അർജന്റീന ഫുട്ബോൾ ടീമിനെ കേരളത്തിലേക്ക് ക്ഷണിക്കാൻ കായിക മന്ത്രി വി അബ്ദുറഹിമാൻ സ്പെയിനിലേക്ക്


അർജന്റീന ഫുട്ബോൾ ടീമിനെ കേരളത്തിലേക്ക് ക്ഷണിക്കാൻ കായിക മന്ത്രി വി. അബ്ദുറഹിമാൻ സ്പെയിനിലേക്ക് പുറപ്പെടും. മന്ത്രി നാളെ പുലർച്ചെ സ്പെയിനിലേക്ക് പുറപ്പെടും. സ്പോർട്സ് വകുപ്പ് ഡയറക്ടറും സെക്രട്ടറിയും മന്ത്രിക്കൊപ്പം ഉണ്ടാകും. മാഡ്രിഡിൽ എത്തുന്ന മന്ത്രി വി അബ്ദുറഹിമാൻ അർജന്റീന ഫുട്ബോൾ പ്രതിനിധികളുമായി ചർച്ച നടത്തും.
2022-ലെ ലോകകപ്പ് വിജയത്തിനു പിന്നാലെ അർജന്റീന ഫുട്ബോൾ അസോസിയേഷൻ കേരളത്തെയടക്കം പരാമർശിച്ച് നന്ദിയറിയിച്ചിരുന്നു. ഈ വർഷം ആദ്യം അർജന്റീന ഫുട്ബോൾ അസോസിയേഷൻ പ്രതിനിധികളുമായി കായിക മന്ത്രി ഓൺലൈനായി ചർച്ച നടത്തിയിരുന്നു. കേരളത്തിൽ കളിക്കാൻ സന്നദ്ധത അറിയിച്ചുകൊണ്ടുള്ള അർജന്റീന ഫുട്ബോൾ അസോസിയേഷന്റെ ഇ മെയിൽ ലഭിച്ചതായി സംസ്ഥാന കായിക മന്ത്രി വി. അബ്ദുറഹ്മാൻ നേരത്തേ അറിയിച്ചിരുന്നു. ഇതിന് പിന്നാലെ അർജന്റീന ടീമിനെ കേരളത്തിലേക്ക് എത്തിക്കാൻ നീക്കം തുടങ്ങിയത്.












