കൈത്തറി മേഖലയെ അന്താരാഷ്ട്ര വിപണിയിലേക്കെത്തിക്കണം: മന്ത്രി പി. രാജീവ്



കൈത്തറി മേഖലയെ നവീനവും ആകര്‍ഷകവുമായ ഉത്പന്നങ്ങളിലൂടെ അന്താരാഷ്ട്ര വിപണിയില്‍ മത്സരിക്കാന്‍ കഴിയുന്ന രീതിയില്‍ മാറ്റാനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് വ്യവസായ, കയര്‍, നിയമ വകുപ്പ് മന്ത്രി പി. രാജീവ് പറഞ്ഞു. തിരുവനന്തപുരം കനകക്കുന്ന് സൂര്യകാന്തി ഫെയര്‍ ഗ്രൗണ്ടില്‍ ആഗസ്റ്റ് 27 മുതല്‍ സെപ്റ്റംബര്‍ 14 വരെ നടക്കുന്ന സംസ്ഥാന ഓണം കൈത്തറി വസ്ത്ര പ്രദര്‍ശന വിപണന മേള ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
നവീന പദ്ധതികളിലൂടെ തൊഴിലാളികളുടെ സുരക്ഷിതത്വത്തിന് മുന്‍ഗണന നല്‍കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. കൈത്തറി യൂണിഫോം സ്‌കൂളുകളില്‍ നിര്‍ബന്ധമാക്കിയത് ഇതിന്റെ ഉദാഹരണമാണ്. നെയ്ത്തുകാരുടെ കഴിവുകളെ വ്യത്യസ്ത ഉത്പന്നങ്ങളാക്കി മാറ്റാന്‍ കഴിയുന്ന രീതിയില്‍ മാറ്റം ഉണ്ടാകണം. രണ്ട് കോടി രൂപയുടെ പ്രവര്‍ത്തന സഹായമൂലധനം സംസ്ഥാന സര്‍ക്കാര്‍ ഇതിന് അനുവദിച്ചുകഴിഞ്ഞു. ഓണത്തിന് മുമ്പ് തന്നെ ഈ മേഖലയിലെ തൊഴിലാളികളുടെ കുടിശിക കൊടുത്തുതീര്‍ക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ഹാന്റെക്‌സും, ഹാന്റ്വീവുമടക്കമുള്ള സ്ഥാപനങ്ങള്‍ ഭരണനിര്‍വഹണച്ചെലവ് പരമാവധി കുറിച്ച് കൂടുതല്‍ തൊഴിലാളി സുരക്ഷിത രീതികളിലേക്ക് മാറണം. ഇതിനായി നിയോഗിക്കപ്പെട്ട വിദഗ്ധ സമിതി നല്‍കുന്ന ശുപാര്‍ശകള്‍ നടപ്പിലാക്കുമെന്നും മന്ത്രി പറഞ്ഞു.
വിപണനമേഖലയിലെ ആദ്യ വില്‍പ്പന ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആര്‍.അനില്‍ നിര്‍വ്വഹിച്ചു. വി. കെ. പ്രശാന്ത് എം എല്‍ എ അധ്യക്ഷന വഹിച്ച ചടങ്ങില്‍ തിരുവന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി. സുരേഷ് കുമാര്‍. ഡി,തിരുവനന്തപുരം കോര്‍പ്പറേഷന്‍ പ്രതിപക്ഷ നേതാവ് എം. ആര്‍. ഗോപന്‍, കൈത്തറി സഹകരണ സംഘം അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി എം. എം. ബഷീര്‍, കൈത്തറി തൊഴിലാളി കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ്’ അഡ്വ. സുബോധന്‍ ജി, പത്മശ്രീ. പി. ഗോപിനാഥന്‍, ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ ഷിറാസ്. എ.എസ്, കൈത്തറി വസ്ത്ര ഡയറക്ടര്‍ അനില്‍ കുമാര്‍ കെ. എസ് എന്നിവര്‍ സംബന്ധിച്ചു.
പരമ്പരാഗത തൊഴില്‍ മേഖലയായ കൈത്തറി വ്യവസായത്തിന്റെ ഉല്‍പ്പന്നങ്ങള്‍ ഓണ വിപണിയില്‍ സജീവമാക്കുന്നതിന് കേന്ദ്ര ഗവണ്മെന്റ്, സംസ്ഥാന ഗവണ്മെന്റ്, കൈത്തറി വസ്ത്ര ഡയറക്ടറേറ്റ്, തിരുവനന്തപുരം ജില്ലാവ്യവസായ കേന്ദ്രം, കൈത്തറി വികസന സമിതി എന്നിവയുടെ പങ്കാളിത്തത്തോടു കൂടിയാണ് ഓഗസ്റ്റ് 27 മുതല്‍ സെപ്തംബര്‍ 14 വരെ കനകക്കുന്നിലെ സൂര്യകാന്തി ഫെയര്‍ ഗ്രൗണ്ടില്‍ കൈത്തറി വസ്ത്ര പ്രദര്‍ശന വിപണന മേള സംഘടിപ്പിക്കുന്നത്. കേരളം, ജമ്മു കാശ്മീര്‍, പശ്ചിമബംഗാള്‍, ഉത്തര്‍പ്രദേശ്, മദ്ധ്യപ്രദേശ്, രാജസ്ഥാന്‍, തെലുങ്കാന, ജാര്‍ഖണ്ഡ്, തമിഴ്നാട്, ബീഹാര്‍, ഡല്‍ഹി, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളുടെ പ്രാധിനിത്യം ഈ പ്രദര്‍ശന വിപണന മേളയില്‍ ഒരുക്കിയിട്ടുണ്ട്.
കേരളത്തിന്റെ ഉല്പന്നങ്ങളായ ബാലരാമപുരം കൈത്തറി ഉല്‍പ്പന്നങ്ങള്‍, ചേന്ദമംഗലം, കുത്താമ്പുള്ളി എന്നീ പ്രധാനപ്പെട്ട ഭൗമസൂചിക ഉല്‍പ്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കുകയും വിപണനം നടത്തുകയും ചെയ്യുന്നു. ഉത്തര്‍ പ്രദേശിലെ ചന്ദേരി സാരികള്‍, ജമ്മു കശ്മീരിലെ പഷ്മീന ഷാളുകള്‍ തുടങ്ങിയ ഉല്‍പ്പന്നങ്ങളുടെ നിര തന്നെ മേളയിലെ സ്റ്റാളുകളില്‍ ഒരുക്കിയിട്ടുണ്ട്.
ഏകദേശം 50 ലക്ഷത്തോളം തൊഴിലാളികള്‍ ഉള്‍പ്പെടുന്ന ഇന്ത്യയിലെ കൈത്തറി വ്യവസായം പ്രോത്സാഹിപ്പിക്കുന്നതിന് മേള സഹായകരമാകുന്നു. കേരളത്തിലെ 25000 തൊഴിലാളികളുടെ ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ ആകര്‍ഷകമായ രീതിയില്‍ അവരിപ്പിച്ച് ഉല്‍പ്പന്നങ്ങളുടെ മൂല്യം ഉപഭോക്താക്കള്‍ക്ക് മനസിലാക്കി കൊടുക്കുന്നതിനും പ്രചരിപ്പിക്കുകയുമാണ് ലക്ഷ്യം. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള കൈത്തറി ഉല്‍പ്പന്നങ്ങള്‍ കേരളത്തിലെ ഉപഭോക്താക്കള്‍ക്ക് പരിചയപ്പെടുത്തുന്നതിന് മേള സഹായകരമായിരിക്കും. ഹാന്‍ടെക്‌സ്, ഹാന്‍വീവ് ഉള്‍പ്പെടെ സംസ്ഥാനത്ത് 40 ഓളം കൈത്തറി സംഘങ്ങളും അന്യ സംസ്ഥാനത്തു നിന്നുള്ള 26 സംഘങ്ങളും ഈ മേളയില്‍ ഒരുക്കിയിരിക്കുന്ന 64 സ്റ്റാളുകളിലായി അണിനിരക്കും.




‘









