ആയുര്‍വേദ ചികിത്സ എളുപ്പം ലഭ്യമാക്കാന്‍ നടപടി: മന്ത്രി എ കെ ശശീന്ദ്രന്‍

ദേശീയതലത്തില്‍ തന്നെ ആയുര്‍വേദത്തിന്റെ പ്രാധാന്യം വര്‍ദ്ധിച്ചുവരുന്ന വര്‍ത്തമാന കാലത്ത് എല്ലാ ഗ്രാമപഞ്ചായത്തുകളിലും ആയുര്‍വേദ ചികിത്സ ജനങ്ങള്‍ക്ക് എളുപ്പം ലഭ്യമാക്കാന്‍ ആവശ്യമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുമെന്ന് വനം-വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍. ദേശീയ ആയുര്‍വേദ ദിനാചരണത്തിന്റെ ഭാഗമായുള്ള ശില്പശാലയും ദേശീയ ആയുര്‍വേദ ദിനത്തോടനുബന്ധിച്ച് നടന്ന വിവിധ പരിപാടികളുടെ സമാപനവും കോഴിക്കോട് ഭട്ട് റോഡിലെ ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആയുര്‍വേദം പഠിക്കാന്‍ ലഭിച്ച കാലങ്ങളിലെ ഓര്‍മ്മകളും മന്ത്രി പങ്കുവെച്ചു.

പരിപാടിയില്‍ മുതിര്‍ന്ന ആയുര്‍വേദ ചികിത്സകനും വിരമിച്ച സീനിയര്‍ മെഡിക്കല്‍ ഓഫീസറുമായ ഡോ. കെ ചാത്തുവിനെ മന്ത്രി ആദരിച്ചു. വിവിധ മത്സര പരിപാടികളില്‍ വിജയികളായ വിദ്യാര്‍ത്ഥികള്‍ക്കുള്ള സമ്മാനദാനവും മന്ത്രി നിര്‍വഹിച്ചു. തോട്ടത്തില്‍ രവീന്ദ്രന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു.

ശില്‍പ്പശാലയില്‍ ‘ആയുര്‍വേദ പഥ്യാഹാരം’ എന്ന വിഷയത്തില്‍ ഡോ. ഷൈജു ഒല്ലാങ്കോടും ‘ആയുര്‍വേദ സ്റ്റാര്‍ട്ടപ്പുകള്‍-ഭാവി സംരംഭകര്‍ക്കുള്ള അവസരങ്ങളും സ്വാധീനങ്ങളും’ എന്ന വിഷയത്തില്‍ ധാത്രി ഫാര്‍മസ്യൂട്ടിക്കല്‍ എംഡി ഡോ. സജികുമാറും ക്ലാസ്സുകള്‍ നയിച്ചു.

ആയുര്‍വേദ ഡോക്ടര്‍മാര്‍, വിദ്യാര്‍ത്ഥികള്‍, കുടുംബശ്രീ അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു. ആയുര്‍വേദ ഡിഎംഒ ഡോ. എസ് ശ്രീലത, ഹോമിയോ ഡിഎംഒ ഡോ. കവിത പുരുഷോത്തമന്‍, കെഎംസിടി ആയുര്‍വേദ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. ശുഭശ്രീ, കുടുംബശ്രീ ജില്ലാ കോര്‍ഡിനേറ്റര്‍ പി സി കവിത, ജില്ലാ ആയുര്‍വേദ ആശുപത്രി സൂപ്രണ്ട് വി എസ് സോണിയ, ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന്‍ ജില്ലാ പ്രസിഡണ്ട് റീജ മനോജ്, നാഷനല്‍ ആയുഷ് മിഷന്‍ ജില്ലാ പ്രോഗ്രാം മാനേജര്‍ അനീന പി ത്യാഗരാജ് എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!