Wednesday, March 18, 2026

Primeedition

Real news on-time

ഷിരൂരില്‍ അര്‍ജുന്റെ ലോറി കരക്കെത്തിച്ചപ്പോള്‍ അര്‍ജുന്‍ യാത്രയില്‍ ഉപയോഗിച്ച ഒട്ടുമിക്ക വസ്തുക്കളും കണ്ടെടുത്തു

ഷിരൂരിലെ ഗംഗാവലി പുഴയില്‍ നിന്ന് അര്‍ജുന്റെ ലോറി കരക്കെത്തിച്ചപ്പോള്‍ അര്‍ജുന്‍ യാത്രയില്‍ ഉപയോഗിച്ച ഒട്ടുമിക്ക വസ്തുക്കളും കണ്ടെടുത്തു. മകന്റെ കളിപ്പാട്ടം, അര്‍ജുന്റെ ബാഗ്, രണ്ട് ഫോണുകള്‍, പാചകത്തിനുപയോഗിക്കുന്ന കുക്കര്‍ ഉള്‍പ്പെടെയുള്ള പാത്രങ്ങള്‍, വാച്ച്, ചെരിപ്പുകള്‍ എന്നിവയാണ് കണ്ടെടുത്തത്.

ഇന്ന് രാവിലെയാണ് ഗംഗാവലി പുഴയില്‍ നിന്ന് ലോറി പൂര്‍ണ്ണമായി കരക്കെത്തിച്ചത്. ലോറി കരക്കെത്തിച്ച സമയത്ത് ലോറിയുടെ ക്യാബിനുള്ളില്‍ നിന്നും അസ്ഥികള്‍ കണ്ടെത്തിയിരുന്നു. കാബിന്റെ ഭാഗത്തുള്ള ചെളി നീക്കിയപ്പോഴാണ് അര്‍ജുന്‍ ഉപയോഗിച്ചിരുന്ന വസ്തുക്കള്‍ കിട്ടിയത്. ഇന്നലെ വൈകുന്നേരത്തോടെയാണ് അര്‍ജുന്റെ ശരീരഭാഗങ്ങളും ലോറിയും ഗംഗാവലി പുഴയില്‍ നിന്നും കണ്ടെത്തിയത്.

അര്‍ജുന്റെ മൃതദേഹം നാളെ കുടുംബത്തിന് വിട്ടുനല്‍കും. മൃതദേഹത്തെ കര്‍ണാടക പൊലീസും അനുഗമിക്കും. പൊലീസ് സംരക്ഷണയോടെ ആയിരിക്കും കേരളത്തിലേക്കുള്ള യാത്ര. മൃതദേഹം എങ്ങനെ കൊണ്ടുപോകണം എന്ന കാര്യത്തില്‍ ഇന്നത്തെ യോഗത്തില്‍ തീരുമാനമാകും.

നാളെ ഉച്ചയോടെ ഡിഎന്‍എ പരിശോധനാ ഫലം എത്തും. എല്ലിന്റെ ഒരു ഭാഗമെടുത്താണ് മംഗളൂരു എഫ്എസ്എല്‍ ലാബിലേക്ക് അയച്ചിരിക്കുകയാണ്. കാര്‍വാര്‍ ആശുപത്രിയിലുള്ള മൃതദേഹത്തിന്റെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ ഇന്ന് തന്നെ പൂര്‍ത്തിയാകുമെന്ന് അധികൃതര്‍ അറിയിച്ചു.

ലോറിയില്‍ നിന്നും അര്‍ജുന്‍ ഉപയോഗിച്ച ഓരോ വസ്തുക്കളും നോക്കി പെറുക്കിയെടുക്കുന്ന അര്‍ജുന്റെ സഹോദരീഭര്‍ത്താവ് ജിതിനും അനിയന്‍ അഭിജിത്തും അവിടുത്തെ ചങ്കുലയ്ക്കുന്ന കാഴ്ചയായി മാറുന്നു. ഒന്നും വിടാതെ വീട്ടിലേക്ക് തിരികെ കൊണ്ടു വരണമെന്നാണ് അര്‍ജുന്റെ ഭാര്യ കൃഷ്ണപ്രിയ പറഞ്ഞിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!