തിക്കോടിയില്‍ അടിപ്പാത അനുവദിക്കും വരെ സമരരംഗത്ത് പ്രഖ്യാപനവുമായി പ്രദേശവാസികള്‍

തിക്കോടി: തിക്കോടിയില്‍ അടിപ്പാത അനുവദിക്കും വരെ സമരരംഗത്തുണ്ടാവുമെന്ന പ്രഖ്യാപനവുമായി പ്രദേശവാസികള്‍. ഇന്ന് തിക്കോടി റെയില്‍വേ സ്‌റ്റേഷന് സമീപം ദേശീയപാതയ്ക്കരികില്‍ നടന്ന സമരപ്രഖ്യാപന കണ്‍വന്‍ഷനില്‍ പ്രദേശത്തെ നൂറുകണക്കിനാളുകള്‍ പങ്കെടുത്തു.

ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യത്തെ തടസപ്പെടുത്തുന്ന സമീപനം അംഗീകരിക്കാനാവില്ലെന്ന് സമരസമിതി പ്രവര്‍ത്തകര്‍ പറഞ്ഞു. സമരത്തിന് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച് ഷാഫി പറമ്പില്‍ എം. പി. യും കാനത്തില്‍ ജമീല എം.എല്‍.എയും കണ്‍വന്‍ഷനില്‍ പങ്കുചേര്‍ന്നു. തിക്കോടിയിലെ നൂറുകണക്കിനാളുകളെ ബാധിക്കുന്ന വിഷയമാണിതെന്നും അടിപ്പാതയ്ക്കുവേണ്ടിയുള്ള പോരാട്ടത്തില്‍ സമരസമിതിയ്ക്ക് വേണ്ട സഹായം നല്‍കി ഒപ്പമുണ്ടാകുമെന്ന് ഷാഫി പറമ്പില്‍ എം.പി പറഞ്ഞു. കണ്‍വന്‍ഷനില്‍ സംസാരിച്ച കാനത്തില്‍ ജമീല സമരക്കാര്‍ക്കെതിരെ നേരത്തെയുണ്ടായ പൊലീസ് അതിക്രമത്തെ അപലപിച്ചു.

ദേശീയപാതയ്ക്ക് അരികില്‍ ഒരുക്കിയ സമരപ്പന്തലില്‍ ഇന്നുമുതല്‍ അടിപ്പാത അനുവദിക്കുന്നതുവരെ സമരം തുടരാനാണ് സമരസമിതിയുടെ തീരുമാനം. കക്ഷിരാഷ്ട്രീയ ഭേദമന്യേ ഈ ആവശ്യത്തിനുവേണ്ടി എല്ലാവരും ഒറ്റക്കെട്ടായി രംഗത്തുണ്ടാവുമെന്നും സമരസമിതി അറിയിച്ചു.

സെപ്റ്റംബര്‍ 10ന് തിക്കോടിയില്‍ അടിപ്പാത അനുവദിക്കണമെന്നാവശ്യപ്പെട്ട് സമരം ചെയ്തവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. സമരം ചെയ്തവര്‍ക്കുനേരെയുള്ള പൊലീസ് മര്‍ദ്ദനത്തില്‍ നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. കൂടാതെ സമരപ്പന്തല്‍ പൊലീസ് ജെ. സി. ബി ഉപയോഗിച്ച് തകര്‍ത്തിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും യോഗം ചേര്‍ന്ന് സമരം കൂടുതല്‍ ശക്തമാക്കാന്‍ പ്രദേശവാസികള്‍ തീരുമാനിച്ചത്.

ആക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ വി. കെ. അബ്ദുള്‍ മജീദ് തുടര്‍സമരപ്രഖ്യാപനം നടത്തി. തിക്കോടി പഞ്ചായത്ത് പ്രസിഡന്റ് ജമീല സമദ്, സി. പി. എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ. കെ. മുഹമ്മദ്, കെ. പി. സി. സി സെക്രട്ടറി അഡ്വ. ഐ.മൂസ, ബി. ജെ. പി ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ. കെ. സുധീര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!