കോണ്‍ഗ്രസ് ജില്ലാ-ബ്ലോക്ക് പുന:സംഘടന: പാര്‍ട്ടി സംസ്ഥാനതല സമിതിയുടെ ആദ്യയോഗം ബുധനാഴ്ച
തിരുവനന്തപുരം: കോണ്‍ഗ്രസ് ജില്ലാ-ബ്ലോക്ക് പുന:സംഘടനയ്ക്ക് വേണ്ടി രൂപീകരിച്ച സംസ്ഥാനതല സമിതിയുടെ ആദ്യയോഗം ബുധനാഴ്ച ചേരും. ജില്ലകളില്‍ നിന്ന് ലഭിച്ച പട്ടിക പരിശോധിച്ച് മാനദണ്ഡങ്ങള്‍ക്ക് അനുസൃതമാണോയെന്ന് ഉറപ്പുവരുത്തി കെ.പി.സി. സിക്ക് കൈമാറുകയാണ് സമിതിയില്‍ അര്‍പ്പിതമായ ചുമതല.
പട്ടിക കെ.പി.സി.സി അദ്ധ്യക്ഷനും പ്രതിപക്ഷ നേതാവും പരിശോധിച്ച് അന്തിമമാക്കിയ ശേഷം പ്രഖ്യാപനം നടത്തും. പുന: സംഘടന തീരുമാനിച്ചപ്പോള്‍ മുതല്‍ ഒരോ കാരണങ്ങള്‍ കൊണ്ട് നീണ്ടുപോകുകയായിരുന്നതിനാല്‍ ഇത്തവണയെങ്കിലും യാഥാര്‍ത്ഥ്യമാകുമെന്ന പ്രതീക്ഷയില്‍ സംസ്ഥാന തല സമിതിയോഗത്തെ നേതാക്കളും പ്രവര്‍ത്തകരും ആകാംക്ഷയോടെ ഉറ്റുനോക്കുകയാണ്.
ഭൂരിപക്ഷം ജില്ലകളില്‍ നിന്നും പുന:സംഘടനാ പട്ടിക കെ.പി.സി.സിക്ക് കൈമാറിയിട്ടുണ്ട്. എ.ഐ.സി.സി നിശ്ചയിച്ച മാനദണ്ഡപ്രകാരം വനിതകള്‍, യുവാക്കള്‍, പട്ടികജാതി പട്ടികവര്‍ഗ വിഭാഗങ്ങള്‍ എന്നിവര്‍ക്കെല്ലാം പരിഗണന നല്‍കിയിട്ടുണ്ടെന്ന് സമിതി ഉറപ്പുവരുത്തും. ഓരോ ജില്ലയിലെയും പ്രധാന നേതാക്കള്‍ ഭാരവാഹിത്വത്തിലുണ്ടോയെന്നും സമിതി ഉറപ്പുവരുത്തും.
എല്ലാ മാനദണ്ഡങ്ങളും പാലിച്ചും എല്ലാവര്‍ക്കും പരിഗണന നല്‍കുന്നതുമായ പട്ടിക കൈമാറാനാണ് ഏഴംഗ സംസ്ഥാനതല സമിതി അംഗങ്ങളുടെ തീരുമാനം. കൊടിക്കുന്നില്‍ സുരേഷ്, കെ.സി.ജോസഫ്, ജോസഫ് വാഴക്കന്‍, എ.പി. അനില്‍കുമാര്‍, എം.ലിജു, കെ. ജയന്ത്, ടി. സിദ്ദിഖ് എന്നിവരാണ് സമിതിംഗങ്ങള്‍.


