കിണറ്റിലിറങ്ങാൻ പോണോരേ…. കാണാ വിപത്തിൽ പെടുന്നോരേ….
വേനൽ കനക്കുകയാണ്.
ജലക്ഷാമം രൂക്ഷമായിത്തുടങ്ങി.
നാട്ടിലെങ്ങും കുടിവെള്ളത്തിനായുള്ള നെട്ടോട്ടമാണ്. പഴയ കിണർ ചെളിനീക്കം ചെയ്ത് വൃത്തിയാക്കലും ആഴം കൂട്ടലുമൊക്കെ വേനലിൽ തകൃതിയായി നടക്കുന്നു, കിണർ വൃത്തിയാക്കാനിറങ്ങി അപകടത്തിൽ പെട്ടവാർത്തകൾ നിരന്തരം മാധ്യമങ്ങളിൽ നമ്മൾ ഇനികണ്ട് തുടങ്ങും…..
കിണർ വൃത്തിയാക്കാനിറങ്ങുമ്പോൾ ഇക്കാര്യങ്ങൾ ഒന്നോർക്കുക .ചില മുൻകരുതലുകൾ എടുക്കുക.
* ഉപയോഗിക്കുന്ന കയറുകളും കോണികളും മറ്റ് ഉപകരണങ്ങളും സുരക്ഷിതമാണെന്ന് പരിശോധിച്ച് ഉറപ്പ് വരുത്തുക.
*മറ്റാരുടെയെങ്കിലുംസാന്നിധ്യത്തിൽ മാത്രം ഇത്തരം പ്രവർത്തികൾ ചെയ്യുക .അവശ്യ ഘട്ടങ്ങളിൽ വിളിക്കേണ്ട ‘101 ‘ നമ്പർ, രക്ഷാപ്രവർത്തവർക്ക് സ്ഥലത്ത് എത്താനുള്ള
റൂട്ട് എന്നിവ സഹായിയെബോധ്യപ്പെടുത്തുക
* കിണറ്റിൽ ഓക്സിജന്റ അളവ് മതിയാം വണ്ണമുണ്ടോ എന്ന് പരിശോധിച്ച ശേഷം മാത്രം കിണറ്റിൽ ഇറങ്ങുക.
സാധാരണ ഗതിയിൽ സൂര്യപ്രകാശം നേരിട്ടേൽക്കുന്ന മിക്ക കിണറുകളിലും ഈ പ്രശ്നങ്ങൾ കുറവായിരിക്കും എങ്കിലും ചിലപ്പോൾ മണ്ണിൻെറ പ്രത്യേകതകളാലും രാസവസ്തുക്കളുടെ സാന്നിധ്യത്താലുമൊക്കെ കിണറുകളിൽ മറ്റ് വിഷവാതകങ്ങളുണ്ടാവാറുണ്ട് .
ചിലപ്പോൾ ഓക്സിജന്റ അളവ് കുറവായി കാണാറുമുണ്ട്.
ഇത് വളരെ ലളിതമായ മാർഗ്ഗത്തിലൂടെ തന്നെ പരിശോധിച്ചറിയാം .
ഒരു ബക്കറ്റിൽ അൽപം മണ്ണോ മണലോ നിറച്ച് മെഴുകുതിരിയോ വിളക്കോ കത്തിച്ച് മണ്ണിൽ ഉറപ്പിച്ച ശേഷം സാവധാനം കയറിന്റെ സഹായത്താൽ കിണറ്റിലേക്കിറക്കുക. ഒരു മിനിട്ട് നേരം കഴിഞ്ഞ് തീനാളം അണയുന്നില്ലെങ്കിൽ ഓക്സിജന്റെ സാന്നിധ്യം ഉറപ്പിക്കാം.
തീ അണഞ്ഞാൽ ആ കിണറ്റിൽ അപകടം പതിയിരിക്കുന്നു എന്ന് മനസ്സിലാക്കണം.ചില സമയത്ത് കിണറ്റിൽ സ്ഫോടന ശബ്ദത്തോടെ തീ ആളിക്കത്തും. നാം പാചകവാതകമായി ഉപയോഗിക്കുന്ന മീഥൈൻ പോലുള്ള വാതകങ്ങളുടെ സാന്നിധ്യമാണ് അതിന് കാരണം.
(പ്രകൃതി വാതകപൈപ്പ് ലൈനിൽ കൂടി ദ്രവീകൃത മീഥൈൻ ആണ് കടന്ന് പോകുന്നത് )
ഓക്സിജന്റെ അളവ് കുറവാണെന്ന് മനസ്സിലായാൽ കിണറ്റിലിറങ്ങും മുമ്പ് ഓക്സിജൻ ലഭ്യമാക്കേണ്ടതുണ്ട്. എറ്റവും എളുപ്പത്തിൽ ചെയ്യാവുന്നത് ധാരാളം ഇലകളുള്ള മരത്തിന്റെ ചില്ലകപ്പിയും കയറുമുപയോഗിച്ച് പല തവണ കിണറ്റിലേയ്ക്ക് ഇറക്കുകയും ഉയർത്തുകയും ചെയ്യുക എന്നതാണ് .ഒരു പരിധി വരെവിഷവാതകങ്ങളെ പുറത്തേക്ക് തള്ളുന്നതോടൊപ്പം അന്തരീക്ഷവായുവിനെ താഴേക്കു മെത്തിക്കാൻ ഈ പ്രവൃത്തി സഹായിക്കും. ടേബിൾഫാനും എക്സ്ഹോസ്റ്റ് ഫാനുമൊക്കെ കെട്ടിയിറക്കിയും മുകളിൽ നിന്ന് പ്രവർത്തിപ്പിച്ചും ഇതേ പോലെ ഓക്സിജൻ കിണറ്റിലെത്തിക്കാനും മറ്റ് വാതകങ്ങളെ പുറന്തള്ളാനും സാധിക്കും.
വീണ്ടും മെഴുക് തിരി പരീക്ഷണം ആവർത്തിക്കാം,
നാളം അണയാത്ത സ്ഥിതി വന്നാൽ മാത്രം കിണറ്റിൽ ഇറങ്ങുക. (പേപ്പറും തുണിയുമൊക്കെ കത്തിച്ച് കിണറ്റിലേക്കിട്ടാണ് സാധാരണ ഈ പരിശോധന നടത്താറ്. തീ അണഞ്ഞത് ഓക്സിജന്റെ അഭാവത്താലാണെന്ന് ഉറപ്പിക്കാൻ പ്രയാസം നേരിടാൻ സാധ്യതയുണ്ട്.കൂടാതെ അൽപ നേരം കത്തി നിന്ന് തീ അണയുന്ന സാഹചര്യങ്ങളും തിരിച്ചറിയാനാവാതെ പോകും )
* വെള്ളം വറ്റിക്കാൻ മണ്ണെണ്ണ / ഡീസൽ മോട്ടോറുകൾ ഉപയോഗിച്ചാലും വീണ്ടും കിണറ്റിലിറങ്ങും മുമ്പ് ”രക്ഷാ ദീപത്തിന്റെ പരീക്ഷണം ” ആവർത്തിക്കണം. കാരണം അധിക സമയമൊന്നും അന്തരീക്ഷത്തിൽ സ്വതന്ത്രമായി നില നിൽക്കില്ലെങ്കിലും ക്ഷണനേരം കൊണ്ട് മനുഷ്യ ജീവന് ഭീഷണിയാകുന്ന കാർബൺ മോണോക് സൈഡ് മോട്ടോറിന്റെ പുകക്കൊപ്പം രൂപം കൊള്ളാൻ സാധ്യതയുണ്ട്.
* വെള്ളം വറ്റിയ ഉടനെ കിണറ്റിലിറങ്ങുമ്പോഴും ശ്രദ്ധിക്കണം
വർഷങ്ങളായി
കിണറ്റിലേക്ക് വീണ ഇലകളും മറ്റും ചീഞ്ഞ് ചെളിയിൽ കിടക്കുന്നുണ്ടാവും അവയിൽ നിന്ന് നിർഗ്ഗമിക്കുന്ന ചില വാതകങ്ങളും മീഥൈൻ, ഹൈഡ്രജൻ സൾഫൈഡ്, സൾഫർ ഡയോക്സൈഡ് തുടങ്ങിയ വിഷ വാതകങ്ങങ്ങളുടെ സാന്നിധ്യവും അപകടകരമായ സാഹചര്യങ്ങളുണ്ടാക്കിയേക്കാം. ഈ അവസരങ്ങളിലെല്ലാം പ്രാണവായു സഞ്ചാരം ഉറപ്പാക്കിയ ശേഷമേ കിണറ്റിലിറങ്ങാവൂ.
* ചളി കോരിയെടുക്കുന്നതിനിടയിലും ഇത് പോലെ വാതകങ്ങൾ നിർഗ്ഗമിക്കാം ,
സംശയം തോന്നിയാൽ കിണറ്റിൽ നിന്ന് കയറി മരച്ചില്ലകളോ ഫാനുകളോ ഉപയോഗിച്ച് ഓക്സിജന്റെ പ്രവാഹം ഉറപ്പാക്കുക. (കിണറ്റിൽ നിന്ന് ആൾകയറാതെ തന്നെ പേപ്പർ കത്തിച്ചിടുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. തെറ്റായ രീതിയാണത്. കത്തുന്ന വാതകങ്ങളുടെ സാന്നിധ്യമുണ്ടെങ്കിൽ അപകടസാധ്യതയുണ്ട് കൂടാതെ കാർബൺ ഡൈ ഓക്സൈഡ് നിറയാൻ കാരണമാകുകയും ചെയ്യും. സാധാരണ
ശ്വസിക്കുന്ന അന്തരീക്ഷവായുവിൽ20%ൽ താഴെ ഓക്സിജൻെറ അളവ് വന്നാൽ ശ്വാസതടസ്സം അനുഭവപ്പെട്ട് തുടങ്ങും കിണറ്റിൽ നിൽക്കുന്ന സമയത്തെ മാനസികനിലയും പ്രശ്നം ഗുരുതരമാക്കും)
* തിരികെ കയറുന്ന സമയത്താണ് പലപ്പോഴും അപകടങ്ങൾ സംഭവിക്കാറ്. വളരെ നേരം ഓക്സിജൻ കുറഞ്ഞ സ്ഥലത്ത് ശ്രമകരമായ ജോലികൾ ചെയ്ത ഒരാൾക്ക് ശരീരത്തിൽ ഓക്സിജന്റ അളവ് വളരെ കുറവായിരിക്കും കൈകാലുകൾക്ക് ബലക്കുറവ് സ്വാഭാവികം. ഇത് വകവെക്കാതെ കയറാൻ ശ്രമിക്കുമ്പോഴാണ് മിക്കവാറും പിടി വിട്ട് വീണ് പരിക്കേൽക്കുന്നത്. ഇത്തരം സാഹചര്യങ്ങളിൽ പരിശീലനം നേടിയ
രക്ഷാപ്രവർത്തകരുടെ സഹായം തേടുക 101 ലേക്ക് വിളിക്കുക.(നാട്ടുകാർകസേര കെട്ടിയിറക്കിയൊക്കെ ആളുകളെ കയറ്റാൻ ശ്രമിച്ച് ജീവൻ തന്നെ അപകടത്തിലായ സംഭവങ്ങൾ നിരവധി)
* അത് പോലെ തന്നെ രക്ഷാപ്രവർത്തനത്തിന് മൂന്നും നാലും പേരൊക്കെ ഒരുമിച്ച് ഇറങ്ങുന്നത് ഒരുമിച്ച് അപകടത്തിൽ പെടാൻ കാരണമായേക്കാം, അവരും ഓക്സിജൻ ഉപയോഗിച്ച് കാർബൺ ഡൈ ഓക്സൈഡ് കിണറ്റിൽ നിക്ഷേപിക്കുന്ന അവസ്ഥ വരുന്നു.
* ചില സന്ദർഭങ്ങളിൽ ചെറിയ തോതിൽ വെള്ളം സ്പ്രേ ചെയ്യുന്നത് ഗുണം ചെയ്യാറുണ്ട്. ജലത്തിൽ ലയിക്കുന്ന ചില വാതകളുടെ അളവ് കുറയ്ക്കാം വായു പ്രവാഹം വർദ്ധിപ്പിക്കാം.
* അപകടത്തിൽപെട്ടയാൾക്ക് നട്ടെല്ലിന് ക്ഷത മൊന്നുമില്ലെങ്കിൽസാധാരണ കയർ കൊണ്ട് “ചെയർനോട്ട് ” ഒരുക്കിയാണ് രക്ഷപ്പെടുത്താറ് .ഇത് വളരെ പെട്ടൊന്ന് പഠിച്ചെടുക്കാം.
ഇത്തരം ജോലികൾ ചെയ്യുന്നവർ ഈ കെട്ട് ഫയർ സ്റ്റേഷനിൽ പോയി മനസ്സിലാക്കുകയോ, സിവിൽ ഡിഫൻസ് / ആപ്ദാമിത്ര തുടങ്ങിയ പരിശീലനം ലഭിച്ച സന്നദ്ധ സേവകരിൽ നിന്ന് പഠിച്ചെടുകയോ ചെയ്താൽ സ്വരക്ഷക്കും മറ്റുള്ളവരുടെ രക്ഷക്കും ഉപകരിക്കും.
ഈയടുത്ത കാലത്തായി പൊതു ജനസമ്പർക്ക -ബോധവൽക്കരണ പരിപാടികളിലും പറയാറുണ്ട് വളരെ അപകടകരമെന്ന് തോന്നുന്ന ഇത്തരം പ്രവർത്തികൾ ചെയ്യുമ്പോൾ ഫയർ സ്റ്റേഷനിൽ മുൻകൂട്ടി അറിയിക്കാൻ. പലപ്പോഴും ആളുകൾ ബന്ധപ്പെടാറുണ്ട്. ഇതു വഴി
ക്യത്യമായ മുൻകരുതൽ എടുത്ത് തൊഴിലിടങ്ങൾ അപകട മുക്തമാക്കാൻ സാധിക്കുന്നു എന്നത് സ്വാനുഭവം…
* കിണറ്റിൽ നിന്ന് ശ്വാസതടസ്സം നേരിട്ടയാൾക്ക് അടിയന്തിര വൈദ്യസഹായം ലഭ്യമാക്കുക.
കാരണം ചില വിഷവാതകങ്ങൾ ശ്വസിച്ചാൽ പ്രത്യക്ഷ ലക്ഷണങ്ങൾ ഇല്ലെങ്കിലും പിന്നീട് ഗുരുതരമായേക്കാം.
* അകപ്പെട്ടയാൾ അബോധാവസ്ഥയിലാണെങ്കിൽ ഹൃദയമിടിപ്പും ശ്വാസനവും പരിശോധിച്ച് ആവശ്യമെങ്കിൽ ഹൃദയ-ശ്വാസ പുനരുജ്ജീവന ക്രിയകൾ ( CPR) ആരംഭിക്കുക.
വരാനുള്ളത് വഴിയിൽ തങ്ങില്ല എന്ന് പണ്ടുള്ളവർ പറയാറുണ്ട് പക്ഷേ വഴി തിരിച്ച് വിടാം ചിലമുൻകരുതലുകൾ എടുത്താൽ…
അബ്ദുൾ സലിം. ഈ. കെ,.
സ്റ്റേഷൻ ഓഫീസർ,
ഫയർ & റസ്ക്യു സ്റ്റേഷൻ
മലപ്പുറം