അമേരിക്കയുടെ 47ാമത് പ്രസിഡന്റായി ഡോണള്‍ഡ് ട്രംപ് തെരഞ്ഞെടുക്കപ്പെട്ടു

അമേരിക്കയുടെ 47ാമത് പ്രസിഡന്റായി ഡോണള്‍ഡ് ട്രംപ് തെരഞ്ഞെടുക്കപ്പെട്ടു. ഡെമോക്രാറ്റിക്ക് സ്ഥാനാര്‍ത്ഥി കമല ഹാരിസിനെയാണ് ട്രംപ് പരാജയപ്പെടുത്തിയത്. 277 ഇലക്ടറല്‍ വോട്ട് നേടിയാണ് ട്രംപിന്റെ കുതിപ്പ്. 226 ഇലക്ടറല്‍ വോട്ടുകളാണ് കമല ഹാരിസ് നേടിയത്. സെനറ്റില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഭൂരിപക്ഷം നേടി. ജെഡി വാന്‍സ് വൈസ് പ്രസിഡന്റാകും.

തെരഞ്ഞെടുപ്പില്‍ ഏറെ നിര്‍ണായകമായി വിലയിരുത്തപ്പെട്ട സ്വിംഗ് സ്റ്റേറ്റുകളില്‍ നേട്ടമുണ്ടാക്കാന്‍ സാധിച്ചതാണ് ട്രംപിന്റെ മുന്നേറ്റത്തിന് കരുത്ത് കൂട്ടിയത്. അരിസോന, നെവാഡ, ജോര്‍ജിയ, നോര്‍ത്ത് കാരോലൈന, പെന്‍സില്‍വേനിയ, മിഷിഗന്‍, വിസ്‌കോന്‍സെന്‍ എന്നിവയാണ് സ്വിങ് സ്റ്റേറ്റുകള്‍. 93 ഇലക്ടറല്‍ വോട്ടുകളുള്ള സ്വിങ് സ്റ്റേറ്റുകളില്‍ വിജയം നേടുകയാണ് അമേരിക്കയുടെ അധികാരം പിടിക്കാനുള്ള ഏറ്റവും വലിയ വഴി. ഇവിടെ കമലയും ട്രംപും ഒപ്പത്തിനൊപ്പം ആണെന്നായിരുന്നു സര്‍വേ ഫലം. സ്വിങ് സ്റ്റേറ്റുകളില്‍ നോര്‍ത്ത് കരോലൈന മാത്രമാണ് നേരത്തെ ട്രംപിനൊപ്പം നിന്നിട്ടുള്ളത്. എന്നാല്‍ ഇത്തവണ ഏഴും ട്രംപിനൊപ്പം നില്‍ക്കുകയായിരുന്നു.

ട്രംപിന്റെ വിജയത്തില്‍ നിര്‍ണായകമായ നിരവധി ഘടകങ്ങളുണ്ട്. ഇസ്രയേല്‍ – ഹമാസ് യുദ്ധം, യുക്രൈന്‍ യുദ്ധം എന്നിവയ്ക്കെല്ലാമായി അമേരിക്കയുടെ ദശലക്ഷക്കണക്കിന് ഡോളര്‍ പമ്പ് ചെയ്യുന്നുവെന്നും സാധാരണക്കാരന്റെ പണം ഇതിനായി ഉപയോഗിക്കുന്നുവെന്നും ട്രംപ് ആരോപിച്ചിരുന്നു. ജോ ബൈഡന്‍ ദുര്‍ബലനായ പ്രസിഡന്റാണെന്നും താന്‍ അധികാരത്തില്‍ വന്നാല്‍ യുദ്ധം നിര്‍ത്തുമെന്നും ട്രംപ് പറഞ്ഞിരുന്നു. അമേരിക്കയ്ക്ക് ശക്തനായൊരു പ്രസിഡന്റ് എന്ന സന്ദേശമാണ് ഓരോ നിമിഷവും അദ്ദേഹം നല്‍കിയത്.

78കാരനായ ഡോണള്‍ഡ് ട്രംപ് വീണ്ടും പ്രസിഡന്റായതോടെ വേറിട്ട ചരിത്രം കൂടിയാണ് പിറന്നത്. അമേരിക്കന്‍ ചരിത്രത്തില്‍ തോല്‍വിക്ക് ശേഷം തിരിച്ചെത്തുന്ന രണ്ടാമത്തെ പ്രസിഡന്റായി അദ്ദേഹം. ഗ്രോവര്‍ ക്ലീവ്ലാന്റാണ് ഇതിനു മുന്‍പ് ഇത്തരത്തില്‍ തെരഞ്ഞെടുക്കപ്പെട്ടത്.

അണികളെ അഭിസംബോധന ചെയ്യാനായി ട്രംപ് ഫ്ളോറിഡയിലേയ്ക്ക് തിരിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. ഫ്ളോറിഡയിലെ വെസ്റ്റ് പാം ബീച്ചില്‍ ട്രംപ് ഉടന്‍ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യും. അതേസമയം, ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥിയായ കമല ഹാരിസ് ഇന്ന് അനുയായികളെ അഭിസംബോധന ചെയ്യില്ല. വ്യാഴാഴ്ച കമല ഹാരിസ് തന്റെ അണികളെ അഭിസംബോധന ചെയ്യുമെന്നാണ് അറിയിച്ചിട്ടുള്ളത്.

 

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!