പന്ത്രണ്ടുകാരന്‍ മരിച്ച സംഭവത്തില്‍ അന്വേഷണത്തില്‍ രാസവസ്തുക്കളുടെ സാന്നിധ്യം കണ്ടെത്തി
കൊയിലാണ്ടി: അരിക്കുളത്ത് ഛര്‍ദ്ദിയെ തുടര്‍ന്ന് പന്ത്രണ്ടുകാരന്‍ മരിച്ച സംഭവത്തില്‍ അന്വേഷണത്തില്‍ രാസവസ്തുക്കളുടെ സാന്നിധ്യം കണ്ടെത്തിയതോടെ പൊലീസ് വീട്ടിലെത്തി ശാസ്ത്രീയമായി തെളിവുകള്‍ ശേഖരിച്ചു തുടങ്ങി.
ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കഴിഞ്ഞ ദിവസം വീട്ടിലും കടയിലും എത്തി തെളിവുംകള്‍ ശേഖരിക്കുകയും, ഇന്ന് വീണ്ടും രാവിലെ ഡോഗ് സ്‌ക്വാഡ് സ്ഥലത്തെത്തിച്ച് പരിശോധന നടത്തി.
അരിക്കുളം കോറോത്ത് മുഹമ്മദലിയുടെ മകന്‍ അഹമ്മദ് ഹസന്‍ ഹിസായി ആണ് ഛര്‍ദ്ദിയെ തുടര്‍ന്ന് കഴിഞ്ഞ തിങ്കളാഴ്ച മരിച്ചത്. പന്ത്രണ്ടു വയസായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു മരണം. ഐസ്‌ക്രീം കഴിച്ചതിന് പിന്നാലെ ഞായറാഴ്ച വൈകീട്ട് കുട്ടിക്ക് ഛര്‍ദ്ദി അനുഭവപ്പെടുകയായിരുന്നു. തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിക്കുന്നത്. തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടത്തിയ പോസ്റ്റുമോര്‍ട്ട റിപ്പോര്‍ട്ടിലാണ് രാസവസ്തുവിന്റെ സന്നിധ്യം കണെ്ടത്തിയത്. എന്നാല്‍ ഫോറന്‍സി പരിശോധന ഫലം കൂടി ലഭിക്കുന്നതോടെയാണ് മരണ കാരണം വ്യക്തമാവുക.
ഡി.വൈ.എസ്.പി ഹരിപ്രസാദിന് പുറമെ കൊയിലാണ്ടി സ്റ്റേഷന്റെ ചുമതലയുള്ള സി. ഐ സുഭാഷ് ബാബു, അന്വേഷണ ചുമതലയുള്ള എസ്.ഐ അനീഷ്, എന്നിവരുടെ നേതൃത്വത്തിലാണ് കേസ്സ് അന്വേഷിക്കുന്നത്. മാതാപിതാക്കളെയും ബന്ധുവിനെയും ഇന്നലെ വീട്ടിലെത്തിയും ഇന്ന് കൊയിലാണ്ടി സ്റ്റേഷനിലേക്ക് വിളിച്ച് വരുത്തിയും വിവരങ്ങള്‍ ശേഖരിച്ചതായി പോലീസ് അറിയിച്ചു.


