തിമിംഗലത്തിന്റെ രക്ഷകരായ മത്സ്യ തൊഴിലാളികളെ ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് ആദരിച്ചു
കൊയിലാണ്ടി: കോരപ്പുഴ അഴിമുഖത്തിന് സമീപം മണ്‍തിട്ടയില്‍ അകപ്പെട്ട അഞ്ചര മീറ്റര്‍ നീളമുള്ള തിമിംഗലത്തെ സുരക്ഷിതമായി കടലിലേക്ക് രക്ഷപ്പെടുത്തിയ മല്‍സ്യ തൊഴിലാളികളെ ആദരിച്ച് ചേമഞ്ചേരി ഗ്രാമ പഞ്ചായത്ത്. പഞ്ചായത്തിന്റെ കീഴിലുള്ള ജൈവ വൈവിധ്യ പരിപാലന സമിതിയുടെ നേതൃത്വത്തിലാണ് ചടങ്ങ് സംഘടിപ്പിച്ചത്.
രണ്ടാഴ്ച മുന്‍പ് പഞ്ചായത്തിലെ കണ്ണന്‍ കടവ് അഴീക്കല്‍ തീര പ്രദേശത്താണ് രാവിലെ തിമിംഗലം പ്രദേശ വാസികളുടെയും മത്സ്യത്തൊഴിലാളികളുടെയും ശ്രദ്ധയില്‍ പെട്ടത്. വേലിയേറ്റ സമയത്ത് കരയോട് ചേര്‍ന്ന മണ്‍തിട്ടയില്‍ കുടുങ്ങിയ നിലയില്‍ കണ്ടെത്തിയ തിമിംഗലത്തെ സാഹസികമായി കടലിലേക്ക് രക്ഷപ്പെടുത്തുകയായിരുന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സതി കിഴക്കയില്‍ മത്സ്യത്തൊഴിലാളികളെ ആദരിച്ചു.
കേരള സംസ്ഥാന ജൈവ വൈവിധ്യ ബോര്‍ഡ് ജില്ലാ കോര്‍ഡിനേറ്റര്‍ ഡോ. മഞ്ജു കെ പി മുഖ്യാതിഥിയായി. ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ടി. അനില്‍കുമാര്‍, വൈസ് പ്രസിഡന്റ് എം. ഷീല സ്ഥിരം സമിതി അധ്യക്ഷന്മാരായ സന്ധ്യ ഷിബു വി. കെ. അബ്ദുല്‍ ഹാരിസ് അതുല്യ ബൈജു, വിജയന്‍ കണ്ണഞ്ചേരി, കെ പി ഉണ്ണിഗോപാലാണ് മാസ്റ്റര്‍ എന്നിവര്‍ പ്രസംഗിച്ചു. പരീക്കണ്ടി പറമ്പില്‍ രാജീവന്‍, രഞ്ജിത്ത്, ഷൈജു, വിഷ്ണു, സജിത്ലാല്‍, സുധീര്‍, രോഹിത്ത്, വിപിന്‍, ഷിജു, അരുണ്‍, ലാലു, രജീഷ്, ഹരീഷ് എന്നിവരാണ് രക്ഷ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്.