അഗ്നി സുരക്ഷാ ബോധവൽക്കരണ ക്ലാസ് നടത്തി





പേരാമ്പ്ര : ആവള കുട്ടോത്ത് ഗവ. ഹയർ സെക്കണ്ടറി സ്കൂളിലെ എൻ.എസ്.എസ്. യൂണിറ്റും സൗഹൃദ ക്ലബും സംയുക്തമായി പേരാമ്പ്ര ഫയർ ആൻ്റ് റെസ്ക്യൂ ഓഫീസുമായി സഹകരിച്ചു കൊണ്ട് അഗ്നി സുരക്ഷാ ബോധവൽക്കരണ ക്ലാസ് നടത്തി. സീനിയർ ഫയർ ആൻ്റ് റെസ്ക്യു ഓഫീസർ റഫീക്ക് കാവിൽ ക്ലാസ്സിന് നേതൃത്വം നൽകി.
അപകടം നടന്നാൽ എങ്ങനെ നേരിടണമെന്നും പ്രഥമ ശുശ്രൂഷ എങ്ങനെയെല്ലാം നടത്താമെന്നും, അപകടങ്ങൾ എങ്ങനെ ഒഴിവാക്കാമെന്നും വിശദീകരിച്ച ക്ലാസ് കുട്ടികൾക്ക് വേറിട്ട അനുഭവമായി. വിവിധതരം ഫയർ എക്സ്റ്റിങ്യൂഷറുകൾ ഉപയോഗിക്കുന്നതിനുള്ള പ്രായോഗിക പരിശീലനം നൽകി. അശ്രദ്ധ കൊണ്ടുണ്ടാവുന്ന അപകടങ്ങൾ ക്ലാസിൽ ചർച്ച ചെയ്തു.
പാചകവാതക സിലിണ്ടറകളുടെ അപകട സാധ്യതകളും പ്രതിരോധ മാർഗങ്ങളും വിശദീകരിച്ച ക്ലാസ്സിൽ അത്യാവശ്യഘട്ടങ്ങളിൽ ഉപയോഗിക്കേണ്ട റോപ്പ് റെസ്ക്യൂ പ്രവർത്തനങ്ങളും പരിശീലിപ്പിച്ചു. പ്രിൻസിപ്പൽ എൻ സജീവൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ എൻ. എസ്. എസ് ലീഡർ മാനസ സ്വാഗതം പറഞ്ഞു.നിയാമിർഷ ചടങ്ങിൽ നന്ദി രേഖപ്പെടുത്തി.









