ഗർഭിണിയായ പശുവിനെ വിറ്റ് പണം ദുരിതാശ്വാസ നിധിയിലേക്ക് നൽകി 76-കാരൻ

കോഴിക്കോട്: വയനാടിന് കൈത്താങ്ങാകാൻ ഗർഭിണിയായ പശുവിനെ വിറ്റ് പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി 76-കാരൻ. കോഴിക്കോട് നന്മണ്ട സ്വദേശി ആശാരിപടിക്കൽ എ പി ശ്രീധരനാണ് തന്റെ ആറ് മാസം ഗർഭിണിയായ നാടൻ ഇനത്തിലുള്ള പശുവിനെ തിങ്കളാഴ്ച വിറ്റ് പണം സമാഹരിച്ചത്.

നന്മണ്ട കർഷകസംഘത്തിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇക്കാര്യം പറഞ്ഞപ്പോൾ തന്നെ ആവശ്യക്കാർ എത്തി 17,000 രൂപയ്ക്ക് വിലയുറപ്പിച്ചു. കർഷകസംഘം ജില്ലാ നേതാവും കൺസ്യൂമർഫെഡ് ചെയർമാനുമായ എം മെഹബൂബ് ശ്രീധരനിൽ നിന്നും പശുവിനെ ഏറ്റുവാങ്ങി.

ഒരു പശുക്കിടാവ് കൂടി സ്വന്തമായുള്ള ശ്രീധരൻ മുൻപ് തെങ്ങുകയറ്റ തൊഴിലാളിയായിരുന്നു. പ്രായമായതിനാൽ ഇപ്പോൾ തെങ്ങ് കയറാറില്ല. “പെട്ടെന്ന് എടുക്കാൻ പണം ഇല്ലാത്തതിനാലാണ് പശുവിനെ വിൽക്കുക എന്ന തീരുമാനത്തിലെത്തിയത്. ഗർഭിണിയായ പശുവായതിനാൽ വാങ്ങുന്നവർ ആരായാലും അറവുകാർക്ക് നൽകാതെ വളർത്തുകയും ചെയ്യും,” ശ്രീധരൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!