പ്രിസം മോഡല്‍ പഠിക്കാന്‍ നടക്കാവ്, കാരപ്പറമ്പ് സ്‌കൂളുകള്‍ സന്ദര്‍ശിച്ച് മന്ത്രി രാജനും സംഘവും

കോഴിക്കോട് : ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട സ്‌കൂളുകളില്‍ മുന്‍ എംഎല്‍എ എം പ്രദീപ് കുമാറിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കിയ പ്രിസം പദ്ധതിയെ കുറിച്ച് കൂടുതലറിയാന്‍ റവന്യൂ മന്ത്രി കെ രാജന്റെ നേതൃത്വത്തിലുള്ള സംഘം നടക്കാവ് ജിവിഎച്ച്എസ്എസ് ഫോര്‍ ഗേള്‍സ്, കാരപ്പറമ്പ് ഗവ. ഹയര്‍ സെക്കന്ററി സ്‌കൂള്‍ എന്നിവിടങ്ങളില്‍ സന്ദര്‍ശനം നടത്തി. മന്ത്രിയുടെ മണ്ഡലമായ ഒല്ലൂരിലെ 10 സ്‌കൂളുകളെ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെയാണ് സന്ദര്‍ശനം. പാണഞ്ചേരി പഞ്ചായത്തിലെ പട്ടിക്കാട് ഗവ. എല്‍പി സ്‌കൂളില്‍ നടപ്പാക്കാന്‍ ആഗ്രഹിക്കുന്ന പദ്ധതിയിലേക്ക് കൂടുതല്‍ ആശയങ്ങള്‍ സമാഹരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് സന്ദര്‍ശനം. പാണഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് പി പി രവീന്ദ്രന്‍, പട്ടിക്കാട് ജിഎല്‍പിഎസ് പ്രധാനാധ്യാപിക വി വി സുധ എന്നിവര്‍ അടങ്ങിയ സംഘമാണ് സന്ദര്‍ശനത്തിനെത്തിയത്.

സ്‌കൂളിലെ ക്ലാസ് മുറികള്‍, ലാബുകള്‍, ലൈബ്രറി, ഇന്‍ഡേര്‍ സ്റ്റേഡിയം, ഡൈനിംഗ് ഹാള്‍, മറ്റ് സൗകര്യങ്ങള്‍ തുടങ്ങിയ നേരില്‍ക്കണ്ട സംഘം സ്‌കൂള്‍ അധികൃതര്‍, അധ്യാപകര്‍, വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവരുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു.

പാണഞ്ചേരി പഞ്ചായത്തിന്റെ ‘വിദ്യാഭ്യാസ സമൃദ്ധി’ പദ്ധതിയുടെ ഭാഗമായാണ് പട്ടിക്കാട് എല്‍പി സ്‌കൂളിലെ അധ്യാപകരും വിദ്യാര്‍ഥികളും പിടിഎ, എംപിടിഎ അംഗങ്ങളും പഞ്ചായത്ത് അധികൃതരും ഉള്‍പ്പെടെയുള്ള സംഘം ‘പഠനയാത്ര’യ്ക്കായി കോഴിക്കോട് ജില്ലയിലെ നടക്കാവ്, കാരപ്പറമ്പ് ഗവ സ്‌കൂളുകളും കണ്ണൂര്‍ ജില്ലയിലെ മുണ്ടേരി ഗവ. ഹയര്‍സെക്കന്ററി സ്‌കൂളുമാണ് തെരഞ്ഞെടുത്തതെന്ന് മന്ത്രി പറഞ്ഞു. സര്‍ക്കാര്‍ സ്‌കൂളുകളെ അന്താരാഷ്ട്ര നിലവാരവുള്ള മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റുന്ന പ്രിസം പദ്ധതി എ പ്രദീപ്കുമാര്‍ എംഎല്‍എ ആയിരുന്നപ്പോള്‍ ഉരുത്തിരിഞ്ഞ ആശയമാണ്. ഇതാണ് പിന്നീട് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലേക്കുള്ള വഴികാട്ടിയായതെന്നും മന്ത്രി പറഞ്ഞു. എല്‍കെജി മുതല്‍ നാലാം ക്ലാസ് വരെ 600 ഓളം വിദ്യാര്‍ഥികള്‍ പഠിക്കുന്ന സ്‌കൂളാണ് ഒല്ലൂര്‍ മണ്ഡലത്തിലെ പട്ടിക്കാട് ഗവണ്‍മെന്റ് എല്‍ പി സ്‌കൂള്‍. അവിടെ ആറുകോടിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും മൂന്നു കോടി രൂപയുടെ സ്റ്റേഡിയവും തയ്യാറാക്കിയിട്ടുണ്ട്. അടിസ്ഥാന സൗകര്യ വികസനത്തിനൊപ്പം എല്ലാ മേഖലകളിലും മികവ് പ്രദര്‍ശിപ്പിച്ച് സമഗ്രമായ വികസനം കാഴ്ചവയ്ക്കുന്ന മാതൃകകള്‍ സന്ദര്‍ശിക്കുകയാണ് യാത്രയുടെ ലക്ഷ്യമെന്നും മന്ത്രി വ്യക്തമാക്കി. പ്രിസം പദ്ധതിയുടെ ഉപജ്ഞാതാക്കളെയും സ്‌കൂള്‍ അധികൃതരെയും ഉള്‍പ്പെടെ പങ്കെടുപ്പിച്ച് പട്ടിക്കാട് സ്‌കൂള്‍ വികസനവുമായി ബന്ധപ്പെട്ട് ഒരു ശില്‍പശാല സംഘടിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു.

അടിസ്ഥാന സൗകര്യങ്ങളുടെ വികസനം മാത്രമല്ല വിദ്യാര്‍ഥികളുടെ സമഗ്ര പുരോഗതിയും അത് കൈവരിക്കുന്നതിന് ആവശ്യമായ അന്തരീക്ഷം ഒരുക്കലുമാണ് പ്രിസം പദ്ധതിയിലൂടെ ലക്ഷ്യമിട്ടതെന്ന് മുന്‍ എംഎല്‍എ എ പ്രദീപ് കുമാര്‍ പറഞ്ഞു. നടക്കാവ് ജിവിഎച്ച്എസ്എസ് ഫോര്‍ ഗേള്‍സില്‍ നടന്ന യോഗത്തില്‍ രവീന്ദ്രന്‍ തോട്ടത്തില്‍ എംഎല്‍എ, മുന്‍ എംഎല്‍എ എ പ്രദീപ് കുമാര്‍, പാണഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് പി പി രവീന്ദ്രന്‍, വൈസ് പ്രസിഡന്റ് സാവിത്രി സദാനന്ദന്‍, സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷരായ കെ വി അനിത, സുബൈദ അബൂബക്കര്‍, വാര്‍ഡ് മെമ്പര്‍മാരായ സ്വപ്ന രാധാകൃഷ്ണന്‍, ആരിഫ റാഫി, പി ദീപു, ആസൂത്രണ സമിതി അംഗങ്ങളായ മാത്യു നൈനാന്‍, കെ വി ചന്ദ്രന്‍, കെ അബൂബക്കര്‍, പട്ടിക്കാട് ജിഎല്‍പിഎസ് പ്രധാനാധ്യാപിക വി വി സുധ, നടക്കാവ് ജിവിഎച്ച്എസ്എസ് പ്രിന്‍സിപ്പല്‍ സി ഗിരീഷ് കുമാര്‍, ഹെഡ്മാസ്റ്റര്‍ കെ വി പ്രേമചന്ദ്രന്‍, പി ടി എ പ്രസിഡണ്ട് എന്‍ മുനീര്‍, എം.പി.ടി.എ സന്നിധ, എസ്എംസി ചെയര്‍മാന്‍ ഷെയ്ക് ഷറഫുദ്ദീന്‍, ഫൈസല്‍ ആന്റ് ഷബാന ഫൗണ്ടേഷന്‍ പ്രതിനിധി റോഷന്‍ ജോണ്‍, സ്‌കൂള്‍ ലീഡര്‍ അഭിരാമി തുടങ്ങിയവര്‍ സംസാരിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!