സംവിധായകൻ അമൽനീരദിന്റെ ഏറ്റവും പുതിയ ചിത്രമായ ബോഗയ്ൻവില്ലയുടെ പോസ്റ്റർ പുറത്തുവിട്ടു


സംവിധായകൻ അമൽനീരദിന്റെ ഏറ്റവും പുതിയ ചിത്രമായ ബോഗയ്ൻവില്ലയുടെ പോസ്റ്റർ പുറത്തുവിട്ടു. ചിത്രത്തിന്റെ ഫസ്റ്റ് ലുക്കും ക്യാരക്ടർ പോസ്റ്ററുകളും നേരത്തെ പുറത്തുവിട്ടിരുന്നു. അമൽ നീരദിന്റെ ഫേസ്ബുക്കിലൂടെയാണ് പോസ്റ്റർ റിലീസ് ചെയ്തത്.
ഭീഷ്മപർവ്വമായിരുന്നു അമൽ നീരദ് സംവിധാനം ചെയ്ത അവസാന ചിത്രം. വരത്തൻ എന്ന ചിത്രത്തിന് ശേഷം അമൽ നീരദും ഫഹദും ഒന്നിക്കുന്ന ചിത്രമാണിത്. അതേസമയം ആദ്യമായാണ് കുഞ്ചാക്കോ ബോബനും അമൽ നീരദും ഒരു സിനിമയിൽ ഒന്നിക്കുന്നത്. വൈകാതെ ഒരു സ്റ്റൈലിഷ് മാസ് ആക്ഷൻ ചിത്രം കാണാൻ സാധിക്കുമെന്ന ആകാംക്ഷയിലാണ് ആരാധകർ. റിലീസ് തീയതിയുടെ ഔദ്യോഗിക പ്രഖ്യാപനവും ടീസറും ഉടൻ റിലീസ് ചെയ്യുമെന്നാണ് സൂചന.
അമൽ നീരദ് പ്രൊഡക്ഷൻസിന്റെയും ഉദയ പിക്ചേഴ്സിന്റെയും ബാനറിൽ ജ്യോതിർമയിയും കുഞ്ചാക്കോ ബോബനും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. അമൽ നീരദിനൊപ്പം ലജോ ജോസും ചേർന്നാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. സുശിൻ ശ്യാം ആണ് സംഗീതം ഒരുക്കുന്നത്.








