മാധ്യമ പ്രവര്‍ത്തകരുടെ ശ്രദ്ധയ്ക്ക്: മീഡിയാ പാസ് സംബന്ധിച്ച അറിയിപ്പ്

മാധ്യമ പ്രവര്‍ത്തകരുടെ ശ്രദ്ധയ്ക്ക്: മീഡിയാ പാസ് സംബന്ധിച്ച അറിയിപ്പ്
വയനാട് ലോക്സഭാ ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ്, വോട്ടെണ്ണല്‍ എന്നിവ റിപ്പോര്‍ട്ട് ചെയ്യുന്ന മാധ്യമ പ്രവര്‍ത്തകര്‍ക്കു തെരഞ്ഞെടുപ്പ് കമ്മിഷന്‍ നല്‍കുന്ന അതോറിറ്റി ലെറ്ററുകള്‍ അനുവദിക്കുന്നതിനായുള്ള പട്ടിക ഒക്ടോബര്‍ 28 ന് വൈകിട്ട് 5 മണിക്കകം മലപ്പുറം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ ലഭ്യമാക്കണമെന്ന് അഭ്യര്‍ഥിക്കുന്നു. പി. ആര്‍. ഡി മീഡിയ ലിസ്റ്റില്‍ (മീഡില്‍ ഹാന്‍ഡ് ബുക്ക് അല്ല) ഉള്‍പ്പെട്ട മാധ്യമങ്ങള്‍ക്കാണ് അതോറിറ്റി ലെറ്റര്‍ അനുവദിക്കുക.

വോട്ടെണ്ണലിന് ഒരു വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ ഇലക്ട്രോണിക് മാധ്യമത്തില്‍ നിന്നു രണ്ടു പേര്‍ക്കും പത്ര/വാര്‍ത്താ ഏജന്‍സികളില്‍നിന്ന് ഒരാള്‍ക്കും മാത്രമേ അതോറിറ്റി ലെറ്റര്‍ അനുവദിക്കൂ എന്നു തെരഞ്ഞെടുപ്പു കമ്മിഷന്‍ അറിയിച്ചിട്ടുണ്ട്.

അതോറിറ്റി ലെറ്ററുകള്‍ അനുവദിക്കേണ്ട മാധ്യമ പ്രവര്‍ത്തകന്റെ പേര്, തസ്തിക, സ്ഥാപനത്തിന്റെ പേര്, അഡ്രസ്, മൊബൈല്‍ നമ്പര്‍, പാസ് അനുവദിക്കേണ്ട മണ്ഡലത്തിന്റെ പേര് (വോട്ടെണ്ണലിനുള്ള പട്ടികയില്‍ കൗണ്ടിങ് കേന്ദ്രത്തിന്റെ പേരാണ് ഉള്‍പ്പെടുത്തേണ്ടത്) എന്നീ വിവരങ്ങളും ഇംഗ്ലീഷില്‍ ടൈപ്പ് ചെയ്തത് മൂന്നു പാസ്പോര്‍ട്ട് സൈസ് ഫോട്ടോകള്‍ സഹിതം നല്‍കണം. ഫോട്ടോകളുടെ പിന്‍വശത്തു വ്യക്തികളുടെ പേര് വ്യക്തമായി രേഖപ്പെടുത്തണം. വോട്ടെണ്ണലിനും വോട്ടെടുപ്പിനും പ്രത്യേകം പട്ടികകള്‍ തയാറാക്കി നല്‍കണം. പോളിംഗിനും വോട്ടെണ്ണലിനും പാസ് വേണ്ടവര്‍ ആകെ 6 ഫോട്ടോ നല്‍കണം.


പട്ടികവര്‍ഗക്കാര്‍ക്ക് സിവില്‍ സര്‍വ്വീസ് പരീക്ഷാ പരിശീലനം
പട്ടിക വര്‍ഗ യുവതി യുവാക്കള്‍ക്ക് സിവില്‍ സര്‍വ്വീസ് പരിശീലന പരിപാടിയില്‍ പങ്കെടുക്കുന്നതിന് ക്ഷണിച്ചു. അപേക്ഷകര്‍ പട്ടിക വര്‍ഗത്തില്‍പ്പെട്ടവരും 30 ന് താഴെ പ്രായമുള്ളവരുമായിരിക്കണം. ബിരുദ പഠനത്തില്‍ കുറഞ്ഞത് 50 ശതമാനം മാര്‍ക്ക് ലഭിക്കണം. അവസാന സെമസ്റ്റര്‍ ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം സെമസ്റ്റര്‍ സമ്പ്രദായത്തില്‍ ബിരുദപഠനം നടത്തിയവരാണെങ്കില്‍ അവസാന സെമസ്റ്ററിന് തൊട്ട് മുമ്പ് വരെ ഫലം പ്രഖ്യാപിച്ച സെമസ്റ്റര്‍ പരീക്ഷകളിലെല്ലാം 50 ശതമാനം മാര്‍ക്കോടെ വിജയിച്ചിരിക്കണം. കുടുംബ വാര്‍ഷിക വരുമാനം 2.50 ലക്ഷം രൂപ കവിയാന്‍ പാടില്ല താത്പര്യമുള്ളവര്‍ യോഗ്യതാ പരീക്ഷയുടെ സര്‍ട്ടിഫിക്കറ്റിന്റെയും ജാതി- വരുമാന സര്‍ട്ടിഫിക്കറ്റിന്റെയും പകര്‍പ്പുകള്‍ സഹിതം നിര്‍ദ്ദിഷ്ട അപേക്ഷ പട്ടികവര്‍ഗ വികസന വകുപ്പ് ഡയറക്ടറേറ്റില്‍ ഒക്ടോബര്‍ 31 ന് വൈകിട്ട് 5 നകം നേരിട്ടോ തപാല്‍ മാര്‍ഗമോ ലഭ്യമാക്കണം. 2023-24 വര്‍ഷം സിവില്‍ സര്‍വ്വീസ് പരിശീലന പരിപാടിയില്‍ പരിശീലനം ലഭിച്ചവര്‍ ഈ പരിശീലനത്തിന് അപേക്ഷിക്കേണ്ടതില്ല. അയക്കേണ്ട വിലാസം- സംയോജിത പട്ടികവര്‍ഗ വികസന പ്രോജക്ട് ഓഫീസറുടെ കാര്യാലയം, മിനി സിവില്‍ സ്റ്റേഷന്‍, രണ്ടാംനില, ചന്തക്കുന്ന് പി.ഒ, നിലമ്പൂര്‍, മലപ്പുറം ജില്ല- 679329.

രണ്ടാം ഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു
കേരളത്തിലെ ഗവണ്‍മെന്റ് ലോ കോളേജുകളിലെയും സംസ്ഥാന സര്‍ക്കാരുമായി സീറ്റ് പങ്കിടുന്ന സ്വകാര്യ സ്വാശ്രയ ലോ കോളേജുകളിലെയും 2024-25 ലെ ത്രിവത്സര എല്‍.എല്‍.ബി. കോഴ്സിലേക്ക് പ്രവേശനത്തിനുള്ള രണ്ടാം ഘട്ട കേന്ദ്രീകൃത അലോട്ട്മെന്റ് www.cee.kerala.gov.in എന്ന വെബ്സെറ്റില്‍ പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് ലഭിച്ച വിദ്യാര്‍ത്ഥികള്‍ അവരവരുടെ അലോട്ട്മെന്റ് മെമ്മോയും പ്രോസ്പെക്ടസ് ക്ലോസ് 19 -ല്‍ പറയുന്ന അസല്‍ രേഖകളും സഹിതം ഒക്ടോബര്‍ 30ന് വൈകിട്ട് 3 മണിക്കുള്ളില്‍ ബന്ധപ്പെട്ട കോളേജില്‍ നേരിട്ട് ഹാജരായി പ്രവേശനം നേടേണ്ടതാണ്. അലോട്ട്മെന്റ് സംബന്ധിച്ച വിശദവിവരങ്ങള്‍ക്ക് പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.

ഗസ്റ്റ് അദ്ധ്യാപക നിയമനം
കേരള സര്‍ക്കാര്‍ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന എല്‍.ബി.എസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്നോളജിയുടെ തിരുവനന്തപുരം നന്ദാവനത്തുള്ള കേന്ദ്ര ഓഫീസിലേക്ക് ടാലി/ ഡി.സി.എഫ്.എ കോഴ്സ് പഠിപ്പിക്കുവാന്‍ ഗസ്റ്റ് അദ്ധ്യാപകരെ ആവശ്യമുണ്ട്. യോഗ്യത:- ബി.കോം ഫസ്റ്റ് ക്ലാസ് ബിരുദവും ഡി.സി.എഫ്.എയും അല്ലെങ്കില്‍ എം.കോം ഫസ്റ്റ് ക്ലാസ് ബിരുദവും ടാലി കോഴ്സും. പി.ജി.ഡി.സി.എ അദ്ധ്യാപന പരിചയം അഭികാമ്യം.

അപേക്ഷകര്‍ യോഗ്യത, മുന്‍പരിചയം, എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ ബയോഡാറ്റ എന്നിവ ഒക്ടോബര്‍ 29ന് മുന്‍പായി തിരുവനന്തപുരം നന്ദാവനത്തുള്ള കേന്ദ്ര ഓഫീസില്‍ നേരിട്ടോ ഇ-മെയില്‍ മുഖാന്തിരമോ ഹാജരാക്കേണ്ടതാണ്. ഇ മെയില്‍: courses.lbs@gmail.com എഴുത്തു പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തില്‍ പരമാവധി ഒരു വര്‍ഷത്തേക്കാണ് നിയമനം നടത്തുക. പരീക്ഷാ തീയതി പിന്നീട് അറിയിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഡയറക്ടര്‍, എല്‍ ബി എസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്നോളജി, പാളയം, തിരുവനന്തപുരം എന്ന വിലാസത്തിലോ, ഫോണ്‍ 0471-2560333 എന്ന നമ്പറിലോ ബന്ധപ്പെടാവുന്നതാണ്.

എച്ച്.ഡി.സി ആന്‍ഡ് ബി.എം പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു
സംസ്ഥാന സഹകരണ യൂണിയന്‍ 2024 ആഗസ്റ്റില്‍ നടത്തിയ എച്ചി.ഡി.സി ആന്‍ഡ് ബി.എം പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനുള്ള അപേക്ഷ നവംബര്‍ 23 വരെ സഹകരണ പരിശീലന കോളേജുകളില്‍ സ്വീകരിക്കും. പരീക്ഷാ ഫലം www.scu.kerala.gov.in ല്‍ ലഭ്യമാണ്.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!