വന്ദേ ഭാരതിനു പിന്നാലെ കേരളത്തിന് റെയിൽ ബൈപ്പാസ് പദ്ധതി പ്രഖ്യാപിച്ച് കേന്ദ്രം, വളവുകളിൽ ബൈപ്പാസായി പുതിയ ഇരട്ടപ്പാത വരും.
കേരളത്തിലെ വളവുകളുള്ള പാതയിലൂടെ അതിവേഗത്തിൽ ട്രെയിനുകൾ ഓടിക്കാനാവില്ല. നിലവിൽ എറണാകുളം-ഷൊർണൂർ 80കി.മി, ഷൊർണൂർ-മംഗലാപുരം 110കി.മിയാണ് ശരാശരി വേഗത. ഈ വേഗതയിലാവും ആദ്യം വന്ദഭാരത് അടക്കം ഓടിക്കുക. നിലവിലെ റെയിൽപാതയിലെ വളവുകൾ നിവർത്തിയെടുക്കാനുള്ള പദ്ധതി റെയിൽവേ ആരംഭിച്ചിട്ടുണ്ട്.
55-60കിലോമീറ്ററാണ് കേരളത്തിലെ ശരാശരി വേഗം. തിരുവനന്തപുരം-കാസർകോട് പാതയിൽ 626വളവുകളും 230 ലെവൽക്രോസുകളും 138ഇടത്ത് വേഗനിയന്ത്രണവുമുണ്ട്. പാതയുടെ 36ശതമാനവും വളവുകളാണ്. വളവുകൾ കഴിയുന്നത്ര നിവർത്തുകയും ട്രാക്കുകൾ ബലപ്പെടുത്തുകയും ചെയ്യും. കൊടുംവളവുകളുള്ള കൊല്ലം, കുറ്റിപ്പുറം സ്റ്റേഷനുകളിൽ റെയിൽ ബൈപ്പാസുകൾ വരും.
എറണാകുളം- ഷൊർണൂർ റൂട്ടിൽ വളവുകൾ നിവർത്തിയുള്ള മൂന്നാം പാതയ്ക്കായി പഠനം നടത്തിയപ്പോൾ ഇത് സാദ്ധ്യമാണെന്നും ചാലക്കുടിയിൽ മാത്രമേ സ്റ്റോപ്പ് അനുവദിക്കാനാവൂ എന്നുമാണ് കണ്ടെത്തിയത്. പുതിയ റെയിൽപ്പാതകൾ വികസിപ്പിക്കുന്നതാണ് ഇപ്പോൾ റെയിൽവേ പരിഗണിക്കുന്നത്.
പുതിയ ലൈനുകളും സിഗ്നൽ സംവിധാനവും വന്നാൽ മിനിറ്റുകൾ ഇടവിട്ട് കൂടുതൽ ട്രെയിനുകളോടിക്കാം. അതിവേഗ ട്രെയിനുകളുമോടിക്കാം. വളവുകളില്ലാത്ത പുതിയ രണ്ട് ലൈൻ നിർമ്മിക്കാനും പലേടത്തും സ്ഥലമെടുക്കേണ്ടിവരും. റെയിൽപാതയോട് ചേർന്നുള്ള ഭൂമിക്ക് വില കുറവാണ്. സർക്കാർ നല്ല വില കൊടുത്താൽ ജനം ഭൂമി വിട്ടുകൊടുക്കും. എതിർപ്പുകളും കുറയും.