കേരള സര്‍വകലാശാലയില്‍ 58 കോടിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ ഉടന്‍ നടപ്പിലാക്കും : മന്ത്രി ഡോ ആര്‍ ബിന്ദു

സര്‍വകലാശാലകളിലും കോളേജുകളിലും നടത്തിവരുന്ന വികസന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കേരള സര്‍വകലാശാലയില്‍ 58 കോടിരൂപയുടെ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കുമെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആര്‍ ബിന്ദു. കേരള സര്‍വകലാശാലയില്‍ ഇതിനോടകം ആരംഭിച്ച കേന്ദ്രീകൃത ലാബ് രാജ്യത്തെ തന്നെ ഏറ്റവും മികച്ചതാണെന്നും മന്ത്രി പറഞ്ഞു. സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മപരിപാടികളുടെ ഭാഗമായി കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക മ്യൂസിയത്തില്‍ പ്രവര്‍ത്തനമാരംഭിച്ച കമ്പ്യൂട്ടര്‍ ആര്‍ട്ടി ഫാക്റ്റ്‌സ് മ്യൂസിയത്തിന്റേയും ഗ്യാലറിയുടേയും സ്വയം പ്രേരിത കാലാവസ്ഥാ നിരീക്ഷണ സംവിധാനത്തിന്റേയും ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.

കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക മ്യൂസിയത്തിന്റെ ഭാഗമായ ഇന്നവേഷന്‍ ഹബ് കൂടുതല്‍ വിദ്യാര്‍ഥികള്‍ക്ക് ഉപയുക്തമാക്കുന്നതിനായി ഗവ. ആര്‍ട്സ് കോളേജും ഗവ. വിമന്‍സ് കോളേജുമായി ഒപ്പിട്ട ധാരണാപത്രം ചടങ്ങില്‍ മന്ത്രി കൈമാറി. നാഷണല്‍ സെന്റര്‍ ഫോര്‍ എര്‍ത്ത് സയന്‍സ് സ്റ്റഡീസിന്റെ സഹായത്തോടെയാണ് സ്വയം പ്രേരിത കാലാവസ്ഥ നിരീക്ഷണ സംവിധാനം ചിട്ടപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യന്‍ കമ്പ്യൂട്ടിംഗ് മേഖലയെ അടിസ്ഥാനമാക്കിയാണ് കമ്പ്യൂട്ടര്‍ ആര്‍ട്ടിഫാക്റ്റ്സ് മ്യൂസിയം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

35 കോടി രൂപ ചെലവില്‍ മഹാത്മാഗാന്ധി സര്‍വകലാശാലയിലും കേന്ദ്രീകൃത ലാബ് സജ്ജമാക്കിയിട്ടുണ്ട്. വിജ്ഞാനാധിഷ്ടിത സമൂഹം വാര്‍ത്തെടുക്കാനുതകുന്ന തരത്തിലാണ് അത്യാധുനിക നിലവാരത്തില്‍ ലാബുകളുടെ നിര്‍മ്മാണവും ലൈബ്രറികളുടെ ആധുനികവല്‍ക്കരണവും അടിസ്ഥാനസൗകര്യ വികസനവും നടപ്പിലാക്കുന്നത്. ഈ ലക്ഷ്യം മുന്‍നിര്‍ത്തി കരിക്കുലവും പരിഷ്‌കരിച്ചുവരികയാണ്. വിദ്യാര്‍ഥികളില്‍ ശാസ്ത്രീയ വീക്ഷണവും യുക്തിബോധവും വളര്‍ത്തിയെടുക്കുന്നതില്‍ സര്‍ക്കാര്‍ പ്രഥമ പരിഗണന നല്‍കുന്നുണ്ട്. വിദ്യാര്‍ഥി സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്ന സമീപനമാണ് സര്‍ക്കാരിന്റേതെന്നും ഇതിലൂടെ വിദ്യാര്‍ഥികള്‍ തൊഴില്‍ ദാതാക്കളായി മാറ്റപ്പെടുകയാണെന്നും മന്ത്രി പറഞ്ഞു.

 

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!