നിയമസഭ പരിസ്ഥിതി സമിതി വിലങ്ങാട് സന്ദര്‍ശിച്ചു, പുനരധിവാസം; മുന്‍ഗണനാ പട്ടിക തയ്യാറാക്കണം

വിലങ്ങാട് ഉരുള്‍പ്പൊട്ടല്‍ ബാധിത പ്രദേശങ്ങളില്‍ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ മുന്‍ഗണനാ പട്ടികയുണ്ടാക്കി വേഗത്തില്‍ നടപ്പിലാക്കണമെന്ന് നിയമസഭ പരിസ്ഥിതി സമിതി ചെയര്‍മാന്‍ ഇ കെ വിജയന്‍ എംഎല്‍എ പറഞ്ഞു. നിയമസഭ പരിസ്ഥിതി സമിതിയുടെ നേതൃത്വത്തില്‍ വിലങ്ങാട് ഉരുള്‍പ്പൊട്ടല്‍ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച ശേഷം നാദാപുരം റസ്റ്റ് ഹൗസില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിലങ്ങാട് ഉരുള്‍പ്പൊട്ടലുമായി ബന്ധപ്പെട്ട പഠനം ഇനിയും തുടരുമെന്നും എന്‍ഐടിയുടെ സഹകരണത്തോടെ റഡാര്‍ സര്‍വ്വേയുള്‍പ്പടെ നടത്തുമെന്നും എംഎല്‍എ പറഞ്ഞു. വിലങ്ങാട് ഉരുള്‍പൊട്ടലില്‍ കൃഷി നാശം സംഭവിച്ച മുഴുവന്‍ പേരെയും നഷ്ടപരിഹാര പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ ആവശ്യപ്പെടുമെന്ന് സമിതി അംഗം മോന്‍സ് ജോസഫ് എംഎല്‍എ പറഞ്ഞു. കൃഷി നാശത്തിന്റെ കാര്യത്തില്‍ പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന ആവശ്യം സര്‍ക്കാര്‍ മുമ്പാകെ ഉന്നയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പുനരധിവാസത്തിന്റെ കാര്യത്തില്‍ കാലതാമാസം ഒഴിവാക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ ഇടപെടല്‍ നടത്തുമെന്ന് ജോബ് മൈക്കിള്‍ എംഎല്‍എ പറഞ്ഞു. ഉരുള്‍പൊട്ടലിന് ഇരയായവര്‍ എടുത്ത ലോണുകളുമായി ബന്ധപ്പെട്ട് ബാങ്കുകളുടെ പ്രത്യേക യോഗം വിളിക്കുമെന്ന് ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ് പറഞ്ഞു. ദുരിതാശ്വാസ ഫണ്ട് അനുവദിക്കുന്നത് വേഗത്തിലാക്കുമെന്നും അദ്ദേഹം അറിയിച്ചു. നാദാപുരം ഗസ്റ്റ് ഹൗസില്‍ ചേര്‍ന്ന യോഗത്തില്‍ ദുരന്ത നിവാരണ വിഭാഗം ഉദ്യോഗസ്ഥര്‍, മറ്റ് വിവിധ വകുപ്പ് മേധാവികളും നാശനഷ്ടങ്ങളുടെ കണക്കുകളും പുനരധിവാസ പ്രവര്‍ത്തനങ്ങളെ കുറിച്ചുള്ള റിപ്പോര്‍ട്ടും യോഗത്തില്‍ അവതരിപ്പിച്ചു.

യോഗത്തില്‍ നിയമസഭാ പരിസ്ഥിതി സമിതി ചെയര്‍മാന്‍ ഇ കെ വിജയന്‍ എംഎല്‍എ, എംഎല്‍എമാരായ മോന്‍സ് ജോസഫ്, ജോബ് മൈക്കിള്‍, സജീവ് ജോസഫ്, ടി ഐ മധുസൂദനന്‍, കെ ഡി പ്രസേനന്‍, ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ്, പഞ്ചായത്ത് പ്രസിഡന്റുമാരായ പി സുരയ്യ ടീച്ചര്‍ (വാണിമേല്‍), പി വി മുഹമ്മദലി (നാദാപുരം), നസീമ കൊട്ടാരത്തില്‍ (ചെക്യാട്), സുധ സത്യന്‍ (തൂണേരി), പഞ്ചായത്ത് വൈസ് പ്രസിഡന്റുമാരായ വി കെ ബീന (നരിപ്പറ്റ), സല്‍മ രാജു (വാണിമേല്‍), നരിപ്പറ്റ പഞ്ചായത്ത് സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ ഷാജു ടോം, വാര്‍ഡ് മെമ്പര്‍മാര്‍ എന്നിവര്‍ സംബന്ധിച്ചു.

നിയമസഭ പരിസ്ഥിതി സമിതി ചെയര്‍മാന്‍ ഇ കെ വിജയന്‍ എംഎല്‍എയുടെ നേതൃത്വത്തിലുള്ള സംഘം രാവിലെ മുതല്‍ ഉച്ചവരെ വിലങ്ങാട് ഉരുള്‍പ്പൊട്ടല്‍ ബാധിത പ്രദേശങ്ങളില്‍ സന്ദര്‍ശനം നടത്തിയ ശേഷമാണ് നാദാപുരം റെസ്റ്റ് ഹൗസില്‍ അവലോകന യോഗം നടത്തിയത്. ദുരിതബാധിത പ്രദേശത്തെ ജനങ്ങളുടെ ആശങ്കകളും പ്രശ്‌നങ്ങളും എംഎല്‍എമാര്‍ കേള്‍ക്കുകയും അവരില്‍ നിന്ന് നിവേദനങ്ങളും പരാതികളും സ്വീകരിക്കുകയും ചെയ്തു.

ഉരുള്‍പ്പൊട്ടല്‍ നടന്ന സ്ഥലങ്ങളായ മഞ്ഞച്ചീളി, മഞ്ഞക്കുന്ന്, വായാട്, മുച്ചക്കയം പാലം, പന്നിയേരി, കുറ്റള്ളൂര്‍, മാടാഞ്ചേരി തുടങ്ങിയ സ്ഥലങ്ങളിലും ഉരുള്‍പൊട്ടലില്‍ ഭാഗികമായി തകര്‍ന്ന ഉരുട്ടിപ്പാലം എന്നിവിടങ്ങളിലും, ഉരുള്‍പൊട്ടലില്‍ മരണപ്പെട്ട മാത്യൂവിന്റെ വീടും സംഘം സന്ദര്‍ശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!