ഏഴ് കോടി രൂപ ചെലവഴിച്ച് നടപ്പാക്കുന്ന ചാലിയം മാതൃക മത്സ്യഗ്രാമം പദ്ധതിയിൽ മത്സ്യതൊഴിലാളികളുടെ സമഗ്രവികസനം ലക്ഷ്യമിട്ട് 9 വിവിധ പദ്ധതികൾ.

കോഴിക്കോട്: ഏഴ് കോടി രൂപ ചെലവഴിച്ച് നടപ്പാക്കുന്ന ചാലിയം മാതൃക മത്സ്യഗ്രാമം പദ്ധതിയിൽ മത്സ്യതൊഴിലാളികളുടെ സമഗ്രവികസനം ലക്ഷ്യമിട്ട് 9 വിവിധ പദ്ധതികൾ. പദ്ധതിക്ക് 7 കോടിയുടെ ഭരണാനുമതി ലഭിച്ചതായി
ഇതുസംബന്ധിച്ച് തിങ്കളാഴ്ച ജില്ലാ കളക്ടറുടെ ചേംബറിൽ ചേർന്ന യോഗത്തിൽ പൊതുമരാമത്ത്, വിനോദസഞ്ചാര വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് അറിയിച്ചു.

47 ലക്ഷം വകയിരുത്തിയ, ചാലിയം ഫിഷ് ലാൻഡിംഗ് കേന്ദ്രത്തോട് അനുബന്ധിച്ചുള്ള സ്ഥലങ്ങളുടെ വികസനമാണ് ആദ്യ പദ്ധതി. ഇവിടെ
ആധുനിക രീതിയിൽ ഫ്രീസർ യൂണിറ്റും ഡിസ്പ്ലേ റാക്കും ഉൾപ്പെടെയുള്ള മത്സ്യവിൽപ്പന സ്റ്റാളുകൾ ഫിഷിങ് കണ്ടയിനറുകളിലാണ് വിഭാവനം ചെയ്തിരിക്കുന്നത്. ഒരു കണ്ടയിനറിന് 9 ലക്ഷം രൂപ ചെലവിൽ നാല് കണ്ടയിനറുകൾ സ്ഥാപിക്കും. ഓൺലൈൻ മത്സ്യവിപണനത്തിന് 4 സ്കൂട്ടറുകളും നൽകും.

കടലുണ്ടി ഗ്രാമപഞ്ചായത്തിലെ കപ്പലങ്ങാടിയിൽ 250.93 ലക്ഷം ചെലവിൽ ഫിഷറീസ് ട്രെയിനിംഗ്-കം-റിഹാബിലിറ്റേഷൻ കേന്ദ്രമാണ് രണ്ടാമത്തെ പദ്ധതി.

മത്സ്യത്തൊഴിലാളി വനിതകൾക്കായി ഫിഷ് വെന്റിംഗ് പദ്ധതിയാണ് മറ്റൊന്ന്. 84 ലക്ഷത്തിന്റെ പദ്ധതി സ്വയംസഹായ ഗ്രൂപ്പുകൾ, സാഫ് ഗ്രൂപ്പുകൾ എന്നിവരെ ഉദ്ദേശിച്ചാണ്.

ഫിഷ് ലാൻഡിങ് കേന്ദ്രത്തിന്റെ അനുബന്ധ സ്ഥലത്ത് 29 ലക്ഷം രൂപ ചെലവിൽ ബോട്ട് റിപ്പയർ കേന്ദ്രം (ഔട്ട്‌ബോർഡ് മോട്ടോർ റിപ്പയർ കേന്ദ്രം) ആണ് അടുത്ത പദ്ധതി. നിലവിൽ തിരൂരിൽ പോയി വേണം ബോട്ട് അറ്റകുറ്റപ്പണി നടത്താൻ.

ഐസ് ബോക്സ് സൗകര്യമുള്ള 50 ഇ-സ്കൂട്ടറുകൾ മത്സ്യതൊഴിലാളികൾക്കും വനിതാ മത്സ്യതൊഴിലാളികൾക്കും വിതരണം ചെയ്യുന്നതാണ് വേറൊന്ന്. മത്സ്യഗ്രാമത്തിലെ 100 പേർക്ക് ഐസ് ബോക്സ് വിതരണം, തീരശോഷണം തടയാൻ പദ്ധതി, കൃത്രിമ പാര്
നിർമ്മാണം എന്നിവയാണ് ശേഷിച്ച പദ്ധതികൾ.

കപ്പലങ്ങാടിയിലെ ഫിഷറീസ് ട്രെയിനിംഗ്-കം-റിഹാബിലിറ്റേഷൻ കേന്ദ്രത്തിൽ
മത്സ്യത്തൊഴിലാളികൾക്കുള്ള പരിശീലനം, അത്യാവശ്യഘട്ടത്തിൽ പുനരധിവാസ കേന്ദ്രമായി ഉപയോഗിക്കൽ എന്നിവയ്ക്ക് പുറമേ ഇത് മത്സ്യത്തൊഴിലാളികളുടെ സാംസ്കാരിക കേന്ദ്രമായും മാറ്റും.

മത്സ്യബന്ധന മേഖലയിലെ അനുബന്ധ തൊഴിലാളികൾക്കാണ് ഐസ് ബോക്സ് സൗകര്യമുള്ള ഇ-സ്കൂട്ടറുകളും ഐസ് ബോക്സുകളും വിതരണം ചെയ്യുക.
ഈ പദ്ധതിയും ഉടൻ പ്രാവർത്തികമാക്കും.

തീരശോഷണം തടയാനുള്ള കോസ്റ്റൽ ബയോഷീൽഡിങ് പദ്ധതിപ്രകാരം തീരത്ത് കണ്ടലോ കാറ്റാടിമരങ്ങളോ നട്ടുപിടിപ്പിക്കും.

ചാലിയം മത്സ്യഗ്രാമം തീരത്തുനിന്ന് 10-15 മീറ്റർ ദൂരത്താണ് കടലിൽ കൃത്രിമ പാര്
സൃഷ്ടിക്കുക. പരമ്പരാഗത മത്സ്യത്തൊഴിലാളികളെ ഉദ്ദേശിച്ച്
ഇത്തരത്തിൽ 150 പാരുകളാണ് നിർമ്മിക്കുക. ആഴക്കടലിൽ പോകാതെ തന്നെ ചൂണ്ടയിട്ടു മീൻ പിടിക്കാൻ പാര് ഉപകരിക്കും. കേരളത്തിൽ മുമ്പ് തിരുവനന്തപുരത്തും കൊല്ലത്തും മാത്രമാണ് കൃത്രിമ പാരുകൾ തീർത്തത്.

ഈ പദ്ധതികൾക്ക് പുറമെ മത്സ്യഗ്രാമം പദ്ധതിയുടെ ഭാഗമായി ചാലിയം, പുലിമുട്ട് എന്നിവിടങ്ങളിൽ പാർക്കിംഗിന് അധികസ്ഥലം ഒരുക്കും.
106.70 ലക്ഷം രൂപയാ ണ് ചെലവ് കണക്കാക്കുന്നത്.

ചാലിയം മാതൃക മത്സ്യഗ്രാമം പദ്ധതിക്കായി നോഡൽ ഓഫീസറെ നിയമിക്കുമെന്ന് മന്ത്രി റിയാസ് അറിയിച്ചു. ചാലിയം ഹാർബറിൽ പുറത്തുനിന്നുള്ളവരുടെ അനധികൃത പെട്ടിക്കടകൾ ഉടൻ തന്നെ നീക്കം ചെയ്യും.

യോഗത്തിൽ കടലുണ്ടി ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ബിന്ദു പച്ചാട്ട്, ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിംഗ്, ഡെപ്യൂട്ടി കളക്ടർ പി എൻ പുരുഷോത്തമൻ, ഫിഷറീസ് വകുപ്പ് ജോയിന്റ് ഡയറക്ടർ ബി കെ സുധീർ കിഷൻ, മത്സ്യഫഡ് ജില്ലാ മാനേജർ ഇ മനോജ്‌, ഡിഎഫ്ഒ ആഷിക് അലി, ഹാർബർ എഞ്ചിനീയറിങ് വകുപ്പ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ടി ജയദീപ്, സി ആദർശ്, വില്ലേജ് ഓഫീസർ പി കെ രേഖ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!