കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥികളുടെ വ്യക്തി വിവരങ്ങള്‍ മഹാരാഷ്ട്രയിലെ സ്വകാര്യ കമ്പനിക്ക് നല്‍കാന്‍ നീക്കം

കോഴിക്കോട്: കാലിക്കറ്റ് യൂണിവേഴ്സിറ്റി നാല് വര്‍ഷ ബിരുദ പ്രോഗ്രാമിലെ വിദ്യാര്‍ത്ഥികളുടെ വ്യക്തിഗത വിവരങ്ങള്‍ മഹാരാഷ്ട്രയിലെ സ്വകാര്യ കമ്പനിക്ക് കൈമാറാന്‍ ശ്രമിക്കുന്നതായി റിപ്പോര്‍ട്ട്. കെ റീപ്പ് ( കേരള റിസോഴ്സ് ഫോര്‍ എജ്യുക്കേഷന്‍ അഡ്മിനിസ്ട്രേഷന്‍ ആന്‍ഡ് പ്ലാനിങ്) എന്ന പദ്ധതിയുടെ ചുവടുപിടിച്ചാണ് വിദ്യാര്‍ത്ഥികളുടെ ആധാര്‍ വിവരങ്ങള്‍ കൈമാറാന്‍ സര്‍വകലാശാല തീരുമാനിച്ചത്.

മഹാരാഷ്ട്ര നോളജ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് (എം.കെ.സി.എല്‍) എന്ന സ്വകാര്യ കമ്പനിക്കാണ് വിവരങ്ങള്‍ കൈമാറുക. എന്നാല്‍ ഈ കമ്പനിക്ക് യാതൊരു വിധത്തിലുള്ള വിശ്വാസത്യയില്ലെന്ന കാര്യം ചൂണ്ടിക്കാട്ടി പ്രതിപക്ഷ അധ്യാപക സംഘടനയായ കേരള പ്രൈവറ്റ് കോളേജ് ടീച്ചര്‍ അസോസിയേഷനും പരാതിയുമായി മുന്നോട്ട് വന്നിട്ടുണ്ട്.

കുറച്ച് കാലം മുമ്പ് കണ്ണൂര്‍ യൂണിവേഴ്സിറ്റിയും സമാനമായ ഒരു നീക്കം നടത്തിയിരുന്നു. ഇതേ കമ്പനിയുമായി തന്നെയാണ് കാലിക്കറ്റ് യൂണിവേഴ്സിറ്റിയും സഹകരിക്കുന്നത്. ഈ നീക്കത്തിനെതിരേയും സമാനമായ പ്രതിഷേധങ്ങള്‍ ഉണ്ടായിരുന്നെങ്കിലും യൂണിവേഴ്സിറ്റി മുന്നോട്ട് പോവുകയായിരുന്നു.

വിദ്യാര്‍ത്ഥികളുടെ ഫീസില്‍ നിന്ന് നിശ്ചിത തുക കമ്പനിക്കും അസാപിനും (അഡീഷണല്‍ സ്‌കില്‍ അക്വിസിഷന്‍ പ്രോഗ്രാം) നല്‍കുന്ന വിധത്തിലായിരുന്നു പദ്ധതി രൂപകല്‍പ്പന ചെയ്തത്.

സോഫ്റ്റ്വെയര്‍ സംവിധാനങ്ങള്‍ ഏകോപിപ്പിച്ച് അക്കാദമിക് നിലവാരം ഉയര്‍ത്താനാണ് ഇത്തരം ഒരു പദ്ധതി ആവിഷ്‌കരിച്ചതെന്നാണ് യൂണിവേഴ്സിറ്റി ഈ വിഷയത്തില്‍ നല്‍കുന്ന വിശദീകരണം. അസാപ്പുമായി സഹകരിച്ച് നടപ്പിലാക്കുന്ന പദ്ധതിയുടെ ഫീസായി നൂറ് രൂപയാണ് വിദ്യാര്‍ത്ഥികളില്‍ നിന്ന് കൈപ്പറ്റുന്നത്.

ഈ പദ്ധതിയുമായി ബന്ധപ്പെട്ട വിശദാംശങ്ങളടങ്ങിയ ധാരണാപത്രം പുറത്ത് വിടണമെന്ന ആവശ്യവും ഉയരുന്നുണ്ട്. യൂണിവേഴ്സിറ്റി നേരിട്ടല്ലാതെ അസാപ്പുമായാണ് കമ്പനി കരാറില്‍ ഏര്‍പ്പെട്ടിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!