തദ്ദേശസ്ഥാപനങ്ങൾ മാലിന്യം കൈമാറുന്ന നടപടി കുറ്റമറ്റതാക്കാൻ തീരുമാനം

ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ മാലിന്യം സ്വകാര്യ ഏജൻസികൾക്ക് കൈമാറുന്നതിലേക്കായി ഫണ്ട് വകയിരുത്തുന്ന നടപടി കുറ്റമറ്റതാക്കാൻ ഓരോ തദ്ദേശ സ്ഥാപനത്തിൽ നിന്നും വർഷം തോറും ഉല്പാദിപ്പിച്ച് ഏജൻസികൾക്ക് കൈമാറുന്ന മാലിന്യത്തിന്റെ കണക്കെടുക്കാൻ ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ ബുധനാഴ്ച ചേർന്ന യോഗം തീരുമാനിച്ചു.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ശേഖരിക്കുന്ന മാലിന്യങ്ങളിൽ വിറ്റു പണമാക്കാൻ കഴിയാത്തവയാണ് പണം അങ്ങോട്ട്‌ നൽകി സ്വകാര്യ ഏജൻസികൾക്ക് കൈമാറുന്നത്. ഇതിനായി ഫണ്ട്‌ വകയിരുത്താറുണ്ട്. ഈ ഫണ്ട്‌ വകയിരുത്തുന്ന നടപടി കൂടുതൽ കാര്യക്ഷമവും ഫലപ്രദവുമാക്കാൻ ലക്ഷ്യമിട്ടാണ് ഓരോ തദ്ദേശ സ്ഥാപനവും ഒരു വർഷം ശരാശരി എത്ര ടൺ മാലിന്യം ഇത്തരത്തിൽ ഏജൻസികൾക്ക് കൈമാറുന്നു എന്നതിന്റെ കണക്കെടുക്കുന്നത്. ഇത്തരത്തിൽ കഴിഞ്ഞ വർഷത്തെ മാലിന്യത്തിന്റെ കണക്ക് ഉടൻ ശേഖരിക്കും.

കണക്ക് ലഭ്യമായാൽ മാലിന്യം ശേഖരിക്കുന്ന ഏജൻസികൾക്ക് നൽകാനായി നേരത്തെ തന്നെ വേണ്ടത്ര ഫണ്ട്‌ നീക്കിവെക്കാൻ കഴിയും. ജില്ലയിലെ 78 തദ്ദേശസ്ഥാപനങ്ങളിൽ നിന്നുമുള്ള മാലിന്യം 11 ഏജൻസികളാണ് എടുക്കുന്നത്. ഇതിൽ ക്ലീൻ കേരള കമ്പനി ഒഴികെ എല്ലാം സ്വകാര്യ ഏജൻസികളാണ്.

ഓരോ തദ്ദേശസ്ഥാപനത്തിൽ നിന്നും മാലിന്യം എടുക്കുന്നത് സംബന്ധിച്ച് ലിഫ്റ്റിങ് പ്ലാൻ നിലവിലുള്ളതായും അതനുസരിച്ചാണ് മാലിന്യം കൊണ്ടുപോകുന്നതെന്നും ഏജൻസി പ്രതിനിധികൾ യോഗത്തിൽ അറിയിച്ചു.

തദ്ദേശസ്ഥാപനങ്ങളിൽ നിന്ന് പണം കൈപ്പറ്റി എടുക്കുന്ന മാലിന്യങ്ങൾ കൊണ്ടുപോകാൻ ഏജൻസി മറ്റ് കമ്പനികൾക്ക് ഉപകരാർ നൽകുമ്പോൾ
മാലിന്യം കൊണ്ടുപോകുന്ന വാഹനങ്ങളിൽ ജിപിഎസ് ഉറപ്പാക്കണമെന്ന് ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിംഗ് ഓർമിപ്പിച്ചു.

യോഗത്തിൽ തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ ടി ജെ അരുൺ,
അസിസ്റ്റന്റ് ഡയറക്ടർ പൂജ ലാൽ, ശുചിത്വമിഷൻ ജില്ലാ കോർഡിനേറ്റർ എം ഗൗതമൻ, സ്വകാര്യ ഏജൻസി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!