കലാലയങ്ങളില്‍ ഇന്നൊവേഷന്‍ ഇന്‍കുബേഷന്‍ സ്റ്റാര്‍ട്ടപ് അന്തരീക്ഷത്തിന് ഊന്നല്‍: ഡോ ആര്‍ ബിന്ദു
നവ വിജ്ഞാന സമൂഹമായി കേരളത്തെ വാര്‍ത്തെടുക്കുന്നതിന് കലാലയങ്ങളില്‍ ഇന്നൊവേഷന്‍ ഇന്‍കുബേഷന്‍ സ്റ്റാര്‍ട്ടപ് അന്തരീക്ഷത്തിനാണ് ഊന്നല്‍ നല്‍കുന്നതെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹികനീതി വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദു. വിദ്യാര്‍ത്ഥികള്‍ക്ക് അക്കാദമിക വൈദഗ്ധ്യവും തൊഴില്‍ നൈപുണ്യവും നല്‍കി നൂതനാശയങ്ങളിലൂടെ വ്യാവസായിക മേഖലക്കനുയോജ്യരാക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. കൈമനം സര്‍ക്കാര്‍ വനിതാ പോളിടെക്‌നിക് കോളേജിലെ പുതിയ അക്കാദമിക് ബ്ലോക്കിന്റെ നിര്‍മ്മാണോദ്ഘാടനവും അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിന്റെ ഉദ്ഘാടനവും നിര്‍വ്വഹിക്കുന്നു മന്ത്രി.
സാങ്കേതിക വിഭ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഉള്‍പ്പെടെ അഞ്ഞൂറോളം ഇന്‍കുബേറ്ററുകള്‍ ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. യംഗ് ഇന്നൊവേഷന്‍ ക്ലബ്ബുകളും പ്രവര്‍ത്തിച്ചുവരുന്നുണ്ട്. മികച്ച ആശയങ്ങളെ യാഥാര്‍ത്ഥ്യമാക്കുന്നതിന് അഞ്ചു ലക്ഷം രൂപ മുതല്‍ 25 ലക്ഷം രൂപ വരെ സര്‍ക്കാര്‍ ധനസഹായം നല്‍കുന്നുണ്ട്. നോളജ് മിഷനും കേരള സ്റ്റാര്‍ട്ട് മിഷനും വിദ്യാര്‍ത്ഥികള്‍ക്ക് സാങ്കേതിക സഹായവും മാര്‍ഗനിര്‍ദേശവും ലഭ്യമാക്കുന്നുണ്ട്. ഉന്നത വിഭ്യാഭ്യാസമേഖലയില്‍ പ്രത്യേകിച്ച് സാങ്കേതിക വിദ്യാഭ്യാസത്തിന് കൂടുതല്‍ പരിഗണനയാണ് നല്‍കുന്നതെന്നും മന്ത്രി പറഞ്ഞു.
കഴിഞ്ഞ നാലു വര്‍ഷത്തിനിടെ ആറായിരം കോടി രൂപയാണ് ഉന്നതവിദ്യാഭ്യാസ മേഖലയുടെ വികസനത്തിനായി വിനിയോഗിച്ചത്. കിഫ്ബി, പ്ലാന്‍ ഫണ്ട്, റൂസോ പദ്ധതി എന്നിവയിലൂടെ രണ്ടായിരം കോടി രൂപയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും നടത്തി. കൈമനം പോളിടെക്‌നിക് കോളേജില്‍ 5.80 കോടി രൂപ ചെലവഴിച്ചാണ് പുതിയ അക്കാദമിക് ബ്ലോക്ക് നിര്‍മ്മിക്കുന്നത്. 3 കോടി രൂപ ചെലവഴിച്ച് നിര്‍മ്മിച്ച പുതിയ അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിന്റെ രണ്ടാം ഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് ഭരണാനുമതി ലഭിച്ചതായും മന്ത്രി അറിയിച്ചു.