കീഴരിയൂര്‍ ബോംബ് കേസ് സ്മാരക ഹാളിന്റെ ഉദ്ഘാടനം ടി.പി.രാമകൃഷ്ണന്‍ എംഎല്‍എ നിര്‍വ്വഹിച്ചു

കീഴരിയൂര്‍: ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ കീഴരിയൂര്‍ ഇതിഹാസ സംഭവമാണ് കീഴരിയൂര്‍ ബോംബ് കേസ് എന്നും ഭാവി തലമുറയെ ഈ ചരിത്ര മുഹൂര്‍ത്തങ്ങള്‍ ഓര്‍മിപ്പിക്കുന്നതിനു വേണ്ടിയുള്ള സംവിധാനം ഉണ്ടാവണമെന്നും ടി.പി.രാമകൃഷ്ണന്‍ എംഎല്‍എ പറഞ്ഞു. 56 ലക്ഷം രൂപ ചിലവില്‍ നിര്‍മിച്ച കീഴരിയൂര്‍ ബോംബ് കേസ് സ്മാരക ഹാളിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

മഹാത്മാഗാന്ധി വര്‍ഗ്ഗീയ ശക്തികളാല്‍ കൊല ചെയ്യപ്പെട്ടതാണ്. അന്ന് കൊലക്ക് നേതൃത്വം നല്‍കിയവരെ ഇന്ന് ആദരിക്കപ്പെടുന്നു. അവരുടെ ചിത്രങ്ങളും പ്രതിമകളും പാര്‍ലിമെന്റ് മന്ദിരത്തില്‍ വരെ വെക്കുന്നു. ഭരണഘടനയെ പോലും അംഗീകരിക്കാതെ വര്‍ഗ്ഗീയ ശക്തികളുടെ അജണ്ട നടപ്പിലാക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. ഇതിന് ചെറുത്ത് നില്‍പ്പ് ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.നിര്‍മല അധ്യക്ഷത വഹിച്ചു. അസി.എന്‍ജിനീയര്‍ ടി.എ.ദീപ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍.എം.സുനില്‍ , ജില്ലാ പഞ്ചായത്തംഗം എം.പി.ശിവാനന്ദന്‍, സ്ഥിരം സമിതി അധ്യക്ഷരായ എം.എം.രവീന്ദ്രന്‍, ഐ.സജീവന്‍, അമല്‍സരാഗ, നിഷാ വല്ലിപ്പടിക്കല്‍, മെംബര്‍മാരായ സുനിതാ ബാബു, കെ.സി.രാജന്‍, കുറ്റ്യോയത്തില്‍ ഗോപാലന്‍, സവിത നിരത്തിന്റെ മീത്തല്‍, പഞ്ചായത്ത് സെക്രട്ടറി കെ.അന്‍സാര്‍, പി.കെ.ബാബു, ഇടത്തില്‍ ശിവന്‍, ടി.കെ.വിജയന്‍, ടി.യു.സൈനുദ്ദീന്‍, ടി.കുഞ്ഞിരാമന്‍, കെ.ടി.ചന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു.

56 ലക്ഷം രൂപ വിനിയോഗിച്ച് പൂര്‍ത്തീകരിച്ച മന്ദിരം ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോപ്പറേറ്റീവ് സൊസൈറ്റിയാണ് നിര്‍മിച്ചത്. വിശാലമായ ഹാള്‍, ചുറ്റുമതില്‍, മുറ്റത്ത് ഇന്റര്‍ലോക്ക്, ടോയ്‌ലറ്റ് കോംപ്ലക്‌സ്, വൈദ്യുതീകരണം എന്നിവ പൂര്‍ത്തിയാക്കി. കെട്ടിടത്തിന്റെ വിസ്തീര്‍ണ്ണം 4305 ചതുരശ്ര അടിയാണ്. ഇതില്‍ തന്നെ ഇരു നിലകളിലുമുള്ള ഹാളിന്റെ വിസ്തീര്‍ണ്ണം 2540 ചതുരശ്ര അടിയാണ്. ഇരു നിലകളിലും ആവശ്യാനുസരണം ടോയ്‌ലറ്റ് സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!