ഇന്ത്യന്‍ ഹോക്കി ടീമിന്റെ ഗോള്‍ കീപ്പറും മലയാളിയുമായ പി ആര്‍ ശ്രീജേഷിന് വെങ്കലത്തിളക്കത്തോടെ പടിയിറക്കം.
പാരിസ്: ഇന്ത്യന്‍ ഹോക്കി ടീമിന്റെ ഗോള്‍ കീപ്പറും മലയാളിയുമായ പി ആര്‍ ശ്രീജേഷിന് വെങ്കലത്തിളക്കത്തോടെ പടിയിറക്കം. പാരിസ് ഒളിംപിക്‌സോടെ വിരമിക്കല്‍ പ്രഖ്യാപിച്ച പി ആര്‍ ശ്രീജേഷിന് വീരോചിതമായ യാത്രയയപ്പാണ് ഇന്ത്യന്‍ ടീം നല്‍കിയത്. വെങ്കലമെഡല്‍ പോരാട്ടത്തിലും ഇന്ത്യയുടെ വന്മതിലായ ശ്രീജേഷ് നിര്‍ണായക സേവുകളുമായി കളംനിറഞ്ഞു.
ഇന്ത്യ കണ്ട ഏറ്റവും മികച്ച ഗോള്‍കീപ്പറുകളില്‍ ഒരാളാണ് പടിയിറങ്ങുന്നത്. നിരവധി റെക്കോര്‍ഡുകളുമായി മലയാളികള്‍ക്കും അഭിമാനമാവുകയാണ് പി ആര്‍ ശ്രീജേഷ്. ഒളിംപിക്‌സില്‍ തുടര്‍ച്ചയായ രണ്ടാം വെങ്കലമെഡലാണ് ഇന്ത്യ സ്വന്തമാക്കിയത്. കഴിഞ്ഞ ടോക്കിയോ ഒളിംപിക്‌സിലും ശ്രീജേഷിന്റെ മികവിലാണ് ഇന്ത്യ വെങ്കലം നേടി മെഡല്‍ വരള്‍ച്ചയ്ക്ക് വിരാമമിട്ടത്. ഇതോടെ രണ്ട് ഒളിംപിക്‌സ് മെഡല്‍ കരസ്ഥമാക്കുന്ന ആദ്യ മലയാളി താരമെന്ന റെക്കോര്‍ഡും ശ്രീജേഷ് സ്വന്തമാക്കി.
ടൂർണമെന്‍റിലുടനീളം ശ്രീജേഷ് എന്ന ഉരുക്കുകോട്ട ഇന്ത്യയുടെ രക്ഷകനാവുന്നതിന് കായികലോകം സാക്ഷ്യം വഹിച്ചതാണ്. സ്‌പെയിനിനെതിരായ വിജയത്തിലും ശ്രീജേഷിന്റെ സേവുകള്‍ നിര്‍ണായകമായി. വെങ്കലപ്പോരാട്ടത്തില്‍ സ്‌പെയിന്‍ പലപ്പോഴും ഗോളിനടുത്ത് വരെ എത്തിയെങ്കിലും ശ്രീജേഷിനെ മറികടക്കാന്‍ സാധിച്ചില്ല. മത്സരത്തിലുടനീളം മിന്നും സേവുകളുമായി ശ്രീജേഷ് കളം നിറഞ്ഞു. അവസാന നിമിഷങ്ങളില്‍ സ്പെയ്നിന് ലഭിച്ച പെനാല്‍റ്റി കോര്‍ണര്‍ അവിശ്വസനീയമായി ശ്രീജേഷ് രക്ഷപ്പെടുത്തി. ഇതോടെ ഒന്നിനെതിരെ രണ്ട് ഗോളുകളുടെ വിജയത്തോടെ നീലപ്പട വെങ്കലമെഡല്‍ നിലനിര്‍ത്തി.