ആരോഗ്യ ഫണ്ട്‌ ചെലവഴിക്കുന്നതിൽ പിന്നിൽ; ഡിഎംഒ കൂടുതൽ ഇടപെടൽ നടത്തണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്

പതിനഞ്ചാം ധനകാര്യ കമ്മീഷൻ അവാർഡ് പ്രകാരം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് 2021-22, 2022-23 വർഷങ്ങളിൽ അനുവദിച്ച ഹെൽത്ത്‌ ഗ്രാന്റ് പ്രൊജക്റ്റിലെ ഫണ്ട്‌ മുഴുവനുമായും ചെലവഴിക്കാത്ത വിഷയത്തിൽ ജില്ലാ മെഡിക്കൽ ഓഫീസ് (ഡിഎംഒ-ആരോഗ്യം) കൂടുതൽ ഇടപെടൽ നടത്തണമെന്ന്
ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീജ ശശി.

വ്യാഴാഴ്ച ജില്ലാ പഞ്ചായത്ത് ഹാളിൽ ചേർന്ന ജില്ലാ ആസൂത്രണ സമിതി അവലോകന യോഗത്തിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അവർ.

2021-22 ലെ ഹെൽത്ത്‌ ഗ്രാന്റ് പ്രൊജക്റ്റിൽ
അനുവദിച്ച തുകയിൽ 10.53 ശതമാനവും 2022-23 വർഷം 29.13 ശതമാനവും മാത്രമാണ് ജില്ലയിൽ ചെലവഴിച്ചത്. ഫണ്ട് ഉണ്ടായിട്ടും
കോർപ്പറേഷനും നഗരസഭകളും ഗ്രാമപഞ്ചായത്തുകളും ആരോഗ്യമേഖലയിൽ പുതിയ പദ്ധതികൾ രൂപീകരിച്ചു ചെലവഴിക്കാത്തത് ദൗർഭാഗ്യകരമാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചൂണ്ടിക്കാട്ടി.

ജില്ലാ പഞ്ചായത്ത് ഒഴികെ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കും ഈ ഫണ്ട് ലഭിക്കുന്നുണ്ട്. ഫണ്ടിൽ പകുതിയിലധികം ചെലവഴിച്ചില്ലെങ്കിൽ അടുത്ത വർഷത്തെ ഫണ്ട് ലഭ്യതയെ ബാധിക്കും. സമയബന്ധിതമായി മെഡിക്കൽ ഓഫീസർമാർ പദ്ധതികൾ തയ്യാറാക്കി കൊടുക്കാത്ത പ്രശ്നമുണ്ടെന്നും അവർ പറഞ്ഞു.

ഹെൽത്ത്‌ ഗ്രാന്റ് പ്രൊജക്റ്റ് ആറ് സ്കീമുകളിലായാണ് ഫണ്ട് അനുവദിക്കുന്നത്.
കെട്ടിടങ്ങൾ ഇല്ലാത്ത കുടുംബാരോഗ്യ ഉപകേന്ദ്രങ്ങൾക്ക് കെട്ടിടം നിർമ്മിക്കൽ, ബ്ലോക്ക് പൊതുജനാരോഗ്യ കേന്ദ്രങ്ങൾക്ക് സഹായം, ഗ്രാമപ്രദേശങ്ങളിലെ ആരോഗ്യ സ്ഥാപനങ്ങളിൽ രോഗനിർണയ സൗകര്യങ്ങൾ ഏർപ്പെടുത്തൽ, ഗ്രാമപ്രദേശങ്ങളിലെ കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ ഹെൽത്ത് ആൻഡ് വെൽനെസ് പ്രവർത്തനങ്ങൾ നടപ്പാക്കൽ, നഗരങ്ങളിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും ഉപകേന്ദ്രങ്ങളിലും രോഗനിർണയ സൗകര്യങ്ങൾ ഏർപ്പെടുത്തൽ, അർബൻ ഹെൽത്ത് ആൻഡ് വെൽനെസ് കേന്ദ്രങ്ങൾ എന്നീ വിഭാഗങ്ങളിലാണ് ഫണ്ട്‌ അനുവദിക്കുക.

കുടുംബാരോഗ്യ ഉപകേന്ദ്രങ്ങളിൽ കെട്ടിടങ്ങൾ നിർമിക്കുന്ന കാര്യത്തിൽ 55 ശതമാനം ഫണ്ട് മാത്രമാണ് രണ്ട് വർഷത്തിനുള്ളിൽ ഗ്രാമപഞ്ചായത്തുകൾ ചെലവഴിച്ചത്. സമാന സ്ഥിതിയാണ് ബ്ലോക്ക് പഞ്ചായത്തുകളിലും നഗരസഭകളിലും.

ഫണ്ട് ചെലവഴിക്കൽ ത്വരിതപ്പെടുത്താൻ വേണ്ടി പദ്ധതി തയാറാക്കിയതായി യോഗത്തിൽ ഡിഎംഒ ഡോ. എൻ രാജേന്ദ്രൻ മറുപടി പറഞ്ഞു.
ഇത് സംബന്ധിച്ച് അവലോകന യോഗങ്ങൾ സംഘടിപ്പിച്ചു വരികയാണ്. ഇക്കാര്യം
ഏകോപിപ്പിക്കാനായി ഉദ്യോഗസ്ഥയെ ചുമതല ഏൽപ്പിച്ചതായും അദ്ദേഹം പറഞ്ഞു.

ഹെൽത്ത്‌ ഗ്രാന്റ് പ്രോജക്ടുകളിൽ ഭേദഗതി വരുത്തി 34 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളാണ് ജില്ലാ ആസൂത്രണ സമിതി അംഗീകാരത്തിനായി നൽകിയത്.
ബാലുശ്ശേരി, കുന്നുമ്മൽ, പന്തലായനി ബ്ലോക്കുകൾ മുഴുവൻ പദ്ധതികളും വെച്ചിട്ടില്ല. ഉണ്ണികുളം, തിക്കോടി, മൂടാടി, കൂത്താളി, ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്തുകളും പദ്ധതികൾ ഏറ്റെടുക്കാനുണ്ട്. ഫറോക്ക്, കൊയിലാണ്ടി, മുക്കം, പയ്യോളി, രാമനാട്ടുകര നഗരസഭകളും പദ്ധതികൾ വെക്കാനുണ്ട്.

അടുത്ത ജില്ലാ ആസൂത്രണ സമിതി യോഗത്തിന് മുമ്പ്
തദ്ദേശ സ്ഥാപനങ്ങൾ ഏറ്റെടുക്കാനുള്ള എല്ലാ പദ്ധതികളും ഏറ്റെടുക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.

യോഗത്തിൽ ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ വി പി ജമീല, അംഗങ്ങളായ എം പി ശിവാനന്ദൻ, സി വി എം നജ്മ, സി എം യശോദ, അംബിക മംഗലത്ത്, ഐ പി രാജേഷ്, സി എം ബാബു, എൻ എം വിമല, കെ സുരേഷ് മാസ്റ്റർ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാർ, സർക്കാർ നോമിനി എ സുധാകരൻ, ജില്ലാ പ്ലാനിംഗ് ഓഫീസർ ഏലിയാമ്മ നൈനാൻ, ഡെപ്യൂട്ടി പ്ലാനിംഗ് ഓഫീസർ സി പി സുധീഷ് എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!