15,000 കിലോമീറ്റർ റോഡ് ബിഎംബിസി നിലവാരത്തിലാക്കി: മന്ത്രി പി എ മുഹമ്മദ് റിയാസ്

നാദാപുരം: ഈ സർക്കാർ അധികാരത്തിൽ വന്ന് മൂന്ന് വർഷം ആകുമ്പോഴേക്കും 15,000 കിലോമീറ്റർ പൊതുമരാമത്ത് റോഡുകൾ ബിഎംബിസി നിലവാരത്തിലാക്കിയെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. നാദാപുരം മണ്ഡലത്തിലെ നവീകരിച്ച പാറക്കടവ് കടവത്തൂർ റോഡ്, പാറക്കടവ് പുളിയാവ് ജാതിയേരി റോഡ് എന്നിവയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. അഞ്ചുവർഷംകൊണ്ട് 50 ശതമാനം പൊതുമരാമത്ത് റോഡുകൾ ബിഎംബിസി നിലവാരത്തിൽ ആക്കാനാണ് ലക്ഷ്യമിട്ടിരുന്നത്. എന്നാൽ മൂന്ന് വർഷം കൊണ്ട് തന്നെ ഈ ലക്ഷ്യം നേടിയതായി മന്ത്രി പറഞ്ഞു. മണ്ഡലത്തിലെ 14 റോഡുകൾ ബിഎംബിസി നിലവാരത്തിലേക്ക് ഉയർത്തി.

സർക്കാർ അധികാരത്തിൽ വന്നതിനുശേഷം നാദാപുരം നിയോജകമണ്ഡലത്തിൽ 53. 64 കോടി രൂപ ചെലവിൽ 12 റോഡ് പ്രവൃത്തികൾ പൂർത്തിയാക്കിയതായി മന്ത്രി പറഞ്ഞു. 19. 25 കോടി രൂപയുടെ ഏഴ് റോഡ് പ്രവർത്തികൾ വിവിധ ഘട്ടങ്ങളിലായി നടന്നുകൊണ്ടിരിക്കുകയാണ്. 179.86 കോടി രൂപയുടെ എട്ട് പ്രവൃത്തികൾക്ക് ഭരണാനുമതി നൽകിയതായും മന്ത്രി പറഞ്ഞു. ചടങ്ങിൽ ഇ കെ വിജയൻ എംഎൽഎ അധ്യക്ഷത വഹിച്ചു.

പാറക്കടവ്-പുളിയാവ് ജാതിയേരി റോഡ് രണ്ടുറീച്ചുകളിലായാണ് ബി.എം.ബി.സി. നിലവാരത്തിലാണ് നവീകരിച്ചത്. കലുങ്ക്, അത്യാവശ്യഭാഗങ്ങളിൽ ഓവുചാൽ എന്നിവയും നിർമ്മിച്ചിട്ടുണ്ട്. റോഡ് സുരക്ഷയുടെ ഭാഗമായി റോഡ് മാർക്കിംഗ് സൂചനാ ബോർഡുകൾ, സ്റ്റഡ്ഡുകൾ എന്നീ സംവിധാനങ്ങളും ഒരുക്കിയി. പാറക്കടവ്-കടവത്തൂർ റോഡും ബി.എം.ബി.സി. നിലവാരത്തിലാണ് നവീകരിച്ചത്. അഞ്ച് കലുങ്കുകൾ, ഒരു ക്രോസ്സ് ഡ്രയിൻ, അത്യാവശ്യഭാഗങ്ങളിൽ ഓവുചാൽ എന്നിവ നിർമ്മിച്ചു. റോഡ് സുരക്ഷയുടെ ഭാഗമായി റോഡ് മാർക്കിംഗ്, സൂചനാ ബോർ‌ഡുകൾ, സ്റ്റഡ്ഡുകൾ എന്നീ സംവിധാനങ്ങളും ഒരുക്കി.

തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ കെ പി വനജ, ചെക്യാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ വസന്ത കരിന്ത്രയിൽ, ജില്ലാ പഞ്ചായത്ത് മെമ്പർ സി വി എം നജ്‌മ, തൂണേരി ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ കെ ദ്വര, നജ്‌മ ബീവി, ചെക്യാട് ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻ സുബൈർ പാറേമ്മൽ, മെമ്പർമാരായ റംല കുട്ട്യാപ്പണ്ടി, ടി കെ ഖാലിദ് മാസ്റ്റർ, ഹാജറ ചെറൂണിയിൽ, മഫീദ സലീം, അസിസ്റ്റന്റ് എക്‌സിക്യൂട്ടിവ് എഞ്ചിനീയർ നിദിൽ ലക്ഷ്‌മണൻ, വിവിധ രാഷ്ട്രീയ പാർട്ടികൾ തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!