റേഷന്‍ മസ്റ്ററിംഗിന് മേരാ ഇ-കെവൈസി ആപ്

റേഷന്‍ മസ്റ്ററിംഗിന് മേരാ ഇ-കെവൈസി ആപ്
റേഷന്‍ മസ്റ്ററിംഗ് (e-KYC updation) മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് ചെയ്യുന്നതിനായി നാഷണല്‍ ഇന്‍ഫോര്‍മാറ്റിക്സ് സെന്റര്‍ വികസിപ്പിച്ചെടുത്ത മേരാ ഇ-കെവൈസി ഫെയ്‌സ് ആപ് ഉപയോഗിക്കാം. ഈ ആപ് മുഖേന റേഷന്‍ മസ്റ്ററിംഗ് ആദ്യമായി നടത്തുന്ന സംസ്ഥാനമാണ് കേരളം. ഇതിലേക്കായി ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്നും Aadhaar Face RD, Mera eKYC എന്നീ രണ്ട് ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യുക. മേരാ ഇ-കെവൈസി ആപ്പ് ഓപ്പണ്‍ ചെയ്ത് സംസ്ഥാനം തിരഞ്ഞെടുത്ത് ആധാര്‍ നമ്പര്‍ എന്റര്‍ ചെയ്യുക. തുടര്‍ന്ന് ആധാറുമായി ലിങ്ക് ചെയ്തിട്ടുള്ള ഫോണില്‍ ലഭിക്കുന്ന OTP നല്‍കി ഫെയ്‌സ് കാപ്ച്ചര്‍ വഴി മസ്റ്ററിംഗ് പൂര്‍ത്തിയാക്കാം. മേരാ ഇ-കെവൈസി ആപ് ഉപയോഗിച്ച് പൊതുവിതരണ വകുപ്പ് ഉദ്യോഗസ്ഥര്‍ പൂര്‍ണ്ണമായും സൗജന്യമായി മസ്റ്ററിംഗ് ചെയ്യും. മസ്റ്ററിംഗ് ഇതുവരെ ചെയ്യാത്ത ഗുണഭോക്താക്കള്‍ക്ക് ഈ സേവനം താലൂക്ക് സപ്ലൈ ഓഫീസ് മുഖാന്തിരം സൗജന്യമായി ലഭിക്കും. ഇതിനായി താലൂക്ക് സപ്ലൈ ഓഫീസുമായി ബന്ധപ്പെടുക.

മറ്റേതെങ്കിലും സ്ഥാപനമോ വ്യക്തികളോ ഫീസ് ഈടാക്കി റേഷന്‍ മസ്റ്ററിംഗ് നടത്തുന്നപക്ഷം വിവരം താലുക്ക് സപ്ലൈ ഓഫീസിലോ ജില്ലാ സപ്ലൈ ഓഫിസിലോ സിവില്‍ സപ്ലൈസ് കമ്മീഷണറേറ്റിലോ അറിയിക്കണമെന്ന് പൊതുവിതരണ ഉപഭോക്തൃ കമ്മീഷണര്‍ അറിയിച്ചു.


കെ-ടെറ്റ്: 20 വരെ അപേക്ഷിക്കാം
അധ്യാപക യോഗ്യത പരീക്ഷയുടെ (കെ-ടെറ്റ്) വിജ്ഞാപനം പ്രസിദ്ധീകരിച്ചു. https://ktet.kerala.gov.in വെബ്‌പോര്‍ട്ടല്‍ വഴി നവംബര്‍ 11 മുതല്‍ 20 വരെ അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കാം. ഓരോ കാറ്റഗറിയിലേക്കും അപേക്ഷിക്കാനുള്ള യോഗ്യതയുടെ വിവരങ്ങള്‍ അടങ്ങിയ വിജ്ഞാപനം, ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്തുന്നതിനുള്ള വിശദമായ മാര്‍ഗനിര്‍ദേശങ്ങള്‍ എന്നിവ https:///ktet.kerala.gov.in, https://pareekshabhavan.kerala.gov.in വെബ്‌സൈറ്റുകളില്‍ ലഭിക്കും.

പരീക്ഷാ ഫീസ് അടയ്ക്കുന്നതിനുള്ള തീയതി നീട്ടി
ഹയര്‍ സെക്കന്‍ഡറി (വൊക്കേഷണല്‍) വിഭാഗം 2025 മാര്‍ച്ചില്‍ നടത്തുന്ന പൊതുപരീക്ഷകളുടെ ഫീസ് അടയ്ക്കുന്നതിനുള്ള തീയതികള്‍ നീട്ടി. പിഴയില്ലാതെ ഫീസടയ്‌ക്കേണ്ട അവസാന തീയതി നവംബര്‍ 18. 20 രൂപ പിഴയോടുകൂടി 23 വരെയും, 600 രൂപ സൂപ്പര്‍ ഫൈനോടുകൂടി 28 വരെയും അടക്കാം.

എല്‍.എല്‍.എം.: താത്കാലിക അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു
2024-25 അധ്യയന വര്‍ഷത്തെ എല്‍.എല്‍.എം. കോഴ്സിലേക്കുളള ഒന്നാം ഘട്ട താത്കാലിക അലോട്ട്മെന്റ് പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. ലിസ്റ്റ് സംബന്ധിച്ച സാധുവായ പരാതികളുണ്ടെങ്കില്‍ ceekinfo.cee@kerala.gov.in ഇ-മെയില്‍ മുഖാന്തിരം നവംബര്‍ 8 വൈകുന്നേരം 4 മണിക്കുള്ളില്‍ അറിയിക്കണം. സാധുവായ പരാതികള്‍ പരിഹരിച്ച ശേഷം അന്തിമ അലോട്ട്മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിക്കും. ഫോണ്‍: 0471 – 2525300.

കീം: അന്തിമ റാങ്ക് ലിസ്റ്റും കാറ്റഗറി ലിസ്റ്റും പ്രസിദ്ധീകരിച്ചു
2024-ലെ ആയുര്‍വേദ, ഹോമിയോപ്പതി,സിദ്ധ, യുനാനി കോഴ്‌സ് പ്രവേശനത്തിനായി ഒഴിവുള്ള സീറ്റിലേക്ക് പുതുതായി അപേക്ഷ സമര്‍പ്പിച്ച വിദ്യാര്‍ഥികളെയും ഉള്‍പ്പെടുത്തികൊണ്ടുള്ള പുതുക്കിയ അന്തിമ റാങ്ക് ലിസ്റ്റും കാറ്റഗറി ലിസ്റ്റും www.cee.kerala.gov.in വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കിലും വിദ്യാര്‍ഥികള്‍ അതാത് കോഴ്‌സുകളിലേക്കുള്ള യോഗ്യതാ മാനദണ്ഡവും 2024 വര്‍ഷത്തെ നീറ്റ് യു.ജി ഇന്‍ഫര്‍മേഷന്‍ ബുള്ളറ്റില്‍ പ്രകാരമുള്ള യോഗ്യതാമാനദണ്ഡവും പ്രൊഫഷണല്‍ ഡിഗ്രി കോഴ്‌സുകളിലെ പ്രവേശനത്തിനായുള്ള പ്രോസ്‌പെക്ടസ് ക്ലോസ് 6.2 പ്രകാരമുള്ള യോഗ്യതകളും പ്രവേശന സമയത്ത് നേടിയിരിക്കണം. വിശദവിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍: 0471-2525300.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!