പുതു ചുവടുകളുമായി ‘ക്യാംപസസ് ഓഫ് കോഴിക്കോട്’ യൂണിറ്റുകൾ

സാമൂഹ്യാധിഷ്ഠിത വികസന-ക്ഷേമ രംഗങ്ങളിൽ പുതിയ ചുവടുവെപ്പുകൾക്ക് ഒരുങ്ങി ജില്ലയിലെ ക്യാമ്പസുകൾ. ജില്ലാ ഭരണകൂടത്തിന്റെ കീഴിൽ ‘ക്യാമ്പസസ് ഓഫ് കോഴിക്കോട്’ പദ്ധതിയുടെ കീഴിൽ വിവിധ സാമൂഹ്യ മേഖലകൾ കേന്ദ്രീകരിച്ചുള്ള പദ്ധതി പരിപാടികൾക്കാണ്‌ ക്യാമ്പസുകൾ രൂപം നൽകിയത്.

ഭിന്നശേഷി, ജീവിതശൈലി രോഗങ്ങൾ, തൊഴിൽ നൈപുണ്യം തുടങ്ങിയ മേഖലകളാണ്‌ ആദ്യഘട്ടത്തിൽ കേന്ദ്രീകരിക്കുന്നത്. കോളേജുകളുടെ സമീപത്തുള്ള തദ്ദേശസ്ഥാപന മേഖലയിൽ നിന്ന് ഭിന്നശേഷിയുള്ളവരെ കണ്ടെത്തി ഭിന്നശേഷി ആനുകൂല്യങ്ങൾക്ക് ആവശ്യമായ അടിസ്ഥാന രേഖകൾ ലഭ്യമാക്കി നൽകുക, സഹായ ഉപകരണ വിതരണത്തിനാവശ്യമായ പിന്തുണ നൽകുക, കോളേജ് വിദ്യാർത്ഥികൾക്കിടയിൽ നവീന തൊഴിൽ മേഖലകൾ സംബന്ധിച്ച അവബോധം വളർത്തുക, നൈപുണ്യ വികസന പരിപാടികൾ കൂടുതൽ കേന്ദ്രീകൃതമായ നിലയിൽ നടപ്പാക്കുക, മേഖലയിലെ സർക്കാർ തലത്തിലുള്ള പദ്ധതി പരിപാടികളെ ഫലപ്രദമായി പ്രയോജനപ്പെടുത്തുക, വ്യവസായ സംരംഭങ്ങളും കോളേജുകളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുക, ഇൻ്റേൺഷിപ്പ് തുടങ്ങിയ പ്രവർത്തി പരിചയം ഉറപ്പാക്കുക, ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന ജീവിതശൈലി രോഗങ്ങളുടെ സമഗ്ര പ്രതിരോധ നിയന്ത്രണ പരിപാടിയായ ‘ജീവതാളം’ പദ്ധതിയുടെ വിപുലമായ ക്യാമ്പയിൻ പരിപാടികൾ തുടങ്ങി വിവിധയിനം പദ്ധതി പരിപാടികൾക്ക് യോഗം രൂപം നൽകി.

കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന യോഗം ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിങ്ങ് ഉദ്ഘാടനം ചെയ്തു. അസിസ്റ്റൻ്റ് കലക്ടർ ആയുഷ് ഗോയൽ കോളേജ് പ്രതിനിധികളുമായി സംവദിച്ചു. ജില്ലാ കളക്ടറുടെ ഇന്റേൺഷിപ് പദ്ധതിയിലെ ഇന്റേണുകൾ ചർച്ചകൾക്ക് നേതൃത്വം നൽകി.

വിവിധ ക്യാമ്പസുകളിലെ ക്യാമ്പസസ് ഓഫ് കോഴിക്കോട് യൂനിറ്റ് പ്രിൻസിപ്പൽമാർ, ടീച്ചർ, സ്റ്റുഡന്റ് കോർഡിനേറ്റർമാർ യോഗത്തിൽ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!