മൻ കി ബാത്തിൽ പ്രധാനമന്ത്രി അഭിനന്ദിച്ച സുബ്രഹ്മണ്യന് ആദരം


കസേര മടയൽ ജോലിയായി സ്വീകരിച്ച് പുനരുപയോഗത്തിലെ പാഠങ്ങൾ പുതു തലമുറയ്ക്ക് പകർന്ന് നൽകി മാതൃകാപരമായ പ്രവർത്തനം നടത്തുന്ന കോഴിക്കോട് ഒളവണ്ണ സ്വദേശി സുബ്രമണ്യനെ ആദരിച്ചു. 23,000 വള്ളികസേരകൾ നന്നാക്കിയ 74-കാരനായ സുബ്രമണ്യനെ ട്രിപ്പിൾ ആർ ചാമ്പ്യൻ (റെഡ്യൂസ്, റീയൂസ്, റീസൈക്കിൾ) എന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി മൻ കി ബാത്ത് റേഡിയോ പ്രക്ഷേപണത്തിൽ വിശേഷിപ്പിച്ചത്.
ജില്ലാ ശുചിത്വ മിഷന്റെ നേതൃത്വത്തിൽ കളക്ട്രേറ്റിൽ നടന്ന ചടങ്ങിൽ ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിങ് സുബ്രമണ്യന് അനുമോദന പത്രം നൽകി. ജില്ലാ ശുചിത്വ മിഷൻ കോർഡിനേറ്റർ എം ഗൗതമൻ, സി കെ സരിത്ത്, ജ്യോതിഷ് ഒ തുടങ്ങിയവരും സുബ്രമണ്യന്റെ കുടുംബവും പരിപാടിയിൽ പങ്കെടുത്തു.








