തൊഴിൽമേഖലയിലേക്കുള്ള പ്രവേശനത്തിന് കോളേജുകളിൽ പ്ലേസ്‌മെന്റ് സെൽ അനിവാര്യമെന്ന് ‘ഉദ്യോഗ ജ്യോതി’ യോഗം

 

 

യുവജനതയുടെ തൊഴിൽമേഖലയിലേക്കുള്ള സുഗമമായ പ്രവേശനത്തിന് കോളേജുകളിൽ പ്ലേസ്‌മെന്റ് സെൽ അനിവാര്യമെന്ന് തൊഴില്ലായ്മയ്ക്ക് സുസ്ഥിര പരിഹാരം കണ്ടെത്താനുള്ള കോഴിക്കോട് ജില്ലാ ഭരണകൂടത്തിന്റെ പ്രൊജക്റ്റായ ‘ഉദ്യോഗ ജ്യോതി’യുടെ യോഗം അഭിപ്രായപ്പെട്ടു.

പ്രാദേശിക കോളേജുകളിൽ ഇനിയും പ്ലേസ്മെന്റ് സെൽ രൂപീകരിച്ചിട്ടില്ലെങ്കിൽ അവ സ്ഥാപിക്കാൻ പ്രോത്സാഹിപ്പിക്കണം. മാറുന്ന സാമ്പത്തിക ആവശ്യങ്ങളോട് പൊരുതി നിൽക്കാനാകും വിധം വിദ്യാർത്ഥികളെ പര്യാപ്തരാക്കുന്നതിനായി വിപണി അറിയുകയും അതിനനുസരിച്ചുള്ള ജോലി സാദ്ധ്യതകൾ മനസ്സിലാക്കുകയും വേണം. ഇതിന് വഴിയൊരുക്കുന്ന പ്ലേസ്മെന്റ് സെൽ പോലുള്ള സംവിധാനം അത്യന്താപേക്ഷിതമാണ്-കളക്ടറേറ്റിൽ കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ച കോളേജ് പ്രിൻസിപ്പൽ-പ്ലേസ്മെന്റ് സെൽ കോർഡിനേറ്റർമാരുടെ യോഗം വിലയിരുത്തി.

ചർച്ചയിൽ വിവിധങ്ങളായ ആശയങ്ങൾ ഉരുത്തിരിഞ്ഞു വന്നു.
തൊഴിൽ രംഗത്തേയ്ക്കുള്ള വിദ്യാർത്ഥികളുടെ വരവ് സുഗമമാക്കാനും സമൂഹത്തിൽ അരികുവത്ക്കരിക്കപ്പെട്ട വിഭാഗങ്ങളുടെ സാമൂഹിക-സാമ്പത്തിക ജീവിതം മെച്ചപ്പെടുത്താനുമായി പുതിയ ആശയങ്ങളിലേക്കും ആവിഷ്കാരങ്ങളിലേക്കും എത്തിച്ചേരേണ്ടതിന്റെ ആവശ്യകതയും ചർച്ച ചെയ്യപ്പെട്ടു.

തൊഴിൽ വിപണിയെയും വ്യവസായങ്ങളെയും നിരീക്ഷിക്കുകയും തുടർച്ചയായി ഇടപഴകുകയും ചെയ്യേണ്ടതുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രാദേശിക വ്യവസായങ്ങളും തമ്മിൽ സഹകരിച്ചുള്ള സമീപനം വളർത്തിയെടുക്കുന്നതിലൂടെ യുവാക്കളെ ശാക്തീകരിക്കാൻ സാധിക്കും.

ജില്ലയിലെ ഉയർന്നു വരുന്ന തൊഴില്ലായ്മ നിരക്കിനെ സുസ്ഥിരമായ ഉപായങ്ങളിലൂടെ നേരിടാനാണ് ഉദ്യോഗ ജ്യോതി ലക്ഷ്യമിടുന്നത് . കോവിഡ് സാഹചര്യത്തിന് ശേഷം തൊഴിൽ തേടുന്നവരുടെയും തൊഴിൽ ദാതാക്കളുടെയും ആവശ്യങ്ങളിൽ ഒരുപാട് മാറ്റങ്ങൾ വന്നിട്ടുണ്ട്. അങ്ങനെയുള്ള കാരണങ്ങളെ വിവിധ മാർഗ്ഗങ്ങളാൽ നേരിടുകയാണ് ഉദ്യോഗ ജ്യോതിയുടെ മുഖ്യ ലക്‌ഷ്യം. സമൂഹത്തിലെ പാർശ്വവത്കരിക്കപ്പെട്ട വിഭാഗങ്ങൾ അഭിമുഖീകരിക്കുന്ന തൊഴിൽ മേഖലയിലെ വെല്ലുവിളികൾക്ക് ദീർഘകാല പരിഹാരങ്ങൾ വാഗ്ദാനം ചെയ്യുന്ന മുന്നേറ്റത്തിലേക്ക് എത്തിച്ചേരുകയെന്നതും പ്രോജക്ക്ട് മുന്നോട്ട് വെക്കുന്ന ലക്ഷ്യങ്ങളിൽ ഒന്നാണ്.

യോഗം ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിങ് ഉദ്ഘാടനം ചെയ്തു. അസിസ്റ്റന്റ് കളക്ടർ ആയുഷ് ഗോയൽ, മുൻ യുഎൽസിസിഎസ് ഗ്രൂപ്പ് സിഇഒ രവീന്ദ്രൻ കസ്തൂരി, ഡി ഡബ്ല്യൂ എം എസ് ജില്ലാതല പ്രോഗ്രാം മാനേജർ സുമി എം എ, മലബാർ ഗോൾഡ് ജിഎം-എച് ആർ വരുൺ കണ്ടോത്ത്‌, യുഎൽടിഎസ് ലീഡർ ജയദീപ് ചെറുവണ്ടി, എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!