തിക്കോടി ടൗണില്‍ അടിപ്പാത നിര്‍മ്മിക്കണം – കര്‍മ്മ സമിതി തിരുവോണനാളില്‍ പട്ടിണി സമരം നടത്തി

ദേശീയപാത 66 ല്‍ തിക്കോടി ടൗണില്‍ അടിപ്പാത നിര്‍മ്മിക്കണം – കര്‍മ്മ സമിതി തിരുവോണനാളില്‍ പട്ടിണി സമരം നടത്തി. കാനത്തില്‍ ജമീല എം എല്‍ എ പരിപാടി ഉദ്ഘാടനം ചെയ്തു. കര്‍മ്മസമിതി പ്രസിഡണ്ട് വി കെ അബ്ദുള്‍ മജീദ് അധ്യക്ഷത വഹിച്ചു.

ജില്ലാ പഞ്ചായത്ത് അംഗം വി. പി. ദുല്‍ഖിഫില്‍, തിക്കോടി ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ആര്‍. വിശ്വന്‍, കെ. പി. ഷക്കീല, മെമ്പര്‍മാരായ സന്തോഷ് തിക്കോടി, എന്‍ എം ടി അബ്ദുള്ളക്കുട്ടി, ബിനു കാരോളി മേലടി ബ്ലോക്ക് പഞ്ചായത്ത് അംഗം പി. വി. റംല, മൂടാടി ഗ്രാമ പഞ്ചായത്ത് മെമ്പര്‍ ഉസ്ന എന്നിവര്‍ അഭിവാദ്യം അര്‍പ്പിച്ച് സംസാരിച്ചു.

മണലില്‍ മോഹനന്‍ മുഖ്യപ്രഭാഷണം നടത്തി. വിവിധ രാഷ്ട്രീയ- സാമൂഹ്യ സംഘടനാ പ്രതിനിധികള്‍ സമരകേന്ദ്രത്തില്‍ എത്തി അഭ്യവാദ്യം ചെയ്തു സംസാരിച്ചു. 250 ഓളം പേര്‍ സമരത്തില്‍ പങ്കെടുത്തു.

റെയിൽവേ സ്റ്റേഷൻ, ജില്ലാ മണ്ണു പരിശോധന കേന്ദ്രം, കൃഷിഭവൻ, കോടിക്കൽ ഫിഷ് ലാൻഡിങ് സെന്റർ, എഫ്സിഐ ഗോഡൗൺ, പാലൂർ എൽ പി സ്കൂൾ, കോടിക്കൽ യു പി സ്കൂൾ എന്നിവ റോഡിന്റെ പടിഞ്ഞാറ് ഭാഗത്തും ഗ്രാമ പഞ്ചായത്ത് ഓഫീസ്, സി കെ ജി എം ഹയർസെക്കൻഡറി സ്കൂൾ, തിക്കോടിയൻ സ്മാരക ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ പയ്യോളി, ഗവൺമെന്റ് ആശുപത്രി, ബാങ്കുകൾ, ആരാധനാലയങ്ങൾ എന്നിവ റോഡിന്റെ കിഴക്കുഭാഗത്തും സ്ഥിതി ചെയ്യുന്ന നിലവിലെ അവസ്ഥയിൽ റോഡ് മുറിച്ച് കടക്കാൻ അടിപ്പാത നിർമിക്കണം എന്ന് ആവശ്യപ്പെട്ടാണ് കർമസമിതിയുടെ നേതൃത്വത്തിൽ നാട്ടുകാർ രണ്ടുവർഷമായി സമരം നടത്തിക്കൊണ്ടിരിക്കുന്നത്.

എം പി, എംഎൽഎ ഉൾപ്പെടെയുള്ള ജനപ്രതിനിധികൾക്കും കേന്ദ്ര-സംസ്ഥാന മന്ത്രിമാർക്കും നാഷണൽ ഹൈവേ അധികൃതർക്കും പലതവണ നിവേദനം കൊടുത്തിട്ടും ഫലം കാണാത്ത സാഹചര്യത്തിൽ കൂടുതൽ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്ന് കർമ്മസമിതി ഭാരവാഹികൾ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!