ചേവായൂര്‍ ബാങ്ക് തെരഞ്ഞെടുപ്പ് സംഘര്‍ഷം; കോഴിക്കോട് ജില്ലയില്‍ നാളെ ഹര്‍ത്താല്‍ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്

കോഴിക്കോട്: കോഴിക്കോട് ചേവായൂര്‍ സര്‍വീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിനിടെയുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് കോഴിക്കോട് ജില്ലിയില്‍ നാളെ ഹര്‍ത്താല്‍ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്.
രാവിലെ 6 മുതല്‍ വൈകീട്ട് 6 വരെയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ഡിസിസി പ്രസിഡന്റ് അഡ്വ.കെ പ്രവീണ്‍കുമാര്‍, എംകെ രാഘവന്‍ എംപി എന്നിവരാണ് വാര്‍ത്താസമ്മേളനത്തില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്.
ചേവായൂർ ബാങ്ക് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കേട്ടുകേൾവിയില്ലാത്ത അക്രമങ്ങളാണ് അരങ്ങേറിയതെന്ന് എം കെ രാഘവൻ എം പി പറഞ്ഞു. പത്ത് ജീപ്പുകളാണ് പ്രവർത്തകർ തകർത്തത്. കോൺഗ്രസ് പ്രവർത്തകർ ക്രൂര മർദ്ദനത്തിന് ഇരയായി. അർഹരായ വോട്ടർമാരെ തടഞ്ഞുവെച്ച് അക്രമത്തിലൂടെ ബാങ്ക് ഭരണം പിടിച്ചെടുക്കാനാണ് ശ്രമിച്ചതെന്നും രാഘവൻ എം പി കൂട്ടിച്ചേർത്തു.
ഇന്നു നടന്ന ചേവായൂര്‍ സര്‍വീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിനിടെയായിരുന്നു സംഘര്‍ഷം. കോണ്‍ഗ്രസിന്റെ ഔദ്യോഗിക പാനലും സിപിഎം പിന്തുണയ്ക്കുന്ന കോണ്‍ഗ്രസ് വിമതരും ചേര്‍ന്ന ബാങ്ക് സംരക്ഷണസമിതിയും തമ്മിലാണു മത്സരം. പറയഞ്ചേരി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണു വോട്ടെടുപ്പ് നടന്നത്. വോട്ടര്‍മാരെ എത്തിക്കുന്ന വാഹനങ്ങള്‍ക്കുനേരെയും അക്രമം നടന്നു. സംഘര്‍ഷസാധ്യത കണക്കിലെടുത്തു കനത്ത പൊലീസ് സുരക്ഷയിലായിരുന്നു വോട്ടെടുപ്പ് നടന്നത്.
ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയോടെ കൊയിലാണ്ടി തിരുവങ്ങൂരിലും, വെങ്ങളത്തും ചേവായൂര്‍ സര്‍വീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് യു.ഡി.എഫ് പ്രവര്‍ത്തകരെ കൊണ്ടുപോകാന്‍ വേണ്ടി കൊയിലാണ്ടിയില്‍ നിന്ന് പോയ അഞ്ച് വാഹനങ്ങള്‍ക്കും കല്ലേറുണ്ടായിരുന്നു. മുന്‍വശത്തെയും സൈഡ് ഭാഗത്തെയും ഗ്ലാസുകളാണ് എറിഞ്ഞു തകര്‍ത്തത്. കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വോട്ടിംഗ് കേന്ദ്രത്തിലേക്ക് എത്തിക്കാനുള്ള വാഹനത്തിന് നേരെയാണ് കല്ലേറുണ്ടായത്. ചേവായൂര്‍ ബാങ്കിന്റെ ഭരണം കോണ്‍ഗ്രസ് നേതൃത്വം പിടിച്ചെടുക്കുമെന്ന് കെപിസിസി പ്രസിഡണ്ട് കെ സുധാകരനും നേരത്തെ പ്രഖ്യാപിച്ചിരുന്നു.








