ചെറുവണ്ണൂര്‍ പവിത്രം ജ്വല്ലറി കവര്‍ച്ചാ കേസിലെ പ്രതികളില്‍ ഒരാളെ ബീഹാറില്‍ വെച്ച്‌ മേപ്പയ്യൂര്‍ പോലീസ്‌ സാഹസികമായി പിടികൂടി

മേപ്പയൂര്‍: ചെറുവണ്ണൂര്‍ പവിത്രം ജ്വല്ലറി കവര്‍ച്ചാ കേസിലെ പ്രതികളില്‍ ഒരാളെ ബീഹാറില്‍ വെച്ച്‌ മേപ്പയ്യൂര്‍ പോലീസ്‌ സാഹസികമായി പിടികൂടി. ബീഹാര്‍ കിഷന്‍ ഗഞ്ച് ജില്ലയിലെ മങ്കുര ബാല്‍വാടങ്കി ഹൗസില്‍ മുഹമ്മദ് മിനാര്‍ ഉല്‍ഹഖ് (24) ആണ് അറസ്റ്റിലായത്. 2024 ജൂലൈ ആറിനാണ് കേസിനാസ്പദമായ കവര്‍ച്ച നടക്കുന്നത്.

ജൂലൈ അഞ്ചിന് ബീഹാറില്‍ നിന്നും കേരളത്തിലെത്തിയ മുഹമ്മദ് മിനാര്‍ ഉല്‍ഹഖ് ജൂലൈ 6 ന് പുലര്‍ച്ചെ ജ്വല്ലറിയുടെ പിന്നിലെ ചുമര്‍ കുത്തിത്തുറന്ന് സ്വര്‍ണ്ണവും വെള്ളിയും മോഷ്ടിക്കുകയായിരുന്നു.  കവര്‍ച്ച ചെയ്ത ഇയാള്‍ പുലര്‍ച്ചെ നാട്ടിലേക്ക് ട്രയിന്‍ മാര്‍ഗ്ഗം രക്ഷപ്പെടുകയുമായിരുന്നു.

ഇയാളുടെ ഒപ്പമുള്ള ഇസാഖ് മാംഗുര എന്നയാള്‍ മുയിപ്പോത്ത് പേരാമ്പ്ര ഭാഗങ്ങളില്‍ ജോലിചെയ്തുവരികയായിരുന്നു. ആഴ്ചകളോളം പോലീസ് നടത്തിയ അന്വേഷണങ്ങള്‍ക്കൊടുവില്‍ മുയിപ്പോത്തെ സിസിടിവി ക്യാമറയില്‍ 6 ന് പുലര്‍ച്ചെ രണ്ടുപേര്‍ ദൃതിയില്‍ നടന്നു പോകുന്ന ചിത്രം പോലീസിന് ലഭിച്ചു. തുടര്‍ന്ന് ഈ കാലയളവില്‍ നാട്ടിലേക്ക് പോയ അന്യസംസ്ഥാന തൊഴിലാളികളെപ്പറ്റി പോലീസ് വിവരം ശേഖരിക്കുകയും ചെയ്തു. ഇതിനിടയില്‍ മുയിപ്പോത്ത് മുഹമ്മദ് ഹാജിയുടെ ബില്‍ഡിങ്ങില്‍ താമസിച്ച രണ്ടുപേരെപ്പറ്റി അന്വേഷണം നടത്തുകയും പ്രതികളാണെന്ന് ഉറപ്പു വരുത്തുകയുമായിരുന്നു. തുടര്‍ന്ന് രഹസ്യമായി പോലീസ് വിവരങ്ങള്‍ ശേഖരിച്ചു.

ബീഹാര്‍ സ്വദേശികളാണ് പ്രതികളെന്ന് തിരിച്ചറിഞ്ഞതോടെ അന്വേഷണസംഘത്തിലെ നാലുപേര്‍ ബീഹാറിലേക്ക് തിരിച്ചു. നേപ്പാള്‍ അതിര്‍ത്തിയില്‍ ഉള്ള ദിഗല്‍ ബങ്ക് എന്ന സ്ഥലത്തെ ബംഗ്ലാദേശ് കോളനിയില്‍ ആയിരുന്ന പ്രതിയെ വളരെ അപകടകരമായ സാഹചര്യത്തെ തരണം ചെയ്താണ് ബീഹാര്‍ പോലീസിന്റെ സഹായത്തോടെ പിടികൂടിയത്‌.

കോഴിക്കോട് റൂറല്‍ എസ്. പി. യുടെ നിര്‍ദ്ദേശപ്രകാരം പേരാമ്പ്ര ഡി. വൈ. എസ്. പി യുടെ പ്രത്യേക സ്‌ക്വാഡാണ് അന്വേഷണം നടത്തി പ്രതികളെ കണ്ടെത്തിയത്. എസ്. ഐ. സുധീര്‍ ബാബു, എ. എസ്. ഐ ലിനേഷ്, എസ്. സി. പി. ഒ.  സിഞ്ചുദാസ്, സി. പി. ഒ. ജയേഷ് എന്നിവര്‍ അടങ്ങിയ അന്വേഷണ സംഘമാണ്‌ പിടികൂടിയത്. ഇന്നലെ രാത്രിയോടെ  മേപ്പയൂര്‍ പോലീസ് സ്റ്റേഷനില്‍ എത്തിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!