ഈ വർഷത്തെ വയോസേവന പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു: കൊയിലാണ്ടി മികച്ച മുനിസിപ്പാലിറ്റി

കൊയിലാണ്ടി: കേരളത്തിന്റെ പ്രിയ സംഗീതജ്ഞന്‍ വിദ്യാധരന്‍ മാസ്റ്ററേയും, കൂടിയാട്ടത്തെ വിശ്വകലാ അംഗീകാരത്തിലേക്കുയര്‍ത്താന്‍ മുന്‍നിന്ന് പ്രവര്‍ത്തിച്ച വേണുജിയെയും ആജീവനാന്ത സംഭാവനയ്ക്കുള്ള പുരസ്‌ക്കാരത്തിന് തിരഞ്ഞെടുത്തു. ഒരു ലക്ഷം രൂപ വീതമാണ് ആജീവനാന്ത സംഭാവനയ്ക്കുള്ള പുരസ്‌കാരത്തുക. വ്യത്യസ്ത മേഖലകളില്‍ മികവ് തെളിയിച്ച് ഇപ്പോഴും കര്‍മ്മമേഖലയില്‍ സജീവമായി തുടരുന്ന വ്യക്തികള്‍ക്കാണ് ആജീവനാന്ത പുരസ്‌കാരം നല്‍കുന്നത്.

കായിക മേഖലയിലെ മികവിന് എം.ജെജേക്കബ് (എറണാകുളം), കെ.വാസന്തി (ആലപ്പുഴ), എന്നിവര്‍ക്ക് പുരസ്‌ക്കാരം നല്‍കും. കാല്‍ ലക്ഷം രൂപ വീതമാണീ പുരസ്‌കാരങ്ങള്‍. മുന്‍ നിയമസഭാംഗം കൂടിയാണ് അന്താരാഷ്ട്ര തലത്തില്‍ പുരസ്‌കൃതനായിട്ടുള്ള ശ്രീ. എം ജെ ജേക്കബ്. കല-സാഹിത്യം എന്നീ മേഖലയില്‍ ശ്രീ. കെ കെ വാസു (തിരുവനന്തപുരം), കെ എല്‍ രാമചന്ദ്രന്‍ (പാലക്കാട്) എന്നിവരെ പുരസ്‌ക്കാരത്തിന് തിരഞ്ഞെടുത്തു.

മികച്ച ജില്ലാ പഞ്ചായത്തിനുള്ള ഒരു ലക്ഷം രൂപയുടെ പുരസ്‌കാരം മലപ്പുറം ജില്ല നേടി. മികച്ച കോര്‍പ്പറേഷനുള്ള ഒരു ലക്ഷം രൂപയുടെ പുരസ്‌ക്കാരം തിരുവനന്തപുരം കോര്‍പ്പറേഷനാണ്. കൊയിലാണ്ടി ആണ് മികച്ച മുനിസിപ്പാലിറ്റി. ഒരു ലക്ഷം രൂപ പുരസ്‌കാരം. വൈക്കം, കല്യാശ്ശേരി എന്നിവ മികച്ച ബ്ലോക്ക് പഞ്ചായത്തുകളായും (അര ലക്ഷം രൂപ വീതം), പിലിക്കോട് (കാസറഗോഡ്), കതിരൂര്‍ (കണ്ണൂര്‍) എന്നിവയെ മികച്ച പഞ്ചായത്തുകളായും (അര ലക്ഷം രൂപ വീതം) തിരഞ്ഞെടുത്തു.

മികച്ച എന്‍ജിഒക്കുള്ള പുരസ്‌ക്കാരം തിരുവനന്തപുരം ജില്ലയിലെ ‘സത്യാന്വേഷണ’ ചാരിറ്റബിള്‍ ട്രസ്റ്റും, മെയിന്റനന്‍സ് ട്രിബ്യൂണലിനുള്ള പുരസ്‌കാരം ദേവികുളം മെയിന്റനന്‍സ് ട്രിബ്യൂണലും നേടി. അര ലക്ഷം രൂപ വീതമാണ് പുരസ്‌കാരങ്ങള്‍. പുളിക്കല്‍ പറമ്പിലെയും (പാലക്കാട്) വേങ്ങരയിലെയും (മലപ്പുറം) സായംപ്രഭാ ഹോമുകള്‍ക്കാണ് ആ മേഖലയിലെ മികവിന് പുരസ്‌കാരം. കാല്‍ ലക്ഷം രൂപ വീതമാണ് സമ്മാനം.

വയോജനമേഖലയില്‍ ശ്ലാഘനീയമായി സേവനം കാഴ്ചവെച്ചിട്ടുള്ള മുതിര്‍ന്ന പൗരന്‍മാര്‍ക്കും,വിവിധ സര്‍ക്കാര്‍ -സര്‍ക്കാരിതര വിഭാഗങ്ങള്‍ക്കും കലാകായിക സാംസ്‌കാരിക മേഖലകളില്‍ മികവ് തെളിയിച്ച മുതിര്‍ന്ന പൗരന്മാര്‍ക്കും സാമൂഹ്യനീതി വകുപ്പ് ഏര്‍പ്പെടുത്തിയിട്ടുള്ള വയോസേവന അവാര്‍ഡുകളാണ് വാര്‍ത്താ സമ്മേളനത്തില്‍ പ്രഖ്യാപിച്ചത്.

ഈ വര്‍ഷം 11 വിഭാഗങ്ങളിലാണ് പുരസ്‌കാരം നല്‍കുന്നത്. ക്യാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റും അടങ്ങുന്നതാണ് പുരസ്‌ക്കാരം ഒക്ടോബര്‍ ഒന്നിന് ‘വയോജന ദിനത്തില്‍’ പുരസ്‌കാരങ്ങള്‍ സമ്മാനിക്കും. സാമൂഹ്യനീതി വകുപ്പ് ഡയറക്ടര്‍ എച്ച് ദിനേശന്‍, വയോജന കൗണ്‍സില്‍ കണ്‍വീനര്‍ അമരവിള രാമകൃഷ്ണന്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!