നീലേശ്വരം അപകടം: 8 പേര്‍ക്കെതിരെ കേസ്; 154 പേര്‍ക്ക് പരിക്കേറ്റു, 15 പേരുടെ നില ഗുരുതരം, 5 പേര്‍ വെന്റിലേറ്ററില്‍

കാസര്‍കോട് : നീലേശ്വരം അഞ്ഞൂറ്റമ്പലം വീരര്‍കാവ് കളിയാട്ട മഹോത്സവത്തിനിടെ പടക്കങ്ങള്‍ സൂക്ഷിച്ച സ്ഥലത്തുണ്ടായ പൊട്ടിത്തെറിയില്‍ 8 പേര്‍ക്കെതിരെ കേസെടുത്തു. ഏഴ് ക്ഷേത്ര കമ്മറ്റി ഭാരവാഹികള്‍ക്കും വെടിക്കെട്ട് നടത്തിയ രാജേഷ് എന്നിയാള്‍ക്കുമെതിരെയാണ് നീലേശ്വരം പൊലീസ് കേസെടുത്തത്. അലക്ഷ്യമായി സ്‌ഫോടക വസ്തുക്കള്‍ കൈകാര്യം ചെയ്തതിനാണ് കേസ്. അഞ്ഞൂറ്റമ്പലം വീരര്‍കാവ് കമ്മറ്റി പ്രസിഡന്റും സെക്രട്ടറിയും കസ്റ്റഡിയിലാണ്.

നീലേശ്വരത്ത് കളിയാട്ടത്തിനിടെ പടക്കശാലക്ക് തീപിടിച്ചാണ് അപകടമുണ്ടായത്. പടക്കം പൊട്ടിച്ചതിന്റെ തീപ്പൊരി, പടക്കം സൂക്ഷിച്ച കലവറയില്‍ വീണാണ് രാത്രി പന്ത്രണ്ട് മണിയോടെ പൊട്ടിത്തെറിയും തീപിടിത്തവുമുണ്ടായത്. അപകടത്തില്‍ 154 പേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ 15 പേരുടെ പരിക്ക് ഗുരുതരവും 5 പേരുടെ നില അതീവ ഗുരുതരവുമാണ്. ഇവര്‍ വെറ്റിലേറ്ററിലാണ്. പൊട്ടിച്ച മലപ്പടക്കത്തില്‍ നിന്നുള്ള തീപ്പൊരി അടുത്തുള്ള പടക്ക ശേഖരത്തിലേക്ക് വീണാണ് അപകടമുണ്ടായതെന്നാണ് പരിക്കേറ്റവര്‍ പറയുന്നത്. തിക്കിലും തിരക്കിലും പലരും വീണത് അപകടത്തിന്റെ വ്യാപ്തി കൂട്ടാനിടയാക്കി.

മംഗളൂരു എജെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലുള്ളത് 21 പേരാണ്. ഇതില്‍ എട്ട് പേര്‍ ഗുരുതരാവസ്ഥയിലാണ്. ഇവരെ തീവ്രപരിചരണവിഭാഗത്തിലേക്ക് മാറ്റി. എട്ട് പേരുടെയും ആരോഗ്യനില തൃപ്തികരമെന്നും അതീവ ഗുരുതരമല്ലെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. 30% വരെ പൊള്ളലേറ്റവരുണ്ട്. അവരെ ആണ് തീവ്രപരിചരണവിഭാഗത്തിലേക്ക് മാറ്റിയിരിക്കുന്നത്.

കോഴിക്കോട് മിംസില്‍ ആറു പേരാണ് ചികിത്സയിലുളളത്. 4 പേര്‍ വെന്റിലേറ്ററിലാണ്. ഷിബിന്‍ രാജ് , ബിജു, വിഷ്ണു, രതീഷ് എന്നിവരാണ് വെന്റിലേറ്ററിലുളളത്. കണ്ണൂര്‍ മിംസില്‍ 25 പേര്‍ ചികിത്സയിലുണ്ട്. പരിയാരം മെഡിക്കല്‍ കോളേജില്‍ 5 പേര്‍ ചികിത്സയിലുണ്ട്. ഇവരില്‍ ഒരാളുടെ നില ഗുരുതരമാണ്. കണ്ണൂര്‍ ആസ്റ്റര്‍ മിംസില്‍ 24 പേര്‍ ചികിത്സയിലുണ്ട്. ഇവരില്‍ ഒരാളുടെ നില ഗുരുതരമാണ്. കോഴിക്കോട് ബേബി മെമ്മോറിയലില്‍ ചികിത്സയിലുളള രണ്ട് പേരില്‍ ഒരാളുടെ നില ഗുരുതരമാണ്.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!