വയനാട് ദുരന്തബാധിതർക്ക് കൈത്താങ്ങായി ബസ് ജീവനക്കാർ
കൊയിലാണ്ടി വടകര മേഖലയിലെ സ്വകാര്യബസ്സുകാര്‍ വ്യാഴാഴ്ച സര്‍വീസ് നടത്തിയത് വയനാട് ദുരന്തബാധിതരെ സഹായിക്കാന്‍. നൂറുകണക്കിന് ബസുകള്‍ ഒറ്റ ദിവസത്തെ യാത്രയിലൂടെ സമാഹരിക്കുന്ന തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്യും. ബസ് ജീവനക്കാര്‍ വയനാടിന് കൈത്താങ്ങായി ഓടുമ്പോള്‍ യാത്രക്കാരും മികച്ച സഹകരണമാണ് നല്‍കുന്നത്. ടിക്കറ്റ് തുകയ്ക്ക് പുറമേ തങ്ങളാലാവുന്നത് നല്‍കിയാണ് ഓരോ യാത്രക്കാരും ഈ സദ്പവൃത്തിയില്‍ പങ്കുചേരുന്നത്. ടിക്കറ്റുമായി യാത്രക്കാര്‍ക്കരികിലേക്ക് പോകുന്ന കണ്ടക്ടര്‍മാരെല്ലാം തന്നെ ഇന്ന് വയനാടിനൊരു കൈത്താങ്ങ് എന്നെഴുതിയ ബക്കറ്റുമായാണ് പണം ശേഖരിക്കുന്നത്.
രാവിലെ മുതല്‍ ജനങ്ങളുടെ ഭാഗത്തുനിന്നും വലിയ പിന്തുണയാണ് ലഭിക്കുന്നതെന്ന് ജീവനക്കാരും ബസ് ഉടമകളും പറയുന്നു. യാത്രക്കാരോട് ടിക്കറ്റ് ചാര്‍ജാണ് ഞങ്ങള്‍ ആവശ്യപ്പെടുന്നത്. ടിക്കറ്റ് തുക കഴിച്ച് ബാക്കിയുണ്ടെങ്കില്‍ തിരികെ നല്‍കും. താല്‍പര്യമുള്ളവര്‍ അത് സംഭാവനയായി നല്‍കുകയാണെന്നും അവര്‍ പറഞ്ഞു. കൊയിലാണ്ടിയിലെ ബസുകളും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സജീവമായി രംഗത്തുണ്ട്. ഏതാണ്ട് എല്ലാ ബസുകളും പങ്കുചേര്‍ന്നിട്ടുണ്ട്.
വയനാട്ടിലെ ദുരിതബാധിതരെ സഹായിക്കാന്‍ ജില്ലാ ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷനാണ് ഈ ഉദ്യമവുമായി മുന്നോട്ടുവന്നത്. സര്‍വ്വീസ് നടത്തി കിട്ടുന്ന തുക ഉപയോഗിച്ച് ദുരന്തമേഖലയിലുള്ളവര്‍ക്ക് വീടുവെച്ച് നല്‍കുമെന്ന് അസോസിയേഷന്‍ പ്രസിഡന്റ് കെ.ടി.വാസുദേവന്‍ പറഞ്ഞു. ദുരിതബാധിതരെ സഹായിക്കാനുള്ള അവസരമായി ഈ പരിപാടിയെ കാണണമെന്നും ഇന്ന് സ്വകാര്യ വാഹനങ്ങള്‍ ഒഴിവാക്കി പൊതുഗതാഗത സംവിധാനം ഉപയോഗപ്പെടുത്തണമെന്നും ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു.