വിലങ്ങാട് ഉരുൾപൊട്ടലിൽ കാണാതായ മാത്യുവിന്റെ മൃതദേഹം കണ്ടെത്തി, ജില്ലയിൽ 80 ദുരിതാശ്വാസ ക്യാംപുകളിലായി 4481 പേർ



മഴക്കെടുതിയെ തുടർന്ന് ജില്ലയിലെ നാല് താലൂക്കുകളിൽ ആരംഭിച്ച 80 ദുരിതാശ്വാസ ക്യാംപുകളിൽ കഴിയുന്നത് 4481 പേർ. കുടുംബങ്ങൾ വീടുകളിലേക്ക് തിരികെ പോയതിനെ തുടർന്ന് പത്ത് ക്യാംപുകൾ ഒഴിവാക്കി.
അതിനിടെ, കഴിഞ്ഞ ദിവസം വിലങ്ങാട് ഉരുൾപ്പൊട്ടലിൽ കാണാതായ മാത്യൂ ( 61)വിൻ്റെ മൃതദേഹം കണ്ടെത്തി. അപകടമുണ്ടായ സ്ഥലത്ത് നിന്നും ഒരു കിലോമീറ്റർ അകലെയുള്ള പത്താംമൈലിൽ പുഴക്കരയിലെ പറമ്പിലാണ് മൃതദേഹം കണ്ടെത്തിയത്. രാവിലെ പത്തുമണിയോടെ മൃതദേഹം കണ്ടെത്തിയെങ്കിലും പാറക്കിടയിൽ കുടുങ്ങിയ നിലയിലായതിനാൽ ശ്രമകരമായ ദൗത്യത്തിന് ശേഷം ഉച്ചയോടെയാണ് ദൗത്യ സംഘവും നാട്ടുകാരും ചേർന്ന് മൃതദേഹം പുറത്തെടുത്തത്. സംഭവ സ്ഥലത്ത്
എം എൽഎമാരായ ഇ കെ വിജയൻ, കെ പി കുഞ്ഞമ്മദ്കുട്ടി മാസ്റ്റർ, ബ്ലോക്ക് പഞ്ചായത്ത്, പഞ്ചായത്ത് അധ്യക്ഷൻമാർ തുടങ്ങിയവർ സന്നിഹിതരായിരുന്നു. കുമ്പളച്ചോല എൽ.പി സ്കൂൾ റിട്ട. അധ്യാപകനായിരുന്നു മഞ്ഞച്ചീളി സ്വദേശി കുളത്തിങ്കൽ മാത്യു എന്ന മത്തായി.
താമരശ്ശേരി താലൂക്കിലെ 14 ക്യാംപുകളിൽ 296 കുടുംബങ്ങളിൽ നിന്നായി 744 പേരും, കൊയിലാണ്ടി താലൂക്കിലെ 13 ക്യാംപുകളിൽ 266 കുടുംബങ്ങളിൽ നിന്നായി 731 പേരും, വടകര താലൂക്കിലെ 10 ക്യാംപുകളിൽ 350 കുടുംബങ്ങളിൽ നിന്നുള്ള 1288 പേരും, കോഴിക്കോട് താലൂക്കിലെ 43 ക്യാംപുകളിൽ 572 കുടുംബങ്ങളിൽ നിന്നുള്ള 1718 പേരുമാണ് കഴിയുന്നത്.
ശക്തമായ മഴയെ തുടർന്ന് താമരശ്ശേരി താലൂക്കിൽ 5 വീടുകൾ ഭാഗികമായും ഒരു വീട് പൂർണ്ണമായും തകർന്നു. രയരോത്ത് വില്ലേജിലെ കുന്നുമ്മൽ രാധയുടെ വീടാണ് പൂർണമായി തകർന്നത്.
കൊടുവള്ളി വലിയപറമ്പ് കിഴക്കോത്ത് വില്ലേജിലെ പൊന്നുംതോറമലയില്‍ മണ്ണിടിച്ചിൽ ഭീഷണി നിലനിൽക്കുന്നതിനാൽ മലയുടെ താഴ്ഭാഗത്ത് താമസിക്കുന്ന മുന്നൂറോളം കുടുംബങ്ങളെ ബന്ധുവീടുകളിലേക്കും മറ്റും മാറ്റിപ്പാർപ്പിച്ചു.
കക്കാട് വില്ലേജ് കാരശ്ശേരി പഞ്ചായത്ത് പറ്റാർച്ചോല, വലിയ കുന്ന് പ്രദേശത്ത്
മണ്ണിടിച്ചിൽ ഭീഷണിയെ തുടർന്ന്
കുന്നിൻ ചെരിവിലും, താഴെയുമുള്ള
16 കുടുംബങ്ങളെ ബന്ധു വീട്ടിലേക്കും, നാല് കുടുംബങ്ങളെ ആനയാകുന്ന് ഗവ. എൽപി സ്കൂളിലേക്കും മാറ്റിപ്പാർപ്പിച്ചു.














