എൻജിനിയറിങ്/ ഫാർമസി കോഴ്സ് രണ്ടാംഘട്ട അലോട്ട്മെന്റ്, ആർക്കിടെക്ചർ ഒന്നാംഘട്ട അലോട്ട്മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
സംസ്ഥാനത്തെ 2024 ലെ എൻജിനിയറിങ് കോഴ്സുകളിലേക്കുള്ള രണ്ടാം ഘട്ട കേന്ദ്രീകൃത അലോട്ട്മെന്റും ആർക്കിടെക്ചർ കോഴ്സിലേയ്ക്കുള്ള ഒന്നാംഘട്ട കേന്ദ്രീകൃത അലോട്ട്മെന്റും www.cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചു.
അലോട്ട്മെന്റ് ലഭിച്ച വിദ്യാർഥികൾ ഹോം പേജിൽ നിന്നും അലോട്ട്മെന്റ് മെമ്മോയുടെ പ്രിന്റ ഔട്ട് എടുക്കണം. ഈ ഘട്ടത്തിൽ ലഭ്യമാകുന്ന അലോട്ട്മെന്റ് മെമ്മോ പിന്നീട് ലഭിക്കില്ല. പ്രവേശനം നേടുന്ന സമയത്ത് ഡാറ്റാ ഷീറ്റ്, അലോട്ട്മെന്റ് മെമ്മോ എന്നിവയും പ്രോസ്പെക്ട്സ് ക്ലോസ് 11.7.1-ൽ പറഞ്ഞിട്ടുള്ള ബാധകമായ രേഖകളും കോളേജ് അധികാരികൾക്ക് മുന്നിൽ ഹാജരാക്കണം.
അലോട്ട്മെന്റ് പ്രകാരം എൻജിനിയറിങ്, ഫാർമസി കോഴ്‌സുകൾക്ക് പുതുതായി അലോട്ട്മെന്റ് ലഭിക്കുന്ന വിദ്യാർഥികൾ അലോട്ട്മെന്റ് മെമ്മോയിൽ കാണിച്ചിട്ടുള്ളതും, പ്രവേശന പരീക്ഷാ കമ്മീഷണർക്ക് അടയ്ക്കേണ്ടതുമായ ഫീസ് ആഗസ്റ്റ് 27 ഉച്ചക്ക് 2 മണിയ്ക്കുള്ളിൽ ഓൺലൈൻ പേയ്മെന്റ് മുഖേനയോ ഹെഡ് പോസ്റ്റ് ഓഫീസുകൾ മുഖേനയോ അടയ്ക്കണം. 27ന് വൈകുന്നേരം 3 മണിക്കുള്ളിൽ പ്രവേശനം നേടണം. ആർക്കിടെക്ചർ കോഴ്‌സുകൾക്ക് അലോട്ട്മെന്റ് ലഭിക്കുന്ന വിദ്യാർഥികൾ അലോട്ട്മെന്റ് മെമ്മോയിൽ കാണിച്ചിട്ടുള്ളതും, പ്രവേശന പരീക്ഷാ കമ്മീഷണർക്ക് അടയ്ക്കേണ്ടതുമായ ഫീസ് ആഗസ്റ്റ് 24 ഉച്ചക്ക് 2 മണിയ്ക്കുള്ളിൽ അടയ്ക്കണം. 24ന് വൈകുന്നേരം 3 മണിക്കുള്ളിൽ പ്രവേശനം നേടണം.
റിസർച്ച് അസിസ്റ്റന്റ് ഒഴിവ്
കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന കിർത്താഡ്സിൽ പദ്ധതിയുടെ നടത്തിപ്പിനായി കരാർ അടിസ്ഥാനത്തിൽ റിസർച്ച് അസിസ്റ്റന്റിനെ നിയമിക്കും. അപേക്ഷകർക്ക് 2024 ജൂലൈ ഒന്നിന് 36 വയസ്സിൽ കൂടരുത്. പട്ടികജാതി/ പട്ടികവർഗ പിന്നാക്ക വിഭാഗക്കാർക്ക് നിയമാനുസൃത ഇളവ് ലഭിക്കും. പട്ടികവർഗ സമുദായക്കാർക്ക് മുൻഗണന ഉണ്ടായിരിക്കും.
സെപ്റ്റംബർ നാലിന് പത്ത് മണിക്ക് വകുപ്പിൽ വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. ഉദ്യോഗാർഥികൾ രാവിലെ പത്ത് മണിക്ക് മുമ്പ് യോഗ്യത, പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി നേരിട്ട് ഹാജരാകണം.
സ്പോർട്സ് ക്വാട്ട പ്രവേശനം
ജില്ലാ സ്പോർട്സ് കൗൺസിലിൽ നിന്ന് ആറ്റിങ്ങിൽ സർക്കാർ കോളേജിന് ലഭിച്ച റാങ്ക് ലിസ്റ്റ് പ്രകാരം ബിരുദം (യു.ജി) സ്പോർട്സ് ക്വാട്ട സീറ്റിലേക്കുള്ള പ്രവേശനത്തിന് സ്പോർട്സ് കൗൺസിൽ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളവർ 23ന് രാവിലെ 11ന് മുമ്പ് യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസലുമായി കോളജിൽ എത്തണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.
സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ഫാർമസി; വ്യക്തിഗത വിവരങ്ങൾ പ്രസിദ്ധീകരിച്ചു
തിരുവനന്തപുരം, കോഴിക്കോട് ഗവ. ഹോമിയോ മെഡിക്കൽ കോളേജുകളിൽ 2024ലെ സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ഫാർമസി (ഹോമിയോപ്പതി) കോഴ്‌സ് പ്രവേശനത്തിന് അപേക്ഷ സമർപ്പിച്ചവരുടെ പ്രാഥമിക പരിശോധനയ്ക്കു ശേഷമുള്ള വിവരങ്ങൾ www.lbscentre.kerala.gov.in ൽ പ്രസിദ്ധീകരിച്ചു.
അപേക്ഷാർഥികൾ വെബ്‌സൈറ്റിൽ ലോഗിൻ ചെയ്ത് ഇവ പരിശോധിക്കണം. ആവശ്യപ്പെട്ട രേഖകൾ 24ന് വൈകിട്ട് 5നകം സമർപ്പിക്കണം. ആവശ്യപ്പെട്ട രേഖകൾ അപ്‌ലോഡ് ചെയ്യാത്തവരുടെ അപേക്ഷ നിരസിക്കും. കൂടുതൽ വിവരങ്ങൾക്ക്: 0471-2560363, 364.