ആർബിഎസ്കെ പദ്ധതിയിൽ കോഴിക്കോടിന് മികച്ച നേട്ടം

കോഴിക്കോട്: കോഴിക്കോട് ജില്ലക്ക് 2023-24 വർഷത്തെ മികച്ച രാഷ്ട്രീയ ബാൽ സ്വാസ്ഥ്യ കാര്യക്രം (ആർബിഎസ്കെ) ചൈൽഡ് ഹെൽത്ത് പ്രവർത്തനത്തിനുള്ള അവാർഡ്. ശിശു ആരോഗ്യ പ്രവർത്തനങ്ങളിലെ വിവിധ നേട്ടങ്ങൾ പരിഗണിച്ചാണ് പുരസ്കാരം ലഭിച്ചത്.

തിരുവനന്തപുരത്ത് നടന്ന സംസ്ഥാനതല സീനിയർ മെഡിക്കൽ ഓഫീസർമാരുടെ യോഗത്തിൽ ആരോഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. രാജൻ ഖോബ്രഗഡെയിൽ നിന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൻ രാജേന്ദ്രൻ അംഗീകാരം ഏറ്റുവാങ്ങി.

നവജാതശിശു മുതൽ 18 വയസ് വരെയുള്ള കുട്ടികളിലെ ജനന വൈകല്യങ്ങൾ, വളർച്ചയിലും വികാസത്തിലേയും കാലതാമസം, ബാല്യകാല അസുഖങ്ങൾ തുടങ്ങി 30 തരം അസുഖങ്ങൾ നേരത്തെ കണ്ടെത്തുന്നതിനും സൗജന്യ ചികിത്സ ലഭ്യമാക്കുന്നതിനുമായി കേന്ദ്രസർക്കാർ പിന്തുണയോടെ കേരളത്തിൽ നടപ്പിലാക്കിവരുന്ന ദേശീയ പദ്ധതിയാണ് ആർബിഎസ്കെ. എല്ലാ സർക്കാർ ആശുപത്രികളിലും പദ്ധതി നടപ്പിലാക്കി വരുന്നു.

അംഗനവാടികൾ, ഹയർസെക്കൻഡറി തലം വരെയുള്ള സർക്കാർ/സർക്കാർ എയ്ഡഡ് സ്കൂളുകൾ, പ്രതിരോധ കുത്തിവെപ്പ് കേന്ദ്രങ്ങൾ എന്നിവ കേന്ദ്രീകരിച്ചാണ് പദ്ധതി നടത്തുന്നത്.

വിദഗ്ധ പരിശീലനം ലഭിച്ച ആർബിഎസ്കെ നഴ്സുമാരാണ് പരിശോധനകൾ നടത്തുന്നത്. ഈ പരിശോധന വഴി കണ്ടെത്തുന്ന കുട്ടികൾക്ക് സൗജന്യ ചികിത്സ ഉറപ്പാക്കുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!