അംബേദ്കർ ഗ്രാമവികസന പദ്ധതി; ഭരണാനുമതി ജില്ലാതലത്തിൽ നൽകും വിധം ഭേദഗതിയെന്ന് മന്ത്രി കേളു

അംബേദ്കർ പദ്ധതി നടപ്പാക്കാൻ ഉന്നതിയിൽ 25 കുടുംബങ്ങൾ വേണമെന്ന മാനദണ്ഡത്തിലും മാറ്റം

അംബേദ്കർ ഗ്രാമവികസന പദ്ധതിയുടെ ഭരണ, സാങ്കേതിക അനുമതികൾ
ജില്ലാതലത്തിൽ നൽകുംവിധം ഭേദഗതി കൊണ്ടുവരുമെന്ന് പട്ടികജാതി-പട്ടികവർഗ-പിന്നാക്ക വികസന വകുപ്പ് മന്ത്രി ഒ ആർ കേളു.

തിങ്കളാഴ്ച കോഴിക്കോട് കളക്ടറേറ്റിൽ ചേർന്ന പട്ടികജാതി-പട്ടികവർഗ-പിന്നാക്ക വികസന വകുപ്പുകളുടെ ജില്ലാതല അവലോകന യോഗത്തിനുശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.

മറ്റ് എല്ലാ വകുപ്പുകളുടെയും ഒരു കോടി രൂപ വരെയുള്ള പദ്ധതികളുടെ ഭരണാനുമതി നൽകുന്നത് ജില്ലാതലത്തിലാണ്. എന്നാൽ ഒരു കോടി രൂപ വരെ പദ്ധതി വിഹിതമുള്ള അംബേദ്കർ ഗ്രാമവികസന പദ്ധതിയ്ക്ക് അനുമതി നൽകുന്നത് ഡയറക്ടറേറ്റിൽ നിന്നാണ്. ഇത് കാരണം ഫണ്ട്‌ അനുവദിച്ചിട്ടും അംബേദ്കർ പദ്ധതികൾക്ക് ഭരണാനുമതി ലഭിക്കാൻ വലിയ കാലവിളംബം നേരിടുന്നതായി പരാതി ഉയർന്ന സാഹചര്യത്തിലാണ് ഭേദഗതി കൊണ്ടുവരാനുള്ള തീരുമാനം.

അംബേദ്കർ ഗ്രാമവികസന പദ്ധതികൾക്ക് ജില്ലാ കലക്ടർ ആയിരിക്കും ഇനി ഭരണാനുമതി നൽകുക. സാങ്കേതികാനുമതി ലഭ്യമാക്കുക ജില്ലാ കളക്ടറുടെ മേൽനോട്ടത്തിലുള്ള എഞ്ചിനീയർമാർ അടങ്ങിയ സമിതിയായിരിക്കും. പട്ടികജാതി-പട്ടികവർഗ- പിന്നാക്ക വികസന വകുപ്പിലെയും തദ്ദേശസ്വയംഭരണ വകുപ്പിലെയും എഞ്ചിനീയർമാരും വിരമിച്ച ഒരു എഞ്ചിനീയറും ഉൾപ്പെടുന്നതായിരിക്കും ഈ സമിതി.

അംബേദ്കർ ഗ്രാമവികസന പദ്ധതി നടപ്പാക്കാൻ ഉന്നതിയിൽ ചുരുങ്ങിയത് 25 കുടുംബങ്ങൾ വേണമെന്ന മാനദണ്ഡവും മാറ്റുമെന്ന് മന്ത്രി അറിയിച്ചു. പുതുക്കിയ ഭേദഗതി അനുസരിച്ച് 25 വീടുകൾ ഉന്നതിയിലല്ലെങ്കിലും സമീപത്തെ
പട്ടികജാതി-പട്ടികവർഗ വീടുകളും കൂടി ഉൾപ്പെടുത്തി ഒരു ക്ലസ്റ്റർ ആയി പരിഗണിച്ചു 25 വീടുകൾ തികച്ചാൽ മതിയാകും.

പട്ടികജാതി-പട്ടികവർഗ വിഭാഗത്തിൽപ്പെട്ട ഭൂമിയില്ലാത്ത വ്യക്തിക്ക് വീട് നിർമ്മിച്ചു നൽകാൻ ഭൂമി ഇല്ലെങ്കിൽ ഏതെങ്കിലും പദ്ധതിയിലുൾപ്പെടുത്തി നിർബന്ധമായും അഞ്ചു സെൻറ് ഭൂമി അനുവദിക്കണമെന്ന് മന്ത്രി ഉദ്യോഗസ്ഥർക്ക് കർശന നിർദ്ദേശം നൽകി. ഓരോ ഉന്നതിയിലേക്കും വാഹനയോഗ്യമായ വഴിയും
കുടിവെള്ള വിതരണം, വൈദ്യുതി സൗകര്യങ്ങൾ ഉണ്ടെന്ന് ഉറപ്പുവരുത്തണം.

ജില്ലയിൽ നിലവിലുള്ള 11 സാമൂഹ്യപഠന മുറികളുടെ നിലവാരം കാത്തു സൂക്ഷിക്കണമെന്നും ഭാവിയിൽ ഇൻറർനെറ്റ് കണക്ഷൻ ഉൾപ്പെടെ പഠനമുറിയിലേക്ക് നൽകി ഉന്നതവിദ്യാഭ്യാസ മേഖലയിലുള്ള വിദ്യാർഥികൾക്കായി സാമൂഹ്യപഠനമുറി നവീകരിക്കുമെന്നും മന്ത്രി കേളു അറിയിച്ചു.

ഉന്നതിയിലെ ഒരു വികസന പദ്ധതിയുടെ വിശദപദ്ധതി റിപ്പോർട്ട് തയ്യാറാക്കുമ്പോൾ
ഭൗതിക കാര്യങ്ങളേക്കാൾ ഗുണഭോക്താക്കളുടെ പ്രാഥമിക ആവശ്യങ്ങളായ
കുടിവെള്ളം, വൈദ്യുതി, കക്കൂസ്, വഴി എന്നിവയ്ക്ക് മുൻഗണന നൽകണം.

നേരത്തെ യോഗത്തിൽ സംസാരിച്ച എംഎൽഎമാർ അംബേദ്കർ ഗ്രാമവികസന പദ്ധതികൾക്ക് ഫണ്ട് അനുവദിച്ചിട്ടും ഭരണാനുമതി ലഭിക്കുന്നതിൽ വലിയ കാലതാമസം നേരിടുന്നതായി പരാതിപ്പെട്ടു. ഭരണാനുമതി ലഭിച്ച പദ്ധതികൾ സമയത്ത് പൂർത്തിയാക്കുന്നതിൽ നിർമ്മാണ ഏജൻസികൾ അലംഭാവം കാട്ടുന്നതായും എംഎൽഎമാർ പറഞ്ഞു. ജില്ലാ നിർമ്മിതി കേന്ദ്രം ഇത്തരത്തിൽ
കാലവിളംബം വരുത്തുന്നതായി പരാതിയുയർന്നു.

ജില്ലയിലെ ഏക മോഡൽ റസിഡൻഷ്യൽ സ്കൂളായ മരുതോങ്കര മോഡൽ റസിഡൻഷ്യൽ സ്കൂൾ വിദ്യാഭ്യാസ വകുപ്പിലെ രേഖയിൽ ഇല്ലെന്ന്
യോഗത്തിൽ പരാതിയുയർന്നു. പുതിയ അധ്യാപക തസ്തികകൾ സൃഷ്ടിച്ചാൽ മാത്രമേ സ്കൂളിൽ അധ്യാപക നിയമനം സാധ്യമാവുകയുള്ളൂ എന്നും ഇക്കാര്യത്തിൽ അടിയന്തിര ശ്രദ്ധ വേണമെന്നും ഇ കെ വിജയൻ എംഎൽഎ ഉന്നയിച്ചു.

പുതുപ്പാടി ഗ്രാമപഞ്ചായത്തിലെ നാക്കിലമ്പാട് ജില്ലയിലെ ഏറ്റവും ശോച്യാവസ്ഥയിലുള്ള ഉന്നതി ആണെന്നും അവിടെയുള്ള 10 ആദിവാസി കുടുംബങ്ങൾക്ക് ഒരു കക്കൂസ് മാത്രമുള്ള അവസ്ഥയാണെന്നും ലിന്റോ ജോസഫ് എംഎൽഎ ചൂണ്ടിക്കാട്ടി. ഇക്കാര്യം പരിശോധിച്ചു നടപടി സ്വീകരിക്കാമെന്ന് മന്ത്രി പറഞ്ഞു.

ഒരു വീടിന്റെ നിർമാണ ചെലവ് ആറു ലക്ഷം രൂപയാണ് സർക്കാർ നിശ്ചയിച്ചതെന്നിരിക്കെ നിർമ്മാണ ഏജൻസി അധിക സൗകര്യങ്ങൾ ഏർപ്പെടുത്തി എസ്റ്റിമേറ്റ് കൂട്ടുന്ന പരിപാടി നടക്കില്ലെന്ന് മന്ത്രി വ്യക്തമാക്കി. ബാലുശ്ശേരി നിയോജക മണ്ഡലത്തിലെ കരിങ്കാളിമ്മൽ നഗർ ഉന്നതിയിൽ വാട്ടർ ടാങ്ക് ചോർച്ച പ്രശ്നം
ഒരു മാസത്തിനുള്ളിൽ പരിഹരിക്കുമെന്ന് ഉദ്യോഗസ്ഥർ മറുപടി നൽകി.

പട്ടികജാതി-പട്ടികവർഗ- പിന്നാക്ക വികസന വകുപ്പുകളിലെ പദ്ധതികളിൽ 100%
ഫണ്ട് ഉപയോഗം ഉണ്ടാകണമെന്ന് യോഗത്തിൽ സംസാരിച്ച ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിംഗ് പറഞ്ഞു. പദ്ധതികൾ കൃത്യമായി ഫോളോഅപ്പ് ചെയ്യുകയും സ്ഥലം എംഎൽഎമാരെ വിവരം ധരിപ്പിക്കുകയും വേണം.

കോഴിക്കോട് ജില്ലയിൽ പട്ടികജാതി-പട്ടികവർഗ വിദ്യാർത്ഥികളുടെ കൊഴിഞ്ഞുപോക്ക് പ്രശ്നമില്ലെന്ന് മന്ത്രി പറഞ്ഞു. വകുപ്പുകൾ വഴി നേരിട്ട് നടപ്പാക്കുന്ന പദ്ധതിയിൽ പുരോഗതി ഉണ്ടെങ്കിലും ജില്ലയിൽ കോർപ്പസ് ഫണ്ട്‌ ഉൾപ്പെടെ ഉപയോഗിച്ച് നടപ്പാക്കുന്ന മറ്റു പദ്ധതികളിൽ മെല്ലെപ്പോക്ക് പ്രകടമാണ്.

അവലോകന യോഗങ്ങൾ ഇനി മുതൽ എല്ലാ മാസവും ഓൺലൈൻ ആയി നടക്കുമെന്നും മന്ത്രി ഉദ്യോഗസ്ഥരെ അറിയിച്ചു.

യോഗത്തിൽ എംഎൽഎമാരായ ഇ കെ വിജയൻ, കെ പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ, തോട്ടത്തിൽ രവീന്ദ്രൻ, അഹമ്മദ് ദേവർകോവിൽ, ലിന്റോ ജോസഫ്, കെ എം സച്ചിൻദേവ്, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീജ ശശി, ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിംഗ്, എഡിഎം സി മുഹമ്മദ് റഫീഖ്, എന്നിവർ പങ്കെടുത്തു.

പട്ടികജാതി വികസന വകുപ്പ് ജില്ലാ ഓഫീസർ കെ പി ഷാജി, പട്ടികവർഗ വികസന വകുപ്പ് ജില്ലാ ഓഫീസർ എ ബി ശ്രീജകുമാരി, പിന്നാക്ക വികസന വകുപ്പ് റീജ്യനൽ ഡയറക്ടർ ബി പ്രബിൻ എന്നിവർ പവർ പോയിന്റ് അവതരണം നടത്തി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!