അര്‍ജന്റീനിയന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ അഞ്ഞൂറ് വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനം നല്‍കും: വി അബ്ദുറഹിമാന്‍

സംസ്ഥാനത്തെ നിയോജകമണ്ഡലങ്ങളില്‍ ആരംഭിച്ച ഗോള്‍ പദ്ധതിയിലൂടെ അഞ്ചു ലക്ഷം സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഫുട്‌ബോള്‍ പരിശീലനം നല്‍കുമെന്നും അതില്‍ മികവു പുലര്‍ത്തുന്ന അഞ്ഞൂറ് വിദ്യാര്‍ത്ഥികള്‍ക്ക് അര്‍ജന്റീനിയന്‍ ഫുട്‌ബോള്‍ അസോസിയേഷന്റെ പരിശീലനം ലഭ്യമാക്കുമെന്നും കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍. ഇതിനായുള്ള സന്നദ്ധത അര്‍ജന്റീനിയന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ അറിയിച്ചതായി മന്ത്രി പറഞ്ഞു. പൊതുവിദ്യാഭ്യാസ വകുപ്പും കായിക വകുപ്പും സംയുക്തമായി നടപ്പിലാക്കുന്ന ‘ഒരു സ്‌കൂള്‍ ഒരു ഗെയിം’ പദ്ധതിയുടെ സ്‌പോര്‍ട്‌സ് കിറ്റിന്റെ സംസ്ഥാനതല വിതരണോദ്ഘാടനം തൈക്കാട് ഗവ. എച്ച്എസ്എസില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി.

ജനുവരിയില്‍ നടന്ന കായിക ഉച്ചകോടിയിലൂടെയാണ് ഒരു സ്‌കൂള്‍ ഒരു ഗെയിം എന്ന ആശയം ലഭിച്ചത്. പ്രമുഖ ബ്രാന്‍ഡായ ഡക്കാത്തലോണുമായി സഹകരിച്ചാണ് സംസ്ഥാനമൊട്ടാകെ പദ്ധതി നടപ്പിലാക്കുന്നത്. പ്രൈമറി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് കായിക ഇനങ്ങള്‍ പരിചയപ്പെടുത്തുന്നതിനായി 55 സ്‌കൂളുകളില്‍ ആരംഭിച്ച ഹെല്‍ത്തി കിഡ്‌സ് പദ്ധതി സംസ്ഥാനത്താകെ വ്യാപിപ്പിക്കും. കായിക അടിസ്ഥാന സൗകര്യ വികസനത്തിന് കഴിഞ്ഞ എട്ട് വര്‍ഷത്തിനുള്ളില്‍ രണ്ടായിരത്തി അഞ്ഞൂറു കോടി രൂപ ചെലവിട്ടു. വിദ്യാലയങ്ങളിലെ ഗ്രൗണ്ടുകളുടെ സൗകര്യം വിപുലൂകരിക്കുന്നതിനാണ് കൂടുതല്‍ തുക വിനിയോഗിച്ചത്. സ്‌പോര്‍ട്‌സ് പൂര്‍ണമായും പാഠ്യപദ്ധതിയുടെ ഭാഗമാക്കുന്നതിന് വിഭ്യാഭ്യാസ വകുപ്പുമായി ചര്‍ച്ചകള്‍ നടത്തിവരികയാണ്.

ഒരു പഞ്ചായത്തില്‍ ഒരു കളിസ്ഥലം പദ്ധതിയിലൂടെ 465 കളിക്കളങ്ങളാണ് ഒരുക്കുന്നത്. ഇത്തരത്തിലുള്ള ബൃഹത്തായ പദ്ധതികളിലൂടെ രാജ്യത്ത് കായിക പ്രവര്‍ത്തങ്ങള്‍ക്കുള്ള മികച്ച സംസ്ഥാനമായി കേരളം മാറുമെന്നും മന്ത്രി പറഞ്ഞു.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!