനമായും ഭീഷണി. വടക്കു – പടിഞ്ഞാറൻ മേഖലയിലെ അതിർത്തി സംഘർഷവും പ്രധാനമന്ത്രിയുടെ സുരക്ഷയുമായി ബന്ധപ്പെട്ട ഗുരുതര വിഷയങ്ങളാണ്.

കേരളത്തിന്റെ തീരദേശ മേഖലയിലൂടെ രാജ്യാന്തര ബന്ധമുള്ള തീവ്രവാദ സംഘടനകൾ നുഴ‍ഞ്ഞു കയറാൻ സാധ്യതയുണ്ട്. കേരളത്തിലെ യുവതികൾ ഉൾപ്പെടെയുള്ളവർ ഐസിഎസ്, ജബത് നുസ്റ തുടങ്ങിയ സംഘടനകളിൽ ചേർന്നിട്ടുണ്ട്. കണ്ണൂരിലെ കനകമലയിൽനിന്ന് ചില യുവാക്കളെ എൻ.ഐ.എ അറസ്റ്റ് ചെയ്തതും ഗൗരവമായി കാണണമെന്ന് ഇന്റലിജൻസ് മേധാവി വിശദീകരിക്കുന്നു.

മാവോയിസ്റ്റ് മേഖലയിൽനിന്നും വടക്ക് കിഴക്കൻ മേഖലയിൽനിന്നും തൊഴിലാളികളായി കേരളത്തിലേക്ക് എത്തിയവരിൽ ചെറിയൊരു ശതമാനവും സുരക്ഷാ ഭീഷണി ഉയർത്തുന്നു. മാവോയിസ്റ്റ് അനുഭാവമുള്ളവർ അന്യസംസ്ഥാന തൊഴിലാളികളുടെ കൂട്ടത്തിൽ കടന്നുകയറി കേരളത്തിൽ പ്രവർത്തിക്കുന്നതായി സൂചനയുണ്ട്. പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ എന്നീ ജില്ലകളിൽ മാവോയിസ്റ്റ് സാന്നിധ്യമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!