ഉരുള്‍പൊട്ടലുണ്ടായ മേഖല സന്ദര്‍ശിച്ച് ലെഫ്. കേണല്‍ മോഹന്‍ലാല്‍, മോഹന്‍ലാല്‍ ഭാഗമായ വിശ്വശാന്തി ഫൗണ്ടേഷനില്‍ നിന്ന് പുനരധിവാസത്തിന് മൂന്ന് കോടി രൂപ പ്രഖ്യാപിച്ചു
![]()

![]()
മുണ്ടക്കൈ: ഉരുൾപൊട്ടലുണ്ടായ മേഖല സന്ദർശിച്ച് ലെഫ്. കേണൽ മോഹൻലാൽ. അദ്ദേഹം പ്രവർത്തിക്കുന്ന മദ്രാസ് ഇന്‍ഫെന്ററി ബറ്റാലിയനിലെ ഉദ്യോഗസ്ഥര്‍ക്കും മേജർ രവിയ്ക്കുമൊപ്പമാണ് ദുരന്തമുഖത്ത് എത്തിയത്. ദുരിതബാധിത മേഖല സന്ദർശിച്ചുവെന്നും വേദനയുണ്ടെന്നും മോഹൻലാൽ മാധ്യമങ്ങളോട് പറഞ്ഞു. ദുരിതാശ്വസ നിധിയിലേക്ക് സംഭാവന ചെയ്തത് കൂടാതെ മോഹൻലാലും ഭാഗമായുള്ള വിശ്വശാന്തി ഫൗണ്ടേഷനിൽ നിന്ന് പുനരധിവാസത്തിന് മൂന്ന് കോടി രൂപ നല്‍കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. രക്ഷാപ്രവർത്തനത്തിന് ഒപ്പം നിന്ന എല്ലാവരെയും മനസുകൊണ്ട് നമസ്കരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
അവിടെ പോയി കണ്ടാല്‍ മാത്രമെ അതിന്റെ വ്യാപ്തി മനസിലാവുകയുള്ളു. പക്ഷെ നമ്മളെല്ലാവരും ഒരുമിച്ച് ചേര്‍ന്ന് അവരെ സഹായിക്കുന്നു എന്നുള്ളത് വലിയ കാര്യമാണ്. അതില്‍ ഇന്ത്യന്‍ ആര്‍മി, നേവി, കേരള പൊലീസ്, ഫയര്‍ ആന്‍ഡ് റസ്ക്യു, എന്‍ഡിആര്‍എഫ് ആശുപത്രി, ഡോക്ടര്‍മാര്‍, സന്നദ്ധ സംഘടനകള്‍, സാധാരണക്കാര്‍ അങ്ങനെ ഒരു കല്ലെടുത്തു മാറ്റിവെയ്ക്കുന്ന ഒരു കുട്ടിപോലും അതിന്റെ ഭാഗമാകുന്നുണ്ട്. ഇവിടെ ആദ്യമെത്തിയത്, ഞാനും കൂടി ഉള്‍പ്പെടുന്ന 122 ഇന്‍ഫെന്ററി ബറ്റാലിയന് ടി എ മദ്രാസ് ആയിരുന്നു. കഴിഞ്ഞ 16 വര്‍ഷമായി ഞാന്‍ ഈ ബറ്റാലിയനിലാണ് ഉള്ളത്. ഒരുപാട് പേരെ അവര്‍ക്ക് രക്ഷപ്പെടുത്താന്‍ സാധിച്ചു. അവര്‍ മാത്രമല്ല നിരവധി യൂണിറ്റുകള്‍ ഇവിടെയുണ്ട്. അവരെയെല്ലാവരെയും മനസുകൊണ്ട് ഞാന്‍ നമസ്കരിക്കുകയാണ്.
നമുക്കെല്ലാവര്‍ക്കും ചേർന്ന് വളരെ ശക്തമായി നീങ്ങണം. ഇത്തരം പ്രകൃതി ദുരന്തങ്ങൾ ഉണ്ടാകാതിരിക്കാൻ നമുക്കെല്ലാവർക്കും ചേർന്ന് തീരുമാനമെടുക്കണം. ബെയ് ലി പാലം ഉണ്ടാക്കിയത് തന്നെ ഒരു അത്ഭുതമാണ്. ആ പാലം ഇല്ലായിരുന്നുവെങ്കില്‍ ആർക്കും തന്നെ മുകളിലേക്ക് പോകാനോ താഴേക്ക് വരാനോ സാധിക്കുകയില്ലായിരുന്നു. ഈശ്വരന്റെ സഹായം കൂടി ഇതിന്റെ പുറകിലുണ്ടെന്ന് ഞാൻ കരുതുന്നു. ഒരുപാട് പേരെ ഇനിയും കണ്ടെത്താനുണ്ട്. അവരെ കണ്ടെത്താൻ സാധിക്കട്ടെ. ഇവിടെ ഞങ്ങൾക്ക് കുറച്ച് സ്ഥലമുണ്ട് അവിടെ ജോലി ചെയ്തവരും മരിച്ചു പോയി. നഷ്ടമായതിനെ തിരിച്ചെടുക്കാൻ സാധിക്കില്ല. ഇനി എന്ത് ചെയ്യാൻ സാധിക്കുമെന്ന് നമ്മൾ തന്നെയാണ് ആലോചിക്കേണ്ടത്.
ഞാനുമായി കൈകോർത്തിരിക്കുന്ന വിശ്വശാന്തി ഫൗണ്ടേഷനിൽ നിന്ന് ഇവിടുത്തെ പുനരധിവാസത്തിന് വേണ്ടി ഇപ്പോൾ മൂന്ന് കോടി രൂപ കൊടുക്കാൻ പോവുകയാണ്. അതിന് ശേഷം സ്ഥിതിഗതികൾ നിരീക്ഷിച്ചതിന് ശേഷം വീണ്ടും തുക ആവശ്യമുണ്ടെങ്കിൽ വിശ്വശാന്തി ഫൗണ്ടേഷൻ തുക നൽകുന്നതാണ്. നിലവിൽ മൂന്ന് കോടി രൂപയുടെ പ്രോജക്ട് ആണ് പ്രഖ്യാപിക്കുന്നത്.
ഏത് സ്ഥലമാണെങ്കിലും എനിക്ക് ഒരുപോലാണ്. സങ്കടമുണ്ട്. രക്ഷാപ്രവർത്തനത്തിനിറങ്ങിയ എല്ലാവരോടും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി അറിയിക്കുന്നു. ഇന്ത്യ കണ്ട ഏറ്റവും വലിയ ദുരന്തമാണിത്. അതുകൊണ്ടുതന്നെ ഈ ദുരന്തത്തെയും അതിന്റേതായ രീതിയിൽ പരിഗണിക്കേണ്ടതുണ്ട്.
വിശ്വശാന്തി ഫൗണ്ടേഷന്റെ മാനേജിങ് ഡയറക്ടർ കൂടിയായ മേജർ രവി പറഞ്ഞത്;
നിങ്ങൾ ചോദിച്ചില്ലേ ലാലേട്ടനോട് ഇത് അറിയുന്ന സ്ഥലമല്ലേ എന്ന്, ഞങ്ങൾ പൊയ്ക്കൊണ്ടിരിക്കുന്ന സമയത്ത് മുണ്ടക്കൈയിലെ ആ സ്കൂൾ കണ്ടപ്പോൾ ലാലേട്ടന്റെ കണ്ണ് നിറയുന്നത് ഞാൻ കണ്ടു. അതുകൊണ്ട് വിശ്വശാന്തി ഫൗണ്ടേഷന്റെ മാനേജിങ് ഡയറക്ടർ എന്ന നിലയില്‍ അദ്ദേഹത്തോട് ചോദിക്കാതെ തന്നെ ആ സ്കൂൾ വീണ്ടും പുനര്‍നിര്‍മ്മിക്കാനുള്ള ഉത്തരവാദിത്തം കൂടി വിശ്വശാന്തി ഏറ്റെടുത്തിരിക്കുകയാണ്.
![]()

![]()

![]()

![]()

![]()

![]()

![]()

