വിലങ്ങാട്: പ്രത്യേക അദാലത്തിൽ 102 രേഖകൾ പുന:സൃഷ്ടിച്ച് നൽകി, രേഖകൾ നഷ്ടപ്പെട്ടവർക്ക് ആശ്വാസമായി

വിലങ്ങാട്: വിലങ്ങാട് ഉരുൾപ്പൊട്ടലിൽരേഖകൾ നഷ്ടപ്പെട്ടവർക്ക് ആശ്വാസമായി പ്രത്യേക അദാലത്ത്. വിലങ്ങാട് പാരിഷ് ഹാളിൽ വെള്ളിയാഴ്ച നടന്ന പ്രത്യേക അദാലത്തിൽ 102 രേഖകൾ തത്സമയം പുന:സൃഷ്ടിച്ച് വിതരണം ചെയ്തു. 78 അപേക്ഷകൾ പരിശോധിച്ച് പിന്നീട് നൽകാനായി മാറ്റി. വിവിധ രേഖകളുമായി ബന്ധപ്പെട്ട 180 അപേക്ഷകളായിരുന്നു അദാലത്തിൽ ആകെ ലഭിച്ചത്.

രാവിലെ 10ന് ആരംഭിച്ച അദാലത്തിൽ വിവിധ വകുപ്പുകളുടെ 10 കൗണ്ടറുകളും രണ്ട് ഹെൽപ്പ് ഡെസ്കുകളും പ്രവർത്തിച്ചു. ഭക്ഷ്യ സുരക്ഷ, റവന്യൂ, തദ്ദേശ സ്വയംഭരണം, മൃഗ സംരക്ഷണം, അക്ഷയ, കൃഷി, രജിസ്ട്രേഷൻ, ബാങ്ക്, മറ്റുള്ളവ തുടങ്ങിയ കൗണ്ടറുകളാണ് പ്രവർത്തിച്ചത്.

13 റേഷൻ കാർഡ്, 22 വോട്ടർ ഐഡി, 23 ജനന, മരണ സർട്ടിഫിക്കറ്റുകൾ തുടങ്ങിയവ അദാലത്തിൽ വെച്ചുതന്നെ അനുവദിച്ചു.

ഗതാഗത വകുപ്പ് കൗണ്ടറിൽ ആർസി, ലൈസൻസ് എന്നിവയുമായി ബന്ധപ്പെട്ട് ലഭിച്ച 19 അപേക്ഷകളിൽ 16 എണ്ണം പരിഹരിച്ചു. അക്ഷയ-28,
കൃഷി-4, പട്ടയം-3, മൃഗസംരക്ഷണം-7, രജിസ്ട്രേഷൻ-8, ബാങ്ക്-12, മറ്റുള്ളവ-41 എന്നിങ്ങനെയാണ് വിവിധ കൗണ്ടറുകളിൽ ലഭിച്ച അപേക്ഷകൾ.

റേഷൻ കാർഡ്, വോട്ടർ ഐഡി കാർഡ്, ജനന, മരണ സർട്ടിഫിക്കറ്റുകൾ, താൽക്കാലിക ആർ സി ബുക്ക്, താൽക്കാലിക ലൈസൻസ് തുടങ്ങിയ രേഖകൾ അതിവേഗത്തിലാണ് പുന:സൃഷ്ടിച്ച് നൽകിയത്.

അദാലത്തിൻ്റെ ഉദ്ഘാടനം റേഷൻ കാർഡ് കൈമാറി ഇ കെ വിജയൻ എംഎൽഎ നിർവഹിച്ചു. വാണിമേൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സൽമ രാജു അധ്യക്ഷത വഹിച്ചു.

വാണിമേൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് പി സുരയ്യ, വാർഡ് മെമ്പർ ഝാന്‍സി,
വടകര ആർഡിഒ പി അൻവർ സാദത്ത്, ഡെപ്യൂട്ടി കളക്ടർ (ദുരന്തനിവാരണം) എസ് സജീദ്, വടകര തഹസിൽദാർ എം ടി സുഭാഷ് ചന്ദ്രബോസ് എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!