12 ഇ-സേവനങ്ങൾക്ക് കൂടി തുടക്കം; റവന്യു സേവനങ്ങൾ പൂർണമായും ഡിജിറ്റലാകും: മന്ത്രി കെ രാജൻ

റവന്യൂ വകുപ്പിന്റെ പ്രവര്‍ത്തനങ്ങളുടെ വേഗതയും സുതാര്യതയും ഉറപ്പാക്കാന്‍ കഴിയുമെന്നതിനാല്‍ സമ്പൂര്‍ണ ഡിജിറ്റല്‍ സേവനം റവന്യു വകുപ്പില്‍ ഉറപ്പു വരുത്തുമെന്ന് റവന്യു വകുപ്പ് മന്ത്രി കെ രാജന്‍ പറഞ്ഞു. തിരുവനന്തപുരം അയ്യങ്കാളി ഹാളില്‍ നടന്ന ചടങ്ങില്‍ റവന്യൂ വകുപ്പ് നടപ്പിലാക്കുന്ന പുതിയ 12 ഇ-സേവനങ്ങളുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

സംസ്ഥാനത്ത് എല്ലാവര്‍ക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാര്‍ട്ട് എന്ന നയത്തിന്റെ ഭാഗമായി റവന്യു വകുപ്പും സ്മാര്‍ട്ട് ആവുകയാണ്. കേരളത്തിലേറ്റവും കൂടുതല്‍ പട്ടയങ്ങള്‍ നല്‍കിയ സര്‍ക്കാരാണിത്. മൂന്ന് വര്‍ഷത്തിനുള്ളില്‍ 1,80,877 പട്ടയങ്ങളാണ് വിതരണം ചെയ്തത്.

ക്യു ആര്‍ കോഡ് രേഖപ്പെടുത്തിയ ഇ-പട്ടയങ്ങളാണ് നിലവില്‍ നല്‍കുന്നത്. ജന്മിത്തവുമായി ബന്ധപ്പെട്ട എല്ലാ കേസുകളും അവസാനിപ്പിക്കുന്നതിനുള്ള ശ്രമങ്ങളാണ് നിലവില്‍ കേരളം നടത്തുന്നത്. 2022 നവംബര്‍ 1 ന് ആരംഭിച്ച ഡിജിറ്റല്‍ റീസര്‍വേ 4,85,000 ഹെക്ടറില്‍ പൂര്‍ത്തിയാക്കാന്‍ സാധിച്ചത് അഭിമാനകരമാണെന്ന് മന്ത്രി പറഞ്ഞു.

വില്ലേജ് ഓഫീസുകള്‍ മുതല്‍ ഡയറക്ടറേറ്റ് വരെയുള്ള മുഴുവന്‍ സ്ഥാപനങ്ങളും സേവനങ്ങളും ഡിജിറ്റലാക്കി മാറ്റും. ലോക കേരള സഭയുടെ രണ്ടാമത്തെ എഡിഷനില്‍ റവന്യു വകുപ്പ് പ്രഖ്യാപിച്ച പ്രവാസി മിത്രം പോര്‍ട്ടലിലൂടെ പ്രവാസികള്‍ക്ക് റവന്യു അപേക്ഷയുടെ നിജസ്ഥിതി പരിശോധിക്കുന്നതിനുള്ള അവസരം ഇ-സേവനങ്ങളിലൂടെ ലഭിക്കും. പ്രവാസികള്‍ക്ക് ഭൂ നികുതി, കെട്ടിട നികുതി, തരം മാറ്റമടക്കമുള്ള സേവനങ്ങള്‍ ഓണ്‍ലൈനായി നടത്താം എന്നത് കേരളത്തിന്റെ ചരിത്ര നേട്ടമാന്നെന്ന് മന്ത്രി പറഞ്ഞു.

ഭൂമിയിന്‍മേല്‍ ബാങ്കുകളില്‍ നിന്നുള്ള വായ്പയുടെ വിശദാംശങ്ങള്‍ അറിയുന്ന ഇലക്ട്രോണിക് മോര്‍ട്ട്‌ഗേജ് റിക്കോര്‍ഡര്‍ മറ്റൊരു പ്രധാന സേവനമാണ്. ഭൂമിയേറ്റെടുക്കല്‍ നടപടി ക്രമങ്ങള്‍ സുതാര്യമാക്കുക എന്നതാണ് ലാന്‍ഡ് അക്വിസിഷന്‍ മാനേജ്‌മെന്റ് സിസ്റ്റം എന്ന സേവനത്തിന്റെ ലക്ഷ്യം. റവന്യു ഇ-സര്‍വീസുകള്‍ മൊബൈല്‍ ആപ്പിലൂടെ ഉടന്‍ തന്നെ ലഭ്യമാകുന്നതിനുള്ള നടപടി അന്തിമ ഘട്ടത്തിലാണെന്നും മന്ത്രി അറിയിച്ചു.

10 വിദേശ രാജ്യങ്ങളില്‍ ലഭ്യമാകുന്ന ഭൂസംബന്ധമായ സേവനങ്ങള്‍, ഇലക്ട്രോണിക് മോര്‍ട്ട്ഗേജ് റിക്കോര്‍ഡറായ www.emr.kerala.gov.in, ഏത് ഭൂമിയും തിരയുന്നതിനുള്ള സൗകര്യം ലഭ്യമാക്കുന്ന www.revenue.kerala.gov.in, കെ ബി ടി അപ്പീല്‍-ഓണ്‍ലൈന്‍ സംവിധാനം, റവന്യൂ റിക്കവറി ഡിജിറ്റല്‍ പെയ് മെന്റ്, ബിസിനസ് യൂസര്‍ -PAN ഉപയോഗിച്ചുള്ള ലോഗിന്‍ സൗകര്യം, റവന്യൂ ഇ – സര്‍വ്വീസ് മൊബൈല്‍ ആപ്പ്, ലാന്‍ഡ് അക്വിസിഷന്‍ മാനേജ്‌മെന്റ് സിസ്റ്റമായ www.lams.revenue.kerala.gov.in, വില്ലേജ് ഡാഷ്‌ബോര്‍ഡ് VOMIS, ഗ്രീവെന്‍സ് & ഇന്നോവേഷന്‍സ്, സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍, റവന്യൂ ഇ-കോടതി എന്നിവയാണ് പുതിയതായി നടപ്പിലാക്കുന്ന ഇ-സേവനങ്ങള്‍.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!