കാരുണ്യ ആരോഗ്യ പദ്ധതിയുടെ വ്യാജ കാര്‍ഡുകളുണ്ടാക്കി വില്പന നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി എടുക്കുമെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ്



തിരുവനന്തപുരം: സാധാരണക്കാര്‍ക്ക് സൗജന്യ ചികിത്സ ഉറപ്പ് വരുത്തുന്ന കേരള സര്‍ക്കാരിന്റെ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുടെ വ്യാജ കാര്‍ഡുകള്‍ ഇറക്കി ബി.ജെ.പി. കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതിയാണെന്ന് വ്യാജപ്രചരണം നടത്തിയാണ് വ്യാജ കാര്‍ഡുകള്‍ വിതരണം നടത്തിയത്.
പ്രാദേശികമായി ബി.ജെ.പി നടത്തിയ ക്യാമ്പിലൂടെ ലഭിക്കുന്ന കാരുണ്യ പദ്ധതിയുടെ കാര്‍ഡുകള്‍ ഉപയോഗ ശൂന്യമാണ്. ഇത്തരത്തിലുള്ള കാര്‍ഡുമായി ആശുപത്രികളെ സമീപിച്ചാല്‍ ആനുകൂല്യം ലഭിക്കുകയില്ല. ഇത്തരത്തില്‍ വ്യാജ കാര്‍ഡുകളുണ്ടാക്കി വില്പന നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി എടുക്കുമെന്ന് കേരളം ആരോഗ്യ മന്ത്രി വീണ ജോര്‍ജ് പറഞ്ഞു.
ബി.ജെ.പി നിയന്ത്രണത്തിലുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും നിയന്ത്രണത്തിലുള്ള വാര്‍ഡുകളിലുമാണ് വ്യാജ കാര്‍ഡുകള്‍ വിതരണം ചെയ്തത്. ആരോഗ്യ വകുപ്പ് അറിയാതെ ബി.ജെ.പി പ്രവര്‍ത്തകര്‍ ക്യാമ്പ് നടത്തി കാര്‍ഡുകള്‍ വിതരണം ചെയ്യുകയായിരുന്നു. പണം വാങ്ങിയുള്ള കാര്‍ഡ് വിതരണത്തിലൂടെ ബി.ജെ.പി ജനങ്ങളെ കബളിപ്പിക്കുകയായിരുന്നെന്ന് വിമര്‍ശനങ്ങള്‍ ഉയര്‍ന്നു.
സംസ്ഥാന ആരോഗ്യ വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സിയിലൂടെ നടപ്പിലാക്കുന്ന കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി ഗുണഭോക്താക്കള്‍ക്ക് സമഗ്ര ആരോഗ്യ പരിരക്ഷ ഉറപ്പാക്കുന്ന പദ്ധതിയാണ്. പദ്ധതിയില്‍ തെരഞ്ഞെടുക്കപ്പെട്ട ആശുപത്രികളിലൂടെയാണ് സൗജന്യ ചികിത്സ ലഭ്യമാക്കുന്നത്. കാസ്പ് വഴി സര്‍ക്കാര്‍ ആശുപത്രികളിലോ സര്‍ക്കാര്‍ എംപാനല്‍ ചെയ്ത സ്വകാര്യ ആശുപത്രികളിലോ ചികിത്സക്കായി ഓരോ വര്‍ഷവും അര്‍ഹതപ്പെട്ട കുടുംബങ്ങള്‍ക്കു അഞ്ച് ലക്ഷം രൂപ വരെയുള്ള ചികിത്സ ലഭ്യമാകും. ഇത്തരം ആശുപത്രികളില്‍ സജ്ജമാക്കിയ കാപ്സ് കിയോസ്കുകള്‍ മുഖേനെ മാത്രമാണ് അനുബന്ധ സേവനങ്ങള്‍ ലഭ്യമാവുക. ഇതിനായി പണച്ചിലവുകള്‍ ഒന്നും തന്നെയില്ല.
പദ്ധതിയില്‍ ഗുണഭോക്താക്കളെ പുതുതായി ഉള്‍പ്പെടുത്താനോ കാര്‍ഡ് പ്രിന്റ് ചെയ്ത് നല്‍കാനോ പദ്ധതി നടത്തിപ്പ് ചുമതലയുള്ള സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സി മറ്റാരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു. അതിനാല്‍ തന്നെ സര്‍ക്കാരിന്റെ ഔദ്യോഗിക അറിയിപ്പ് ലഭിക്കാത്ത പക്ഷം ഇത്തരം ഏജന്‍സികള്‍ നടത്തുന്ന നിയമവിരുദ്ധമായ എന്റോള്‍മെന്റ് ക്യാമ്പുകളില്‍ പങ്കെടുക്കരുതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഇത്തരത്തില്‍ പണം നല്കി കാര്‍ഡ് പ്രിന്റ് ചെയ്ത് വഞ്ചിക്കപ്പെടാതിരിക്കാന്‍ ശ്രദ്ധിക്കണമെന്ന് വീണ ജോര്‍ജ് പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുമുണ്ട്













